Asianet News MalayalamAsianet News Malayalam

'പ്രതി' നായകന്മാര്‍! 'പ്രതി പൂവന്‍കോഴി' റിവ്യൂ

2014ല്‍ മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് മറ്റൊരു റോഷന്‍ ചിത്രത്തിലൂടെയായിരുന്നു (ഹൗ ഓള്‍ഡ് ആര്‍ യു). മഞ്ജുവിന്റേതായി മലയാളത്തില്‍ സമീപകാലത്തെത്തിയ ചിത്രങ്ങളില്‍ അവരുടെ താരപരിവേഷം സൂക്ഷ്മതയോടെ ഉപയോഗിച്ച ചിത്രം കൂടിയാണ് 'പ്രതി പൂവന്‍കോഴി'.
 

prathi poovankozhi review
Author
Thiruvananthapuram, First Published Dec 20, 2019, 5:56 PM IST

കേരളത്തിലെ ഒരിടത്തരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ് 'മാധുരി'. ജോലിസ്ഥലത്തേയ്ക്കുള്ള സ്ഥിരം ബസ് യാത്രയ്ക്കിടെ ഒരുദിവസം അപ്രതീക്ഷിതമായി ഒരു മോശം അനുഭവം നേരിടേണ്ടിവരുന്നു അവര്‍ക്ക്. താന്‍ നേരിട്ട ദുരനുഭവത്തിന് എന്ത് വില കൊടുത്തും പകരം ചോദിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. അതിനായി മാധുരി നടത്തുന്ന നീക്കങ്ങളും അതിനായി സഞ്ചരിക്കുന്ന വഴികളില്‍ അവരെ കാത്തിരിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'പ്രതി പൂവന്‍കോഴി'യുടെ പ്ലോട്ട്. ഈ കഥയിലൂടെ നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗപരമായ അനീതികളിലേക്ക് വിരല്‍ ചൂണ്ടുകയാണ് സംവിധായകന്‍. മഞ്ജു വാര്യര്‍ ആണ് മാധുരിയെ അവതരിപ്പിക്കുന്നത്. ഉണ്ണി ആറിന്റെ രചനയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ 'ആന്റപ്പന്‍' എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെ അദ്ദേഹം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഉണ്ണി ആറിന്റെ ചെറുകഥകളില്‍ കണ്ടെത്താനാവുന്ന ലോകത്തോട് സാദൃശ്യമുണ്ട് 'പ്രതി പൂവന്‍കോഴി'യുടെ പശ്ചാത്തലത്തിനും. കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കുമൊക്കെ ലളിത സുന്ദരമായ ആ ഉണ്ണി ആര്‍ ടച്ചുണ്ട്. 'മാധുരി'യെയും തൊഴിലിടവും വീടും സുഹൃത്തുക്കളും അടങ്ങുന്ന അവളുടെ ലോകത്തെയും സ്വാഭാവികതയോടെ പരിചയപ്പെടുത്തിക്കൊണ്ടാണ് സിനിമയുടെ തുടക്കം. എണ്ണത്തിലേറെ കഥാപാത്രങ്ങളൊന്നുമില്ല ചിത്രത്തില്‍. റോസമ്മ (അനുശ്രീ), ഷീബ (ഗ്രേസ് ആന്റണി) എന്നിവരാണ് 'മാധുരി'യുടെ ജോലിസ്ഥലത്തെ അടുപ്പക്കാര്‍. വീട്ടില്‍ അമ്മ മാത്രമാണുള്ളത്. മാധുരിയെ മകളെപ്പോലെ കാണുന്ന 'ഗോപി' എന്ന കഥാപാത്രമായി അലന്‍സിയറും എത്തുന്നു. സാമ്പത്തികമായ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ചെറിയ വരുമാനമുള്ള ഒരു ജോലി ചെയ്യുന്നതിന്റെ അരക്ഷിതാവസ്ഥയിലാണ് ജീവിതമെങ്കിലും ചുറ്റുമുള്ളവരിലേക്ക് നിരാശ പകരാത്ത കഥാപാത്രമാണ് മാധുരി. പ്രതിസന്ധികള്‍ക്കിടയിലും ഒരു അപ്രതീക്ഷിത സാഹചര്യത്തെ നേരിടേണ്ടിവരുമ്പോള്‍ ഉറച്ച നിലപാടുമുണ്ട് അവര്‍ക്ക്.

