Asianet News MalayalamAsianet News Malayalam

ത്രില്ലടിപ്പിച്ച് 'അഞ്ചാം പാതിരാ': റിവ്യൂ

പഴുതുകളില്ലാതെ ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സംവിധായകന് സാധിച്ചു. 

anjam pathira review
Author
Kochi, First Published Jan 10, 2020, 6:24 PM IST

മികച്ച ത്രില്ലര്‍ സിനിമകളെ എക്കാലവും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. ദൃശ്യവും മെമ്മറീസും തമിഴ് ചിത്രം രാക്ഷസനുമെല്ലാം പ്രേക്ഷക സ്വീകാര്യതയാല്‍ ഇവിടെ വലിയ വിജയം നേടിയ ചിത്രങ്ങളാണ്. അത്തരത്തിലുള്ള ചിത്രങ്ങളുടെ ശ്രേണിയിലേക്ക് കസേര വലിച്ചിട്ടിരിക്കുന്ന ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ 'അഞ്ചാം പാതിരാ'.anjam pathira review

 

ആട് അടക്കമുള്ള കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മിഥുന്‍ മാനുവല്‍ തോമസ് അഞ്ചാം പാതിരാ തുടങ്ങിയ സമയം ഫേസ്ബുക്കില്‍ കുറിച്ചത്  ഇങ്ങനെയായിരുന്നു 'ഏറ്റവും ഇഷ്ടമുള്ള ത്രില്ലര്‍ ജോണറിലേയ്ക്ക് ഇത്തവണ ചുവട് വെക്കുന്നു'. ഏതായാലും മിഥുന്റെ ചുവടുമാറ്റം പിഴച്ചില്ല, മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍ അനുഭവം തന്നെയാണ് സംവിധായകന്‍ സമ്മാനിച്ചിരിക്കുന്നത്. പഴുതുകളില്ലാതെ ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സംവിധായകന് സാധിച്ചു. ഒരു ഡാര്‍ക്ക് സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം  എല്ലാ ചേരുവകളും കൂട്ടിയിണക്കിയ ഗംഭീര ത്രില്ലറാണ്

.anjam pathira review

കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്‌റ് ആയ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെയും ആ കഥാപാത്രം നടത്തുന്ന ഒരു ഇന്‍വെസ്റ്റിഗേഷനെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. സസ്‌പെന്‍സ് ഒട്ടും ചേരാതെ വേഗത കൈവരിച്ച് മുന്നോട്ട് പോകുന്ന ചിത്രം രണ്ടാം പകുതി പിന്നിടുന്നതോടെ കൂടുതല്‍ ആകാംക്ഷ നിറയ്ക്കുന്നു. സാങ്കേതികമായി മികച്ച നിലവാരം പുലര്‍ത്തുന്ന ചിത്രം ദൃശ്യങ്ങള്‍ കൊണ്ടും ശബ്ദവിന്യാസം കൊണ്ടും മികച്ചു നില്‍ക്കുന്നു. എടുത്തു പറയേണ്ടത് സുഷിന്‍ ശ്യാമിന്റ പശ്ചാത്തല സംഗീതമാണ്. സിനിമയുടെ മൂഡിനനുസരിച്ച് ഒരേസമയം ഭീതിയും ആകാംക്ഷയും നിറക്കാന്‍  സുഷിന്‍ ശ്യാമിനായി.

anjam pathira review

കുഞ്ചാക്കോ ബോബന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി അന്‍വര്‍ ഹുസൈനെ അടയാളപ്പെടുത്താം. അന്വേഷണ ത്വരയുള്ള സൈക്കോളജിസ്റ്റായി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ചാക്കോച്ചന് സാധിച്ചിട്ടുണ്ട്. ഡിസിപി കാതറിനായി ഉണ്ണിമായ പ്രസാദും എസിപി അനിലായി ജിനു ജോസഫും മികച്ച പ്രകടനം കാഴ്ച്ചവച്ചിരിക്കുന്നു. രണ്ടു സീനില്‍ മാത്രം വന്ന ഇന്ദ്രന്‍സ് അഭിനയ പ്രതിഭയാല്‍ ഞെട്ടിച്ചു. ശ്രീനാഥ് ഭാസിയുടെയും ജാഫര്‍ ഇടുക്കിയുടെയും ഗംഭീര പ്രകടനവും തീയേറ്ററില്‍ കൈയടി നേടുന്നു. ചിത്രത്തിന്റെ ടോണും ഫീലും നിലനിര്‍ത്തിയുള്ള ഷൈജു ഖാലിദിന്റെ ക്യാമറയും  സൈജു ശ്രീധരന്റെ എഡിറ്റിംഗും ചിത്രത്തെ കൂടുതല്‍  മനോഹരമാക്കുന്നുണ്ട്.
തുടക്കം മുതല്‍ ഉദ്വേഗം നിലനിര്‍ത്തി പ്രേക്ഷകരെ ഒപ്പം സഞ്ചരിപ്പിക്കുന്ന ത്രില്ലര്‍ എന്ന നിലയില്‍ പൂര്‍ണ്ണവിജയമാണ് അഞ്ചാം പാതിരാ. ആഖ്യാനരീതിയും പശ്ചാത്തല സംഗീതവും കഥാപാത്രങ്ങളുടെ പ്രകടനവും ചിത്രത്തെ കൂടുതല്‍ കരുത്തുറ്റ ത്രില്ലറാക്കുന്നു. മലയാളത്തിലെ ത്രില്ലര്‍ വിഭാഗങ്ങളുടെ കൂട്ടത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ചിത്രം തന്നെയാണ്  'അഞ്ചാം പാതിരാ'.

anjam pathira review

 

Follow Us:
Download App:
  • android
  • ios