മലയാളിയുടെ ജീവിതത്തില്‍ മതം എക്കാലത്തേക്കാളും കൂടുതല്‍  മേല്‍ക്കൈ നേടുന്ന കാലത്ത് അവന്റെ/ അവളുടെ പ്രണയജീവിതം എന്തായിരിക്കും? മിശ്രവിവാഹിതര്‍ക്ക് ഇക്കാലത്ത് കൂടുതലായി നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്? മതം വിഭജനങ്ങളുടെ പുതിയ വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന കാലത്ത് പ്രണയത്തിലൂടെ മാനവികതയെ തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്ന ചിത്രത്തിന്റേത്. 'സീന്‍ ഒന്ന് നമ്മുടെ വീട്' (2012) എന്ന ചിത്രത്തിന് ശേഷം ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികാനായകന്മാരെ അവതരിപ്പിച്ചിരിക്കുന്നത് പ്രയാഗ മാര്‍ട്ടിനും ദീപക് പറമ്പോലുമാണ്.

 

പ്രണയത്തിന്റെ കാല്‍പനികതയില്‍ ഊന്നിയ ചിത്രമെന്നാവും പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍നിന്ന് പ്രേക്ഷകര്‍ ധരിച്ചിരിക്കുകയെങ്കിലും ഗൗരവമുള്ള പ്രമേയ പരിസരമാണ് 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിന്റേത്. അതേസമയം ആസ്വാദ്യകരമായ ഒരു പ്രണയകഥ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വെക്കുന്നുമുണ്ട് ചിത്രം. ബാല്യകാലം മുതലേ സൗഹൃദത്തിലായവരാണ് 'അമ്മൂട്ടി' എന്ന അഹമ്മദ് കുട്ടിയും അന്നയും. കൗമാരദശയില്‍ ആരംഭിച്ച പ്രണയം യൗവനത്തിന്റെ കലാലയ കാലത്തിലേക്കും നീളുന്നു. കോളെജ് കാലത്ത് യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ അഹമ്മദ് നാട്ടിലും വീട്ടിലും സ്വീകാര്യതയുള്ള ആളുമാണ്. അവരുടെ അടുപ്പവും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അപ്രതീക്ഷിതമായെത്തുന്ന ചില പ്രതിബന്ധങ്ങള്‍ അഹമ്മദിന്റെയും അന്നയുടെയും ജീവിതങ്ങളുടെതന്നെ ദിശ മാറ്റുകയാണ്. ഒരു സാധാരണ പ്രണയചിത്രമെന്ന തോന്നലുളവാക്കി പകുതിദൂരമെത്തിയതിന് ശേഷം ഗൗരവപൂര്‍വ്വമായ യഥാര്‍ഥപ്രമേയത്തിലേക്ക് വഴിതിരിയ്ക്കുകയാണ് ചിത്രം.

വ്യക്തി എന്ന നിലയില്‍ മനുഷ്യനെ പലപ്പോഴും പരിഗണിക്കാതിരിക്കുന്ന മതത്തിന്റെയും പൗരോഹിത്യത്തിന്റെയും ഇരുണ്ട വശങ്ങള്‍ കാട്ടിത്തരുന്നുണ്ട് ചിത്രം. അഹമ്മദും അന്നയും രണ്ട് മതത്തില്‍ പെട്ടവരാണെന്നത് പ്രേക്ഷകര്‍ ശ്രദ്ധിക്കുകപോലും ചെയ്യുക ഇരുവരുടെയും മതപരിസരം പ്രമേയത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്ന രണ്ടാംപകുതിയില്‍ ആയിരിക്കും. മതപൗരോഹിത്യം മനുഷ്യനുനേരെ എക്കാലവും ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്കും സാധിക്കാതെവരുന്നതോടെ സങ്കീര്‍ണതകളിലൂടെ കടന്നുപോവുകയാണ് അഹമ്മദും അന്നയും. ഈ വെല്ലുവിളികളെ അവര്‍ എങ്ങനെ അതിജീവിക്കും, അഥവാ അതിജീവിക്കുമോ എന്ന ചോദ്യത്തിലേക്കാണ് ചിത്രം പിന്നീട് പ്രേക്ഷകരുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.

 

ദീപക് പറമ്പോലിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുതന്നെയാണ് അഹമ്മദ് കുട്ടി. നാട്ടിലും ക്യാമ്പസിലുമൊക്കെ ഒരേപോലെ സ്വീകാര്യതയുള്ള, ഫുട്‌ബോളിലും സംഗീതത്തിലുമൊക്കെ താല്‍പര്യമുള്ള അഹമ്മദിനെ ആദ്യകാഴ്ചയില്‍ത്തന്നെ വിശ്വസനീയമാക്കുന്നുണ്ട് ദീപക്. അന്നയായി പ്രയാഗ മാര്‍ട്ടിന്റേതും മികച്ച കാസ്റ്റിംഗ് ആണ്. രണ്ടാംപകുതിയിലെ, വൈകാരികമായും ചിന്താപരമായുമൊക്കെ ജീവിതത്തിന്റെ തികച്ചും വേറിട്ട മറ്റൊരു ഘട്ടത്തില്‍ നില്‍ക്കുന്ന അഹമ്മദിനെയും അന്നയെയും ഇരുവരും ഗംഭീരമായി അവതരിപ്പിച്ചു. അഹമ്മദിന്റെ അച്ഛന്റെ വേഷത്തിലെത്തിയ ഇന്ദ്രന്‍സ്, അമ്മയായെത്തിയ അഞ്ജു അരവിന്ദ്, അന്നയുടെ അച്ഛന്റെ വേഷത്തിലെത്തിയ സുധീഷ്, അഹമ്മദിന്റെ സുഹൃത്ത് ജാഫര്‍ ആയെത്തിയ അഭിഷേക് രവീന്ദ്രന്‍, സിഐയുടെ വേഷത്തിലെത്തിയ ഷൈന്‍ ടോം ചാക്കോ തുടങ്ങി ചിത്രത്തില്‍ മൊത്തത്തിലുള്ള കാസ്റ്റിംഗും നന്നായി. സച്ചിന്‍ ബാലു സംഗീതം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ സിനിമയുടെ മൂഡിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണ്. 

പ്രണയത്തില്‍ ആരംഭിച്ച് പ്രണയത്തില്‍ അവസാനിക്കുമ്പോഴും, നായികാനായകന്മാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിതത്വങ്ങളിലൂടെ നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ ചില പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് 'ഭൂമിയിലെ മനോഹര സ്വകാര്യ'മെന്ന ചിത്രം. നമുക്ക് മുന്നിലേക്ക് അവഗണിക്കാനാവാത്ത ചില ചോദ്യങ്ങള്‍ എറിയുന്നുമുണ്ട് അത്.