Asianet News MalayalamAsianet News Malayalam

മനസ് കീഴടക്കുന്ന 'പട്ടാളം'; 'എടക്കാട് ബറ്റാലിയന്‍ 06' റിവ്യൂ

പി ബാലചന്ദ്രന്റെ തിരക്കഥയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ടാണ് നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ബാലചന്ദ്രന്റെ രചന സംവദിക്കാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളുണ്ട്. അവ എല്ലാം 'സ്പൂണ്‍ ഫീഡിംഗ്' ആവാതിരിക്കാനുള്ള ശ്രമവുമുണ്ട് ചിത്രത്തില്‍.
 

Edakkad Battalion 06 review
Author
Thiruvananthapuram, First Published Oct 18, 2019, 5:48 PM IST

ഒരു പട്ടാള വേഷത്തില്‍ ആദ്യമായി ടൊവീനോ. തിരക്കഥയൊരുക്കിയിരിക്കുന്നത്, 'ഉള്ളടക്കം' മുതല്‍ 'കമ്മട്ടിപ്പാടം' വരെ ശ്രദ്ധേയ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച പി ബാലചന്ദ്രന്‍. 'തീവണ്ടി'ക്കും 'കല്‍ക്കി'ക്കും ശേഷം ടൊവീനോയ്‌ക്കൊപ്പം സംയുക്ത മേനോന്‍. സംവിധാനം നവാഗതനായ സ്വപ്‌നേഷ് കെ നായര്‍. റിലീസിന് മുന്‍പ് നായകനടനും തിരക്കഥാകൃത്തുമൊക്കെ പറഞ്ഞതുപോലെ ഒരു പട്ടാളക്കഥയല്ല, മറിച്ച് ഒരു പട്ടാളക്കാരന്റെ കഥയാണ് പേരില്‍ കൗതുകവുമായെത്തിയ 'എടക്കാട് ബറ്റാലിയന്‍ 06' പറയുന്നത്.

ലീവിന് സ്വന്തം നാടായ എടക്കാട് എത്തിയിരിക്കുന്ന ക്യാപ്റ്റന്‍ ഷഫീഖ് മുഹമ്മദിന്റെ (ടൊവീനോ തോമസ്) ചുറ്റുപാടുകളിലേക്കാണ് സിനിമയുടെ തുടക്കത്തില്‍ സംവിധായകന്‍ പ്രേക്ഷകരുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. ഉമ്മയും ബാപ്പയും അനുജത്തിയുമൊക്കെയായി (രേഖ, പി ബാലചന്ദ്രന്‍, ദിവ്യ പിള്ള) ഇഴയടുപ്പമുള്ള ബന്ധമാണ് ഷഫീഖിന്റേത്. വ്യക്തിബന്ധങ്ങള്‍ക്കപ്പുറത്ത് നാട്ടിലും പൊതുസ്വീകാര്യതയുള്ള കുടുംബമാണ് അയാളുടേത്. നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവാചാരവുമായി ബന്ധപ്പെട്ട് തലമുറകളായി സഹകരിക്കുന്ന കുടുംബം എന്നതാണ് അതിന് ഒരു കാരണം. സലിം കുമാര്‍ അവതരിപ്പിക്കുന്ന സ്‌കൂള്‍ അധ്യാപകനും സുഹൃത്ത് 'ശങ്കരനും' (നിര്‍മല്‍ പാലാഴി) അയാളുടെ കുടുംബവുമൊക്കെയാണ് വീട്ടിന് പുറത്ത് ഷഫീഖിന്റെ അടുപ്പക്കാര്‍.

Edakkad Battalion 06 review

നാട്ടിലെ അറിയപ്പെടുന്ന ബിരിയാണി വെപ്പുകാരനായ ബാപ്പയുടെ ആഗ്രഹത്തെ മറികടന്ന് പട്ടാളത്തിലെത്തിയ ആളാണ് ഷഫീഖ്. കരസേനയില്‍ ക്യാപ്റ്റന്‍ റാങ്കിലെത്തിയതിന് ശേഷവും ആ ജോലി അവസാനിപ്പിച്ച്, നാട്ടിലെത്തി തനിക്കൊപ്പം നിന്നുകൂടേ എന്ന് ചോദിക്കുന്ന ആളാണ് ഷഫീഖിന്റെ ബാപ്പ. ലീവ് സമയത്തെ പതിവ് പരിചയം പുതുക്കലുകള്‍ക്കിടയില്‍ ഷഫീഖിന്റെ ശ്രദ്ധ നാട്ടിലെ മറ്റുചില വിഷയങ്ങളിലേക്ക് പതിയുകയാണ്. ഒരു പട്ടാളക്കാരന്‍ എന്ന നിലയിലും ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയിലും താന്‍ അടിയന്തിരമായി ഇടപെടേണ്ട വിഷയങ്ങളാണ് അവയെന്ന് ഷഫീഖ് തിരിച്ചറിയുന്നു. ഒരു അവധിക്കാലത്ത് സ്വന്തം നാട്ടിലെത്തുന്ന ക്യാപ്റ്റന്‍ ഷഫീഖ് മുഹമ്മദ് നാട്ടിലുണ്ടാക്കുന്ന സ്വാധീനമാണ് 'എടക്കാട് ബറ്റാലിയന്‍ 06'ന്റെ പ്രമേയ പരിസരം.

