പാറി പറക്കുകയാണ് നിറമില്ലാത്ത ബലൂണുകള്‍... രണ്ട് കുരുന്നുകള്‍ ആ ബലൂണുകള്‍ പറത്തി സന്തോഷത്തോടെ കളിയില്‍ ഏര്‍പ്പെടുന്നു. എന്നാല്‍, ഇത് കാണുന്ന അവരുടെ അച്ഛന്‍ ശകാരിച്ച ശേഷം ആ ബലൂണുകള്‍ കുത്തിപ്പൊട്ടിക്കുകയാണ്. ടിബറ്റന്‍ എഴുത്തുകാരനും സംവിധാകനുമായ പേമ സേഡന്‍റെ ബലൂണ്‍ എന്ന സിനിമ ആരംഭിക്കുന്നത് ഇങ്ങനെയാണ്...

ടിബറ്റിലെ മലനിരകളില്‍ ജീവിക്കുന്നവരുടെ കഷ്ടപ്പാടിന്‍റെ കഥയാണ് 102 മിനിറ്റുകള്‍ നീളുന്ന സിനിമയിലൂടെ പേമ സേഡന്‍ വരച്ചിടുന്നത്. കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ക്കും ഒപ്പം ബുദ്ധ വിശ്വാസങ്ങളുടെയും ഇടയിലൂടെ കടന്ന് പോകുമ്പോള്‍ ഒരു ജനത പ്രത്യേകിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ കൃത്യമായി പ്രേക്ഷകനോട് സംവദിക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്. 

ഡാര്‍ഗ്യേ, ഭാര്യ ഡ്രോള്‍ക്കര്‍ എന്നിവര്‍ കുടുംബമായി കഴിയുന്നത് ടിബറ്റന്‍ മലനിരകളിലാണ്. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. മൂത്ത മകന്‍ ജാംയാംഗ് സ്കൂള്‍ വിദ്യാഭ്യാസത്തിനായി പുറത്തും രണ്ട് ചെറിയ കുട്ടികളും ഒപ്പം മുത്തച്ഛനും വീട്ടിലുമുണ്ട്. ചെമ്മരിയാടുകളെ വളര്‍ത്തിയാണ് കുടുംബം ജീവിക്കുന്നത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ ഡാര്‍ഗ്യേ ഏറെ പണിപ്പെടുന്നുണ്ട്. 

ഇതിനിടെ രണ്ട് കുട്ടികള്‍ അറിയാതെ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ കുടംബത്തിന് അപമാനമുണ്ടാക്കുന്നു. മൂന്ന് കുട്ടികള്‍ ഉള്ളതിനാല്‍ ഡ്രോള്‍ക്കര്‍ ഭര്‍ത്താവുമായി ബന്ധപ്പെടുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാറുണ്ട്. പ്രദേശത്തെ ക്ലിനിക്കില്‍ നിന്ന് വനിത ഡോക്ടര്‍ നല്‍കുന്ന കോണ്ടം ആണ് ഗര്‍ഭിണി ആകുന്നത് ഒഴിവാക്കാനായി  ഡ്രോള്‍ക്കര്‍ ആശ്രയിക്കുന്നത്. എന്നാല്‍, ആ ചെറിയ വീട്ടില്‍ കൊണ്ട് വയ്ക്കുന്ന കോണ്ടം ബലൂണ്‍ ആണെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ എടുക്കുന്നു. 

അയല്‍വാസിയായ കുട്ടിയുമായി ഒരു വിസില്‍ സ്വന്തമാക്കാന്‍ കുട്ടികള്‍ ബലൂണ്‍ കൈമാറുന്നിടത്താണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. വീര്‍പ്പിച്ച കോണ്ടവുമായി വീട്ടില്‍ കുട്ടി എത്തുന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത ആ ഗൃഹനാഥന്‍ പിറ്റേന്ന് ഡാര്‍ഗ്യേയുമായി വാക്കുത്തര്‍ക്കവും അടിപിടിയും ഉണ്ടാക്കുന്നു. ലൈംഗിക കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ സാധിക്കാത്ത, പുറത്തറിഞ്ഞാല്‍ വലിയ പ്രശ്നമായി കാണുന്ന ഒരു സമൂഹത്തിന്‍റെ എല്ലാ വ്യാകുലതകളും ഇത്തരത്തില്‍ സംവിധാകന്‍ തുറന്ന് പറയുന്നു.

മുന്നോട്ട് പോകുന്ന കഥയില്‍ ഡാര്‍ഗ്യേയുടെ അച്ഛന്‍ മരിക്കുന്നു. ബുദ്ധ വിശ്വാസം അനുസരിച്ച് ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ ആ കുടുംബത്തില്‍ തന്നെ പുനര്‍ജനിക്കും. എന്നാല്‍, മൂന്ന് കുട്ടികള്‍ ഉള്ളതിനാല്‍ എങ്ങനെ അച്ഛന് പുനര്‍ജന്മം ഉണ്ടാകുമെന്നത് ആ കുടുംബത്തിന് മുന്നില്‍ ഒരു ചോദ്യമാകും. പക്ഷേ, ഡ്രോള്‍ക്കര്‍ ഗര്‍ഭിണി ആകുന്നതോടെ ഈ ചോദ്യത്തിന് ഒരു ഉത്തരവുമുണ്ടാകും.

പക്ഷേ, മൂന്ന് കുട്ടികള്‍ എന്ന നിയമം അടിച്ചേല്‍പ്പിച്ചിരിക്കുന്നതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ ഡ്രോള്‍ക്കര്‍ വിഷമഘട്ടത്തിലാവുകയാണ്. ആ കുട്ടി ജനിച്ചാല്‍ നിയമം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, ഒപ്പം ഒരു വയറ് കൂടി എങ്ങനെ കഴിഞ്ഞു പോകുമെന്ന ആശങ്ക, മറിച്ച് ഗർഭഛിദ്രം നടത്തിയാല്‍ മുത്തച്ഛന്‍റെ പുനര്‍ജന്മമെന്ന വിശ്വാസം. കുട്ടി ജനിക്കണമെന്ന ഡാര്‍ഗ്യേയുടെ ആവശ്യവും കൂടി എത്തുന്നതോടെ ഡ്രോള്‍ക്കറിന് മുന്നില്‍ ജീവിതത്തിന്‍റെ മുന്നോട്ടുള്ള വഴി ദുസഹമാകുന്നു.

2018ല്‍ ജിന്‍പാ എന്ന സിനിമയിലൂടെ വെനീസില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയ സംവിധായകന്‍ പേമ സേഡന്‍റെ മറ്റൊരു മികച്ച ആവിഷ്കാരമാണ് ബലൂണ്‍. കൃത്യമായ രാഷ്ട്രീയം പറഞ്ഞു പോകുമ്പോള്‍ വിശ്വാസങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഇടയില്‍ അകപ്പെട്ടിരിക്കുന്ന സ്ത്രീ ജീവിതങ്ങളുടെ ആകുലതകള്‍ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ഐഎഫ്എഫ്കെ 2019ലെ ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.