Asianet News MalayalamAsianet News Malayalam

പൊള്ളയല്ല ഈ 'പ്രണയകഥ'; ഇഷ്‌ക് റിവ്യൂ

'കുമ്പളങ്ങി നൈറ്റ്‌സി'ലെ 'ബോബി'ക്ക് ശേഷം പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഷെയ്ന്‍ നിഗം കഥാപാത്രമാണ് 'സച്ചി'. ജീവിതപശ്ചാത്തലവും തൊഴിലുമൊക്കെ മാറ്റിനിര്‍ത്തിയാല്‍ കാമുകന്മാര്‍ എന്ന തരത്തില്‍ ഇരുവര്‍ക്കും സാമ്യമുണ്ട്. തന്റെ സ്‌ക്രീന്‍ ഇമേജില്‍ ആവര്‍ത്തിക്കപ്പെടുന്ന ചില മാനറിസങ്ങള്‍ ഇവിടെയും ഉള്ളപ്പോള്‍ത്തന്നെ, കണ്ടിരിക്കെ ഒരിക്കല്‍പ്പോലും 'സച്ചി', 'ബോബി'യെ ഓര്‍മ്മിപ്പിക്കുന്നില്ല എന്നത് ഷെയ്‌നിലെ നടന്റെ വിജയമാണ്.

ishq movie review
Author
Thiruvananthapuram, First Published May 17, 2019, 5:52 PM IST

റിലീസിന് മുന്‍പെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ മറ്റൊരു പ്രണയകഥയുടെ ആവിഷ്‌കാരമെന്ന് തോന്നിപ്പിച്ചെങ്കിലും ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം 'ഇഷ്‌കി'ന്റെ ടാഗ്‌ലൈന്‍ 'ഒരു പ്രണയകഥയല്ല' എന്നായിരുന്നു. ആ ടാഗ്‌ലൈന്‍ വസ്തുതയാണ്. സാധാരണമായി മാറാവുന്ന ഒരു പ്രണയകഥയെ പശ്ചാത്തലത്തില്‍ നിര്‍ത്തി നമ്മുടെ സമൂഹത്തില്‍ ഏറെ കാലികപ്രാധാന്യമുള്ള ഒരു വിഷയത്തിനൊപ്പം വേറിട്ട സഞ്ചാരം നടത്തുകയാണ് തന്റെ ആദ്യ ചിത്രത്തിലൂടെ അനുരാജ് മനോഹര്‍. 'കുമ്പളങ്ങി നൈറ്റ്‌സി'ലെ ശ്രദ്ധേയ പ്രകടനത്തിന് ശേഷമെത്തുന്ന, ഷെയ്ന്‍ നിഗത്തിന്റെ സോളോ നായക കഥാപാത്രം എന്നതായിരുന്നു 'ഇഷ്‌കി'ന്റെ യുഎസ്പി. ആ പ്രതീക്ഷ നിറവേറപ്പെട്ടോ എന്നും മൊത്തത്തില്‍ സിനിമ എങ്ങനെയുണ്ടെന്നും പരിശോധിക്കാം.

'സദാചാരത്തിന്റെ സംരക്ഷണത്തിന്' എന്ന പേരില്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചുകടക്കുന്ന, 'സദാചാര പൊലീസിംഗ്' എന്ന് മാധ്യമങ്ങള്‍ പേരിട്ട മനുഷ്യത്വ വിരുദ്ധതയെ ഒരു സാധാരണ പ്രണയകഥയിലേക്ക് പ്ലേസ് ചെയ്തിരിക്കുകയാണ് അനുരാജ് മനോഹര്‍. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന സച്ചി എന്ന സച്ചിദാനന്ദനും കോട്ടയം സിഎംഎസ് കോളെജിലെ ഒന്നാംവര്‍ഷ എംഎ വിദ്യാര്‍ഥിനിയായ വസുധയുമാണ് 'ഇഷ്‌കി'ലെ പ്രണയജോഡി. വസുധയുടെ പിറന്നാള്‍ദിനത്തില്‍ ഒരുമിച്ച് നടത്തുന്ന ഒരു കാര്‍ യാത്ര അപ്രതീക്ഷിത അനുഭവങ്ങളിലേക്കാണ് അവരെ കൊണ്ടുചെന്നെത്തിക്കുന്നത്.

