Asianet News MalayalamAsianet News Malayalam

നാല് ദിവസത്തിന് ശേഷം തിരിച്ചുകയറി ഇന്ത്യന്‍ ഓഹരി വിപണി; ആവേശത്തില്‍ നിക്ഷേപകര്‍ !

ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ ഇന്നലെ ഇറക്കിയ പ്രസ്താവന പ്രകാരം ചൊവ്വാഴ്ച 1,749 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Indian stock market report positive sign, 19 Feb. 2020
Author
Mumbai, First Published Feb 19, 2020, 11:21 AM IST

മുംബൈ: കഴിഞ്ഞ നാല് ദിവസത്തെ തളര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വ്യാപാര മുന്നേറ്റം. ഏഷ്യന്‍ വിപണികളിലുണ്ടായ മുന്നേറ്റമാണ് പ്രധാനമായും ഇന്ത്യന്‍ ഓഹരി വിപണികളെയും സ്വാധീനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം 400 പോയിന്‍റ് ഉയര്‍ന്ന് 41,309.67 പോയിന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റം പ്രകടമാണ്. നിഫ്റ്റി 120 പോയിന്‍റ് ഉയര്‍ന്ന് 12,111.20 എന്ന നിലയിലാണിപ്പോള്‍ വ്യാപാരം മുന്നേറുന്നത്. ഫിനാന്‍ഷ്യല്‍, ഊര്‍ജ്ജ, ഓട്ടോമൊബൈല്‍, ഫാര്‍മ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് പ്രധാനമായും ഇന്ത്യന്‍ വിപണികളെ തുണച്ചത്. 

കൊറോണ വൈറസ് പുതിയ ആളുകളിലേക്ക് പകരുന്നതില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തതാണ് ഏഷ്യന്‍ വിപണികളിലെ മുന്നേറ്റത്തിന് കാരണം. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ ഇന്നലെ ഇറക്കിയ പ്രസ്താവന പ്രകാരം ചൊവ്വാഴ്ച 1,749 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച ഇത് 1,886 കേസുകളായിരുന്നു. പുതിയ വൈറസ് ബാധയുടെ എണ്ണത്തിലുണ്ടായ കുറവ് ശുഭസൂചനയാണെന്നാണ് വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏഷ്യന്‍ വിപണികളില്‍ മുന്നേറ്റമുണ്ടായത്. 

കൊറോണ വൈറസ് ബാധ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം വ്യവസായ പ്രതിനിധികളുടെ യോഗം ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ചതും ഇന്ത്യന്‍ ഓഹരി വിപണികളുടെ ശുഭാപ്തി വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios