നവാഗതനായ ജെനിത് കാച്ചപ്പിള്ളി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. പ്രേമം സിനിമയില്‍ നിവിന്‍ പോളിക്കൊപ്പം തിളങ്ങിയ താരനിരയെ പ്രധാനകഥാപാത്രങ്ങളാക്കിയാണ് ജെനിത് തന്‍റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു രാത്രിയുടെ പശ്ചാത്തലത്തില്‍ ഹാസ്യത്തെ തുറന്നുവിടുന്ന അനുഭവമാണ് മറിയം വന്ന് വിളക്കൂതി പ്രേക്ഷകന് മുന്നോട്ടുവെക്കുന്നത്.

ആദ്യ സിനിമ സംവിധായകന് വേറിട്ട ആഖ്യാനത്തിന്‍റെ ക്രഡിറ്റ് നല്‍കുമ്പോള്‍ ഇതിഹാസയുടെ നിര്‍മാതാവില്‍ നിന്നുള്ള അടുത്ത വട്ട് എന്ന അടിക്കുറിപ്പ് ഒന്നൊന്നര ഐറ്റമായി തോന്നാം. മറിയം വന്ന് വിളക്കൂതി എന്ന കുസൃതി പാട്ടോടെ ആരംഭിക്കുന്ന ചിത്രം മറിയം എന്ന കഥാപാത്രത്തിലൂടെയാണ് ആ പേരിലേക്ക് എത്തുന്നത്.  നാല് ബാല്യകാല സുഹൃത്തുക്കള്‍ ഒരു വീട്ടില്‍ ഒത്തുചേരുന്നതാണ് മറിയം വന്ന് വിളക്കൂതിയുടെ ഇതിവൃത്തം. വീടിന്‍റെ ഉടമയാണ് മുന്‍ അധ്യാപിക കൂടിയായ മറിയം. ടോണി കൊണ്ടുവരുന്ന 'മന്ദാകിനി' ആ രാത്രിയെ സംഭവബഹുലമാക്കുകയാണ്. പിന്നീടുള്ള സംഭവങ്ങളും മറിയത്തിന്‍റെ ഇടപെടലുമെല്ലാം പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഇഴചേര്‍ത്ത് കഥപറഞ്ഞിരിക്കുന്നു.

ഇതോടെ സിജു  വില്‍സണും കൃഷ്‍ണ ശങ്കറും ശബരീഷ് വർമ്മയും അൽത്താഫുമൊക്കെ അഭിനയത്തിന്‍റെ മറ്റൊരു തലത്തിലേക്ക് തങ്ങളെ പറിച്ചുനടുകയാണ്. സിജു ഉള്‍പ്പടെയുള്ളവര്‍ക്ക് മലയാളത്തില്‍ ഒരു ബ്രേക്കാകും സിനിമ എന്ന് നിസംശയം പറയാം. കാര്യമായ താരബാഹുല്യങ്ങളൊന്നുമില്ലാത്ത ചിത്രത്തിന്, അതൊരു കുറവായി അനുഭവപ്പെടാത്തത് ഈ യുവസംഘത്തിന്‍റെ അനായാസ വിളയാട്ടമാണ്.  

വേറിട്ട ടൈറ്റിലിലൂടെ സിനിമയിലേക്ക് പ്രേക്ഷകനെ കൈപിടിച്ചുനടത്തുന്ന സംവിധായകന്‍ മുഴുനീള കോമഡി കൊണ്ട് പിടിച്ചിരുത്തുന്നുണ്ട്. ആനിമേഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം അതിന്‍റെ സൂചന ടൈറ്റിലില്‍ നല്‍കുന്നുണ്ട്. മലയാളത്തില്‍ അധികം സുപരിചിതമല്ലാത്ത സ്റ്റോണര്‍ ജോണറിലാണ് സിനിമയൊരുക്കിയിരിക്കുന്നത്. ഇടയ്‌ക്ക് ത്രില്ലര്‍ സ്വഭാവത്തിലേക്ക് സിനിമ സഞ്ചരിക്കുന്നുണ്ട്.  അങ്ങനെയൊരു പുതുമയ്‌ക്ക് അപ്പുറം വേറിട്ട കാഴ്‌ചാനുഭവം നിറയ്‌ക്കാന്‍ സിനിമയ്‌ക്കായിട്ടുണ്ട്. 'കിളി പോയ' അനുഭവം തിയറ്ററില്‍ നിന്നിറങ്ങുന്ന പ്രേക്ഷകനെ അനുഭവിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.

ഏറെക്കുറെ പൂര്‍ണമായും ഒരു വീടിന്‍റെ ഉള്ളില്‍ നടക്കുന്ന കഥയില്‍ കാഴ്‌ചക്കാരന് മുഷിപ്പുതോന്നാത്ത വിധം കഥപറയുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നുപറയാം. സിജു വിൽസണ്‍, കൃഷ്‍ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവര്‍ക്കൊപ്പം സേതുലക്ഷ്‌മിയുടെ മറിയം എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെടുന്നു. മുഴുനീള സാന്നിധ്യമുള്ള നായികാറോള്‍ സേതുലക്ഷ്‌മിക്ക് കരിയറിലെ മറ്റൊരു നാഴികക്കല്ലാണ്. സംവിധായകരായ സിദ്ധാർഥ് ശിവയെയും ബേസിൽ ജോസഫിനെയും  നടന്‍മാരുടെ റോളില്‍  കാണാം.

ഇതിഹാസയിലൂടെ ശ്രദ്ധേയനായ ക്യാമറാമാൻ സിനോജ് പി അയ്യപ്പൻ രാത്രിയെ മനോഹരമാക്കിയിട്ടുണ്ട്. വസീം-മുരളിയുടെ പശ്ചാത്തല സംഗീതവും ശ്രദ്ധേയമാവുന്നു. ആനിമേഷന് പ്രാധാന്യമുള്ള സിനിമയില്‍ സ്റ്റുഡിയോ കോക്കാച്ചിയും മോശമാക്കിയില്ല.

എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കാതെ ചിലതൊക്കെ പ്രേക്ഷകന് വിട്ട് തിയറ്ററില്‍ നിന്ന് കൂടെപോരുന്നുണ്ട് മറിയം വന്ന് വിളക്കൂതി.