ishq movie review

സിനിമാറ്റിക് റിയലിസത്തില്‍ നിന്നുകൊണ്ടുള്ള ഒരു സാധാരണ പ്രണയചിത്രം എന്ന തോന്നലുളവാക്കുന്ന തുടക്കമാണ് ചിത്രത്തിന്റേത്. പതിഞ്ഞ താളത്തില്‍ നായികാനായകന്മാരെയും നായകന്റെ ചുറ്റുപാടിനെയും സംവിധായകന്‍ പരിചയപ്പെടുത്തുന്നു. പ്ലോട്ട് പരിചയപ്പെടുത്തിയതിന് ശേഷം മധുരക്കൂടുതലുള്ള മറ്റൊരു ഫീല്‍ ഗുഡ് ചിത്രം എന്ന തോന്നലില്‍ പ്രേക്ഷകര്‍ എത്തുമ്പോഴേക്കാണ് ചിത്രം പൊടുന്നനെ ഗിയര്‍ ഷിഫ്റ്റ് ചെയ്യുക. ക്ലൈമാക്‌സ് വരെയുള്ള മുഴുവന്‍ സമയവും ഒരിക്കല്‍പ്പോലും ബോറടിപ്പിക്കാത്ത, അങ്ങേയറ്റം എന്‍ഗേജിംഗ് ആയ സിനിമാറ്റിക് അനുഭവമായി ചിത്രത്തെ മാറ്റുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. സിനിമ അതിന്റെ പ്രധാന പ്ലോട്ടിലേക്ക് പ്രവേശിച്ച ശേഷം ഒരിക്കല്‍ പോലും സ്‌ക്രീനില്‍നിന്ന് കണ്ണെടുക്കാന്‍ ആവാത്തവിധം പ്രേക്ഷകരെ പിടിച്ചിരുത്താനാവുന്നുണ്ട് ആദ്യചിത്രത്തിലൂടെ അനുരാജ് മനോഹറിന്.

ഷെയ്ന്‍ നിഗത്തെപ്പോലെ താരപ്രഭാവത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഒരു നടനെ നായകനായി ലഭിച്ചത് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട് സംവിധായകന്‍. 'സച്ചിദാനന്ദന്‍' ഷെയ്‌നിന്റെ സ്‌ക്രീന്‍ ഇമേജ് ഉപയോഗപ്പെടുത്തിയുള്ള കഥാപാത്രമായിരിക്കുമ്പോള്‍ത്തന്നെ പറയുന്ന കാര്യത്തിനേക്കാള്‍ പ്രാധാന്യം നായകനില്ല, അതുപോലെ മറ്റ് കഥാപാത്രങ്ങള്‍ക്കും. ഏറെ കാലികപ്രസക്തിയുള്ള പ്ലോട്ട് അതര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട് അനുരാജ്. സിനിമാറ്റോഗ്രഫിയും എഡിറ്റിംഗും സംഗീതവുമൊക്കെ പ്ലോട്ടില്‍ നിന്നുള്ള ഫോക്കസ് കൈവിടാത്ത വിധമാണ്. അന്‍സാര്‍ഷായുടെ ഛായാഗ്രഹണവും കിരണ്‍ ദാസിന്റെ എഡിറ്റിംഗുമൊക്കെ അത്തരത്തില്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. ജേക്‌സ് ബിജോയ്‌യുടെ ഈണങ്ങള്‍ ചിലയിടത്ത് ഇമ്പമുള്ളതായിരിക്കുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ മിസ്‌പ്ലേസ്ഡ് ആയും തോന്നി.

