ഒന്നരമാസമായി വീട്ടില്‍ നിന്ന് കാണാതാവുന്ന ഭർത്താവിനെ തേടി ഭാര്യ നടത്തുന്ന അന്വേഷണമാണ് 'എവിടെ'. വൈവിധ്യമാർന്ന കഥകൾകൊണ്ട് സീരിയല്‍ രംഗത്ത് ശ്രദ്ധേയനായ കെ കെ രാജീവ് സംവിധാനം ചെയ്‍ത ചിത്രം കുടുംബപശ്ചാത്തലത്തിലൊരുങ്ങിയ സസ്പെൻസ് ത്രില്ലറാണ്. 

ഒരു മലയോര ഗ്രാമത്തിലെ അറിയപ്പെടുന്ന  സിംഫണി ഗായകനാണ് സക്കറിയ. നാട് മുഴുവൻ ചുറ്റിക്കറങ്ങുന്ന സക്കറിയ മാസങ്ങൾ കൂടുമ്പോളാണ് വീട്ടിലെത്തുന്നത്. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷമായി ഒരു ദിവസം  സക്കറിയയെ കാണാതാവുന്നത്. ഭാര്യയും രണ്ടു മക്കളുമുള്ള സക്കറിയുടെ കുംടുംബം പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നു. സക്കറിയയുടെ തിരോധാനം മൂലം കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‍നംങ്ങളും സക്കറിയ  എവിടെപ്പോയി എന്ന  ചോദ്യത്തിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്.

പതിഞ്ഞ താളത്തിലുള്ള തുടക്കത്തില്‍ നിന്ന് ചിത്രം പെട്ടെന്ന് തന്നെ വേഗതയാർന്ന ട്രാക്കിലേക്ക് എത്തുന്നു. ഇടകലരുന്ന ആഖ്യാനത്തിലൂടെ കാഴ്‍ചക്കാരിൽ ത്രില്ലർ അനുഭവം കൊണ്ടുവരാൻ ചിത്രത്തിന്റെ കഥയ്‍ക്കായിട്ടുണ്ട്. ഏകകേന്ദ്രീകൃതമായ കഥയൊഴുക്കുകളിൽ നിന്ന് മാറി,  എല്ലാവരും പ്രധാന കഥാപാത്രങ്ങളാവുന്ന  കാഴ്‍ചയാണ് ചിത്രത്തിലുള്ളത്.

ഉയരെ എന്ന ചിത്രത്തിനുശേഷം ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ  കഥ ഒരുങ്ങിരിക്കുന്നത്. കൃഷ്‍ണന്‍ സി ഒരുക്കിയ ചിത്രത്തിന്റെ  തിരക്കഥ സസ്പെൻസ് എലമെൻസ് നിലനിർത്തി മുന്നോട്ടുപോവാൻ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.

ആശ ശരത്തിന്റെ  ജെസി എന്ന കഥാപാത്രത്തിലൂടെയാണ്  ചിത്രത്തിന്റെ  യാത്ര. മികവുറ്റ അഭിനയമുഹൂർത്തവുമായി മികച്ച പ്രകടനമാണ് ആശ ശരത് കാഴ്‍ചവയ്ക്കുന്നത്.  ഭർത്താവ് നഷ്‍ടപ്പെട്ട ഭാര്യയുടെ അവസ്ഥയിലൂടെയും  മക്കളുടെ മുന്നിൽ നിസഹയാകയാവുന്ന അമ്മയായും പ്രേക്ഷകരെ വിസ്‍മയിപ്പിക്കാൻ ആശയ്‍ക്കായി. ബൈജുവിന്റെ  സൈമൺ എന്ന പൊലീസ് കഥാപാത്രം   സമീപകാലത്തെ ബൈജുവിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. മനോജ് കെ ജയന്‍, പ്രേം പ്രകാശ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങൾ  അവരവരുടെ വേഷങ്ങൾ മികവുറ്റതാക്കി .നൗഷാദ് ഷെരീഫിന്റെ ഫ്രയിമുകൾ ഇടുക്കിയുടെ മലയോര ഗ്രാമഭംഗി മികവുറ്റതാക്കി.ഔസേപ്പച്ചൻ ഒരുക്കിയ ഗാനങ്ങളും മികച്ചു നിന്നു.