prathi poovankozhi review

 

ചിത്രത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് റോഷന്‍ ആന്‍ഡ്രൂസ് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രമാണ്. 'ആന്റപ്പന്‍' എന്ന കഥാപാത്രത്തിന്റെ ആദ്യ കാഴ്ച ഒരു കൗതുകമാണ് സമ്മാനിക്കുന്നതെങ്കില്‍ നരേഷന്‍ പുരോഗമിക്കവെ മികവുള്ള ഒരു നടനെ അദ്ദേഹത്തില്‍ കണ്ടെത്താനാവുന്നു. ഒരു നല്ല അഭിനേതാവിനെ ആവശ്യപ്പെടുന്ന കഥാപാത്രമാണ് 'ആന്റപ്പന്‍'. കഥയില്‍ വിവിധ ഘട്ടങ്ങളില്‍ നിര്‍ണായക വഴിത്തിരിവുകള്‍ ഉണ്ടാക്കുന്നത് ഈ കഥാപാത്രമാണ്. നെഗറ്റീവ് ഷെയ്ഡുള്ള ഈ കഥാപാത്രത്തിന് തന്റേതായ ഒരു ശരീരഭാഷ നല്‍കിയിട്ടുണ്ട് റോഷന്‍ ആന്‍ഡ്രൂസ്. സിനിമയിലുടനീളം അത് നിലനിര്‍ത്തിക്കൊണ്ടുതന്നെ, മാറിമറിയുന്ന സന്ദര്‍ഭങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ച വച്ചിട്ടുമുണ്ട് അദ്ദേഹം.

പറയുന്ന വിഷയം ഗൗരവമുള്ളതെങ്കിലും സിനിമയുടെയും സംവിധായകന്റെയും നിലപാട് കഥാപാത്രങ്ങളെക്കൊണ്ട് സംഭാഷണങ്ങളായി പറയിക്കുന്നില്ല എന്നതാണ് 'പ്രതി പൂവന്‍കോഴി'യുടെ ഒരു മികവ്. നിലപാടുകള്‍ സംഭാഷണങ്ങളാവുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളേ സിനിമയിലുള്ളൂ. അതേസമയം നമ്മുടെ സമൂഹത്തില്‍ ദൈനംദിനം സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതിക്രമങ്ങളിലേക്കുള്ള ചൂണ്ടുപലകയാവുന്നുമുണ്ട് സിനിമ. മാധുരിയിലൂടെ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ ആദ്യന്തം നില്‍ക്കുന്നുമുണ്ട് ചിത്രം. ഉണ്ണി ആര്‍ ആദ്യമായെഴുതിയ നോവലിന്റെ പേര്, ഇത്തരത്തിലൊരു വിഷയം പറയുന്ന സിനിമയ്ക്കുവേണ്ടി റോഷന്‍ ആന്‍ഡ്രൂസ് ചോദിച്ചുവാങ്ങിയതാണ്. സ്ത്രീകള്‍ക്കെതിരായി ഏതെങ്കിലും തരത്തില്‍ അനീതിപൂര്‍വ്വം പെരുമാറുന്ന കഥാപാത്രമായി 'ആന്റപ്പന്‍' മാത്രമല്ല സിനിമയിലുള്ളത്. ഭര്‍ത്താവ് എന്ന നിലയില്‍ വീട്ടിലും പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലും സ്ത്രീകള്‍ക്കെതിരേ അധികാരപ്രയോഗം നടത്തുന്ന രണ്ട് കഥാപാത്രങ്ങള്‍ മെയിന്‍ പ്ലോട്ടിന്റെ ചുറ്റുവട്ടത്തുണ്ട്. ലിംഗപരമായ അനീതിയില്‍ നിന്ന് ഈ നാട്ടിലെ ഒരു പുരുഷനും പൂര്‍ണമായ സത്യസന്ധതയോടെ കൈകഴുകി മാറിനില്‍ക്കാനാവില്ലെന്ന് പറഞ്ഞുവെക്കുന്നുണ്ട് ചിത്രം. അതിനാല്‍ത്തന്നെ 'പ്രതി പൂവന്‍കോഴി' എന്ന പേര് ഏറെ അന്വര്‍ഥവുമാണ്.

