മുംബൈ: എസ്ഐപി (വ്യവസ്ഥാപിതമായ നിക്ഷേപ പദ്ധതി) വഴിയുളള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എക്കാലത്തെയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ടുള്ള കുതിപ്പ് തുടരുന്നു. വിപണിയിലെ ഓഹരി അധിഷ്ഠിത ഫണ്ടുകളും ബാലന്‍സ്ഡ് ഫണ്ടുകളുമാണ് നിക്ഷേപകരില്‍ അധികവും ശ്രദ്ധ കേന്ദ്രീകരിച്ചത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇടിവോടെയാണ് എസ്ഐപികള്‍ തുടങ്ങിയതെങ്കിലും മെയ് മാസത്തില്‍ നിക്ഷേപങ്ങള്‍ ഒന്‍പത് ശതമാനം വര്‍ദ്ധിച്ച് 7,304 കോടിയായി കയറി. 

ഏപ്രില്‍ മാസത്തില്‍ 6,690 കോടിയാണ് നിക്ഷേപമായെത്തിയത്. മെയ് മാസത്തെക്കാള്‍ 614 കോടി രൂപയുടെ കുറവാണുണ്ടായത്. എണ്ണവിലയിലെ ചാഞ്ചാട്ടവും, കര്‍ണ്ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഭീഷണിയായി നില്‍ക്കുമ്പോഴും വളര്‍ച്ചയെ ഇതൊന്നും ബാധിച്ചില്ലെന്നത് ആശ്വാസകരമാണ്. ഓഹരി നിക്ഷേപങ്ങള്‍ സൗഹാര്‍ദ്ദമാവുന്നതിന്‍റെ ശുഭസൂചനയായാണ് ഇതിനെ നിക്ഷേപ നിരീക്ഷണ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്.