വിശ്വസനീയമായ ചുറ്റുപാടുകളും ഏച്ചുകെട്ടലുകളില്ലാത്ത സന്ദര്‍ഭങ്ങളും പി ബാലചന്ദ്രന്‍ ഒരുക്കിയിരിക്കുന്ന തിരക്കഥയുടെ പ്രത്യേകതകളാണ്. കൃത്രിമത്വം തോന്നിപ്പിക്കുന്ന ട്വിസ്റ്റുകള്‍ക്ക് പകരം കൗതുകകരമായ അപ്രതീക്ഷിതത്വങ്ങള്‍ ചിത്രത്തിന്റെ കഥപറച്ചിലില്‍ ആദ്യാവസാനമുണ്ട്. അതിനാവട്ടെ നര്‍മ്മത്തിന്റെ നേര്‍ത്ത മേമ്പൊടിയും. ലീവിനെത്തിയ പട്ടാളക്കാരന്റെ നാട്ടിലെ ഇടപെടല്‍ ചിലപ്പോഴൊക്കെ മോഹന്‍ലാല്‍ നായകനായ സത്യന്‍ അന്തിക്കാട് ചിത്രം 'പിന്‍ഗാമി'യെ ഓര്‍മ്മിപ്പിച്ചേക്കും, കഥയില്‍ സാമ്യങ്ങളൊന്നും ഇല്ലെങ്കിലും. 

Edakkad Battalion 06 review

ടൊവീനോയിലെ അഭിനേതാവിന് അത്രത്തോളം വെല്ലുവിളി ഉയര്‍ത്താത്ത, ഏറെക്കുറെ അദ്ദേഹത്തെ സേഫ് സോണില്‍ത്തന്നെ നിര്‍ത്തുന്ന കഥാപാത്രമാണ് ക്യാപ്റ്റന്‍ ഷഫീഖ് മുഹമ്മദ്. അതേസമയം ആദ്യത്തെ പട്ടാളവേഷം അദ്ദേഹം മനോഹരമാക്കിയിട്ടുമുണ്ട്. കഥാപാത്രസൃഷ്ടിയിലെ വൈദഗ്ധ്യം കൊണ്ടും ടൊവീനോയുടെ പ്രകടനം കൊണ്ടും കണ്ടിരിക്കുന്നവര്‍ക്ക് അടുപ്പമുണ്ടാകുന്ന ആളാണ് ക്യാപ്റ്റന്‍ ഷഫീഖ്. നായകനൊപ്പമുള്ള ഉപകഥാപാത്രങ്ങളുടെ കാസ്റ്റിംഗും നന്നായിട്ടുണ്ട് ചിത്രത്തില്‍. ഷഫീഖിന്റെ ബാപ്പയായി എത്തിയ പി ബാലചന്ദ്രന്‍, 'തിത്തുമ്മ'യായി എത്തിയ സരള ബാലുശ്ശേരി, നിര്‍മ്മല്‍ പാലാഴിയുടെ ശങ്കരന്‍, അളിയനായെത്തിയ സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരൊക്കെ നന്നായിട്ടുണ്ട്. നാട്ടില്‍ ഷഫീഖിന് അതൃപ്തി തോന്നുന്ന ചെറുപ്പക്കാരുടെ സംഘത്തിന്റെ താരനിര്‍ണയവും നന്നായിട്ടുണ്ട്. സംയുക്ത വീണ്ടും ഒരു ടൊവീനോ ചിത്രത്തില്‍ നായികയായി എത്തുമ്പോഴും ആ സ്‌ക്രീന്‍ കെമിസ്ട്രി ബോറടിപ്പിക്കുന്ന ഒന്നല്ല.

Edakkad Battalion 06 reviewEdakkad Battalion 06 review

പി ബാലചന്ദ്രന്റെ തിരക്കഥയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ടാണ് നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ബാലചന്ദ്രന്റെ രചന സംവദിക്കാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളുണ്ട്. അവ എല്ലാം 'സ്പൂണ്‍ ഫീഡിംഗ്' ആവാതിരിക്കാനുള്ള ശ്രമവുമുണ്ട് ചിത്രത്തില്‍. ഒരു മണിക്കൂര്‍ 51 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒരിക്കല്‍പ്പോലും നരേഷനിടെ അതിന്റെ ഫോക്കസ് നഷ്ടപ്പെടുത്തുന്നില്ല. 

Follow Us:
Download App:
  • android
  • ios