prathi poovankozhi review

 

2014ല്‍ മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് മറ്റൊരു റോഷന്‍ ചിത്രത്തിലൂടെയായിരുന്നു (ഹൗ ഓള്‍ഡ് ആര്‍ യു). മഞ്ജുവിന്റേതായി മലയാളത്തില്‍ സമീപകാലത്തെത്തിയ ചിത്രങ്ങളില്‍ അവരുടെ താരപരിവേഷം സൂക്ഷ്മതയോടെ ഉപയോഗിച്ച ചിത്രം കൂടിയാണ് 'പ്രതി പൂവന്‍കോഴി'. ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേളായ 'മാധുരി' എന്ന കഥാപാത്രത്തിലേക്ക് അനായാസം എത്തിയിട്ടുണ്ട് മഞ്ജു വാര്യര്‍. റോഷന്‍ ആന്‍ഡ്രൂസിനൊപ്പം അനുശ്രീ, ഗ്രേസ് ആന്റണി, സൈജു കുറുപ്പ് എന്നിവരുടേതും മികച്ച കാസ്റ്റിംഗ് ആണ്. 

ജി ബാലമുരുകനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കുമരകം, കോട്ടയം പ്രദേശങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലമാവുന്നത്. കായലും തുരുത്തുകളുമൊക്കെയുള്ള പ്രദേശങ്ങള്‍ മലയാളത്തില്‍ മുന്‍പ് പലകുറി ആവര്‍ത്തിച്ചതാണെങ്കിലും അത് ആവര്‍ത്തനവിരസം എന്ന് തോന്നിപ്പിക്കാത്ത ഒരു ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തിപ്പിച്ചിട്ടുണ്ട് ബാലമുരുകന്‍. ഗോപി സുന്ദര്‍ ഒരുക്കിയ ഗാനത്തേക്കാള്‍ മികച്ചുനില്‍ക്കുന്നത് അദ്ദേഹം നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ്. 'ആന്റപ്പന്റെ' പാത്രാവിഷ്‌കാരത്തില്‍ ഏറെ പ്രാധാന്യമുള്ള അപൂര്‍വ്വം ആക്ഷന്‍ രംഗങ്ങള്‍ റിയലിസ്റ്റിക് സ്വഭാവത്തോടെ സ്‌ക്രീനില്‍ എത്തിയിട്ടുണ്ട്. ദിലീപ് സുബ്ബരായനും രാജശേഖറും ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്.

prathi poovankozhi review

 

ഗൗരവപ്പെട്ട ഒരു വിഷയത്തെ ഏത് കാണിക്കും മനസിലാവുന്ന ലാളിത്യത്തോടെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് പ്രതി പൂവന്‍കോഴി. 'കായംകുളം കൊച്ചുണ്ണി' എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റേതായി തീയേറ്ററുകളിലെത്തിയ ചിത്രമാണിത്. കാന്‍വാസിന്റെ വലുപ്പം കുറഞ്ഞപ്പോഴും ഒരു സംവിധായകന്‍ എന്ന നിലയിലുള്ള തന്റെ ക്രാഫ്റ്റിന്റെ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട് അദ്ദേഹം. ടിക്കറ്റെടുത്താല്‍ നിരാശപ്പെടുത്താത്ത ചിത്രമാണ് 'പ്രതി പൂവന്‍കോഴി'.

Follow Us:
Download App:
  • android
  • ios