മുഴുനീള നായക കഥാപാത്രമായി ആദ്യമായി വിനായകന്‍, ഫ്രാന്‍സിസ് നൊറോണയുടെ ശ്രദ്ധേയ കഥയ്ക്ക് പി എസ് റഫീഖിന്റെ തിരക്കഥ. 'കിസ്മത്ത്' എന്ന മികച്ച അരങ്ങേറ്റത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനം. ഇങ്ങനെ പല കാരണങ്ങളാല്‍ സിനിമാപ്രേമികളില്‍ കാത്തിരിപ്പുണ്ടാക്കിയ ചിത്രമായിരുന്നു 'തൊട്ടപ്പന്‍'. ഫ്രാന്‍സിസ് നൊറോണയുടെ 'തൊട്ടപ്പന്‍' എന്ന നീണ്ടകഥ വായിച്ചിട്ടില്ലാത്തവരെ സംബന്ധിച്ച് റിലീസിന് മുന്‍പെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകളൊക്കെ കാഴ്ചയുടെ എന്തൊക്കെയോ നിഗൂഢതകള്‍ ഒളിപ്പിച്ചുവെക്കുന്നതായിരുന്നു. ഇനി 'തൊട്ടപ്പന്‍' വായിച്ചവരെ സംബന്ധിച്ച് ടൈറ്റില്‍ റോളില്‍ വിനായകനെ കാണുന്നതിന്റെ കൗതുകവുമാവും തീയേറ്ററിലേക്ക് ടിക്കറ്റ് എടുപ്പിക്കുന്ന പ്രധാന കാരണം. ഇതുവരെ കാണാത്ത കൊച്ചിയെയാണ് തൊട്ടപ്പനില്‍ ചിത്രീകരിക്കുകയെന്നും പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെറിയ രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണെന്നുമായിരുന്നു സിനിമയെക്കുറിച്ച് സംവിധായകന്റെ മുഖവുര. ആ വാക്കുകളൊക്കെയും പാലിച്ച ഡയറക്ടറെ സ്‌ക്രീനില്‍ കാണാനായെന്നാണ് തൊട്ടപ്പന്റെ കാഴ്ചാനുഭവം.

നൊറോണയുടെ 'തൊട്ടപ്പന്‍' എന്ന കഥയെ അതേപടി സ്‌ക്രീനിലെത്തിച്ചിരിക്കുകയല്ല ഷാനവാസ് ബാവക്കുട്ടി. മറിച്ച് 'തൊട്ടപ്പന്‍' എന്ന പേര് സിനിമയുടെയും ശീര്‍ഷകമായി സ്വീകരിച്ചതിനൊപ്പം കഥയിലെ 'തൊട്ടപ്പന്‍- വളര്‍ത്തുമകള്‍' ബന്ധത്തിലേക്ക് ഫോക്കസ് ചെയ്ത് ഒരു സിനിമാരൂപം ഉണ്ടാക്കിയിരിക്കുകയാണ് അദ്ദേഹം. സിനിമാരൂപത്തിലേക്ക് മൊഴിമാറ്റിയപ്പോള്‍ കഥയില്‍ ചില വിട്ടുകളയലുകളും കൂട്ടിച്ചേര്‍ക്കലുകളും നിഴല്‍ വീണ ചില ഭാഗങ്ങള്‍ സ്പഷ്ടമാക്കിയുമാണ് പി എസ് റഫീഖിന്റെ തിരക്കഥ. കായലുകളാല്‍ ചുറ്റപ്പെട്ട ഒരു പശ്ചിമകൊച്ചി ഗ്രാമത്തിലാണ് 'ഇത്താക്കി'ന്റെ (വിനായകന്‍) അതിജീവനം. മോഷണമാണ് അയാളുടെ തൊഴില്‍. ആ തൊഴിലില്‍ എപ്പോഴും ഒപ്പമുണ്ടാവാറുള്ള ആത്മസുഹൃത്ത് 'ജോണപ്പന്റെ' (ദിലീഷ് പോത്തന്‍) പൊടുന്നനെയുള്ള 'അപ്രത്യക്ഷമാകലി'ല്‍ അയാളുടെ ഒരേയൊരു മകള്‍ 'സാറ'യുടെ സംരക്ഷകനാവുകയാണ് ഇത്താക്ക്. സാറയുടെ മാമ്മോദീസയ്ക്ക് 'തലതൊട്ടപ്പനാ'യിരുന്നതിനാല്‍ മുതിരുമ്പോഴും അവള്‍ക്ക് 'തൊട്ടപ്പനാ'ണ് അയാള്‍, വളര്‍ത്തച്ഛനും.