ishq movie review

'കുമ്പളങ്ങി നൈറ്റ്‌സി'ലെ 'ബോബി'ക്ക് ശേഷം പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഷെയ്ന്‍ നിഗം കഥാപാത്രമാണ് 'സച്ചി'. ജീവിതപശ്ചാത്തലവും തൊഴിലുമൊക്കെ മാറ്റിനിര്‍ത്തിയാല്‍ കാമുകന്മാര്‍ എന്ന തരത്തില്‍ ഇരുവര്‍ക്കും സാമ്യമുണ്ട്. തന്റെ സ്‌ക്രീന്‍ ഇമേജില്‍ ആവര്‍ത്തിക്കപ്പെടുന്ന ചില മാനറിസങ്ങള്‍ ഇവിടെയും ഉള്ളപ്പോള്‍ത്തന്നെ, കണ്ടിരിക്കെ ഒരിക്കല്‍പ്പോലും 'സച്ചി', 'ബോബി'യെ ഓര്‍മ്മിപ്പിക്കുന്നില്ല എന്നത് ഷെയ്‌നിലെ നടന്റെ വിജയമാണ്. നായകനൊപ്പമോ അതിനേക്കാളുമോ പ്രാധാന്യമുള്ള കഥാപാത്രമാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന ആല്‍വിന്‍ എന്ന കഥാപാത്രം. ഷൈനും മുന്‍പ് അവതരിപ്പിച്ച ചില നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങളുടെ ഗണത്തില്‍ പെടുന്നതാണെങ്കിലും ഗംഭീര പ്രകടനത്തിലൂടെ ആല്‍വിനെ വ്യക്തിത്വമുള്ളതാക്കിയിട്ടുണ്ട് അദ്ദേഹം. ഈ കഥാപാത്രത്തിന്റെ കാസ്റ്റിംഗ് പാളിപ്പോയിരുന്നെങ്കില്‍ സിനിമ മൊത്തത്തില്‍ ദുര്‍ബലമായിപ്പോകുമായിരുന്നു. 'എസ്ര'യില്‍ 'റോസി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്‍ ശീതളാണ് 'വസുധ' എന്ന നായികയെ അവതരിപ്പിച്ചിരിക്കുന്നത്. വലിയ വൈകാരിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ആ കഥാപാത്രത്തെ കൈയടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ആന്‍.

ishq movie review

കാലികപ്രാധാന്യമുള്ള, ഏറെ സെന്‍സിറ്റീവ് ആയ ഒരു വിഷയത്തെ കൈകാര്യം ചെയ്തപ്പോള്‍ അതിലടങ്ങിയിരിക്കുന്ന രാഷ്ട്രീയത്തെ കൗശലത്തോടെ കൈകാര്യം ചെയ്തിരിക്കുന്നതുപോലെയും തോന്നി. സദാചാര പൊലീസിംഗ് എന്ന പേരിലറിയപ്പെടുന്ന വയലന്‍സിന് പിന്നില്‍ എപ്പോഴും, മുറിവേല്‍ക്കപ്പെടുന്ന ആണ്‍ അഹന്തയാണെന്നാണ് സിനിമ ആത്യന്തികമായി പറയാന്‍ ശ്രമിക്കുന്നത്. പക്ഷേ ക്ലൈമാക്‌സില്‍ സിനിമ അതിന്റെ നിലപാട് വെളിപ്പെടുത്തുംവരേയ്ക്കും നായക, വില്ലന്‍ കഥാപാത്രങ്ങളുടെ അത്തരം അഹന്തകളെ മാത്രമാണ് സിനിമ പിന്തുടരുന്നതും ചിലപ്പോഴെല്ലാം ആഘോഷിക്കുന്നതും. മറിച്ച് അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സ്ത്രീ നേരിടുന്ന വൈകാരിക പ്രതിസന്ധിയെ, ഒരു കഥാപാത്രം മുന്നിലുണ്ടായിട്ടും സിനിമ ഗൗരവത്തോടെ പരിഗണിക്കുന്നില്ല.

ചെടിപ്പിക്കുംവിധം മധുരമുള്ള 'ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറുകളു'ടെയും ഓവര്‍ റേറ്റഡ് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെയും കൂട്ടത്തില്‍ ആശ്വാസം പകരുന്ന കാഴ്ചാനുഭവമാണ് 'ഇഷ്‌ക്'. സമകാലിക മലയാളസിനിമാ കാഴ്ചകളില്‍ പ്രേക്ഷകരെ സംബന്ധിച്ച് എന്‍ഗേജിംഗ് ആയ, ബോറടിപ്പിക്കാത്ത ഒന്ന്.

Follow Us:
Download App:
  • android
  • ios