കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത യുവതാരമാണ് ഷഹീന്‍ സിദ്ദിഖ്. ആദ്യചിത്രമായ 'പത്തേമാരി' മുതല്‍ അവതരിപ്പിച്ച ചെറുതും വലുതുമായ കഥാപാത്രങ്ങളില്‍ തന്റേതായ ഒരു മുദ്ര പതിപ്പിക്കാന്‍ ആയിട്ടുണ്ട് അദ്ദേഹത്തിന്. ഷഹീന്‍ ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രമാണ് 'ഒരു കടത്ത് നാടന്‍ കഥ'. നവാഗതനായ പീറ്റര്‍ സാജന്‍ സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്. എന്നാല്‍ ഓരോ നിമിഷവും പ്രേക്ഷകരെ ഉദ്വേഗത്തിലൂടെ മാത്രം നയിക്കുന്ന ചിത്രമല്ല, മറിച്ച് നര്‍മ്മത്തിന് കൂടി പ്രാധാന്യമുള്ള സിനിമയാണ് ഒരു കടത്ത് നാടന്‍ കഥ.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരു കുടുംബത്തിലെ എന്‍ജിനീയറിംഗ് ബിരുദധാരിയാണ് ഷഹീന്‍ അവതരിപ്പിക്കുന്ന ഷാനു എന്ന നായക കഥാപാത്രം. തന്റെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ ഒരു തൊഴിലിനായുള്ള കാത്തിരിപ്പിലാണ് അയാള്‍. എന്നാല്‍ ഒരിക്കല്‍ അപ്രതീക്ഷിതമായി കുടുംബത്തെ തേടിയെത്തുന്ന സാമ്പത്തികാവശ്യം നിറവേറ്റാന്‍ വലിയ അപായസാധ്യതയുള്ള ഒരു ഉദ്യമം ഏറ്റെടുക്കുകയാണ് ഷാനു. അതിനായി കോഴിക്കോട് നഗരത്തിലേക്ക് നടത്തുന്ന യാത്രയും അവിടെ അയാളെ കാത്തിരിക്കുന്ന അപ്രതീക്ഷിതത്വങ്ങളുമാണ് രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രം ആക്ഷന്റെയും സസ്‌പെന്‍സിന്റെയും നര്‍മ്മത്തിന്റെയും മേമ്പൊടിയോടെ പറയുന്നത്.

 

പ്രതിനായക കഥാപാത്രങ്ങളിലൂടെ ഇന്ത്യയിലെ മിക്ക ഭാഷാ സിനിമകളിലും ശ്രദ്ധ നേടിയ പ്രദീപ് റാവത്ത് ആണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. 'ബാബ' എന്ന ഒരു അധോലോക നേതാവിനെയാണ് പ്രദീപ് റാവത്ത് അവതരിപ്പിച്ചിരിക്കുന്നത്. പ്രദീപ് റാവത്ത് പ്രത്യക്ഷപ്പെടാത്ത രംഗങ്ങളില്‍പ്പോലും 'ബാബ' എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുന്ന തരത്തിലാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്. അഥവാ ഈ കഥാപാത്രത്തില്‍ ഊന്നിയാണ് സംവിധായകന്‍ നരേഷന്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രദീപ് റാവത്തിന്റെ സ്‌ക്രീന്‍ ഇമേജിനെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട് സംവിധായകന്. 

പ്രസീദ മേനോന്‍, നോബി, ബിജുക്കുട്ടന്‍ എന്നിവരുടെ 'ഗ്യാങ്ങ്' ആണ് ചിത്രത്തില്‍ പ്രധാനമായും നര്‍മ്മം സൃഷ്ടിക്കുന്നത്. സലിംകുമാര്‍, സാജന്‍ പള്ളുരുത്തി, അയ്യപ്പ ബൈജു തുടങ്ങിയ താരങ്ങളും സൗന്ദര്‍ഭികമായ നര്‍മ്മരംഗങ്ങളുമായി ചിത്രത്തിന്റെ മുന്നോട്ടുപോക്കിനെ രസകരമാക്കുന്നുണ്ട്. ടിക് ടോക് താരം ആര്യ അജിത്ത് ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഷാനുവിന്റെ അടുത്ത സുഹൃത്തായി കഥയില്‍ ഏറെ പ്രാധാന്യമുള്ളൊരു റോളില്‍ അഭിഷേക് രവീന്ദ്രനും അഭിനയിച്ചിരിക്കുന്നു.

 

ചിത്രത്തിന്റെ രചനയും എഡിറ്റിംഗും സംവിധായകന്‍ പീറ്റര്‍ സാജന്റേത് തന്നെയാണ്. ജോസഫ് സി മാത്യുവാണ് ഛായാഗ്രഹണം. പ്രധാന പശ്ചാത്തലമായ കോഴിക്കോടിനെ രണ്ട് മണിക്കൂര്‍ കാഴ്ചയില്‍ ആവര്‍ത്തനവിരസത തോന്നാത്ത തരത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് ജോസഫ്. റാംബോ സ്റ്റാന്‍ലി കൊറിയോഗ്രഫി നിര്‍വ്വഹിച്ച ആക്ഷന്‍ രംഗങ്ങളും കൊള്ളാം. ഷഹീന്‍ സിദ്ദിഖില്‍ മലയാളസിനിമയ്ക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന ഒരു നായകനടന്‍ ഉണ്ടെന്നതിന്റെ കാഴ്ചാനുഭവം കൂടിയാണ് 'ഒരു കടത്ത് നാടന്‍ കഥ'.