വാക്കാല്‍ പറയാനാണെങ്കില്‍ ഇത്രയുമൊക്കെയേ ഉള്ളൂ സിനിമയുടെ കഥ. എന്നാല്‍ ഈ തൊട്ടപ്പന്റെയും 'മകളു'ടെയും ജീവിതത്തെ പശ്ചിമകൊച്ചിയുടെ മനോഹരമായ ക്യാന്‍വാസിലേക്ക്, ചെറു കഥാപാത്രങ്ങളില്‍ പോലും ശ്രദ്ധ കൊടുത്ത്, മികച്ച ഓഡിയോ-വിഷ്വല്‍ അനുഭവമാക്കിയിട്ടുണ്ട് ഷാനവാസ്. സംവിധായകന്റെ ക്രാഫ്റ്റില്‍, ആദ്യ ചിത്രമായ 'കിസ്മത്തി'ല്‍ നിന്ന് ഏറെ മുന്നോട്ട് പോയിട്ടുണ്ട് അദ്ദേഹം. മികച്ച താരനിര്‍ണയം കൊണ്ട് തിളക്കമാര്‍ന്നവരാണ് ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും. വിനായകന്റെ പ്രകടനത്തിന്റെ പേരില്‍ പ്രതീക്ഷയുണര്‍ത്തിയ സിനിമയില്‍ എണ്ണിപ്പറയാന്‍ തക്ക മികവുറ്റ പ്രകടനങ്ങള്‍ വേറെയുമുണ്ട്. അക്കൂട്ടത്തില്‍ അമ്പരപ്പിച്ച 'പുതുമുഖ നടന്‍' പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്. 'അദ്രുമാന്‍' എന്ന അന്ധനായ പലചരക്ക് കടക്കാരനായി ഞെട്ടിക്കുന്ന പ്രകടനമാണ് അദ്ദേഹത്തിന്റേത്. കാഴ്ചയില്ലായ്മയെ മറികടക്കാന്‍ കേള്‍വിയും ഗന്ധവും സൂക്ഷ്മമായി ഉപയോഗിക്കുന്ന, തന്നേക്കാള്‍ ഇളപ്പമുള്ള സുന്ദരിയായ ഭാര്യ ഒപ്പമുള്ളതിന്റെ ഇന്‍സെക്യൂരിറ്റി നേരിടുന്ന മധ്യവയസ്‌കനായി അദ്ദേഹത്തിലെ നടന്‍ ശരിക്കും അടയാളപ്പെടുത്തുകയാണ്. നടന്‍ ബിനോയ് നമ്പാലയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍.

'കമ്മട്ടിപ്പാട'ത്തിലെ 'ഗംഗ'യും 'ഈ.മ.യൗ'വിലെ 'അയ്യപ്പനും' നല്‍കിയ ആത്മവിശ്വാസത്തില്‍ നിന്നാവണം വിനായകന്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന ഒരു സിനിമ പുറത്തുവരുന്നത്. സ്‌ക്രീനില്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ട 'വിനായകന്‍ മാനറിസങ്ങള്‍' സംവിധായകന്‍ ഉപയോഗപ്പെടുത്തിയിരിക്കുമ്പോള്‍ത്തന്നെ 'ഇത്താക്കി'ന് സവിശേഷ വ്യക്തിത്വം നല്‍കാന്‍ വിനായകന് കഴിഞ്ഞിട്ടുണ്ട്. തിരക്കുകൂട്ടലോ ബഹളങ്ങളോ ഇല്ലാതെ പുരോഗമിക്കുന്ന നരേഷനില്‍ വിനായകന്‍ ഉള്‍പ്പെടെയുള്ളവരുടെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചയുടെ രസത്തെ മുന്നോട്ട് നയിക്കുന്നത്. പ്രിയംവദ കൃഷ്ണന്‍ എന്ന പുതുമുഖമാണ് ടൈറ്റില്‍ കഥാപാത്രത്തോളം പ്രാധാന്യമുള്ള 'സാറ'യെ അവതരിപ്പിച്ചിരിക്കുന്നത്. വിനായകന് ഒപ്പത്തിനൊപ്പം നില്‍ക്കേണ്ട, നരേഷന്റെ കേന്ദ്രസ്ഥാനത്തുള്ള 'സാറ'യെ ഒരു തുടക്കക്കാരിയുടെ ഇടര്‍ച്ചകളൊന്നുമില്ലാതെ ഗംഭീരമാക്കിയിട്ടുണ്ട് പ്രിയംവദ.

കഥാപാത്രങ്ങള്‍ക്കൊപ്പം കായലും ചെമ്മീന്‍കെട്ടും കള്ള് ഷാപ്പുകളുമൊക്കെയുള്ള പശ്ചിമകൊച്ചി പശ്ചാത്തലത്തിനും ചിത്രത്തിന്റെ കാഴ്ചാനുഭവം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുണ്ട്. കഥ പറച്ചില്‍ റിയലിസ്റ്റിക് ആണെങ്കിലും ചിലപ്പോഴെല്ലാം മാജിക്കല്‍ റിയലിസത്തിനടുത്തെത്തുന്ന അനുഭവം പകരുന്ന കാഴ്ചകളുണ്ട് ചിത്രത്തില്‍. കായലും ചിറകളും വള്ളങ്ങളുമുള്ള പശ്ചിമകൊച്ചി ലാന്‍ഡ്‌സ്‌കേപ്പ് ആണ്, പലപ്പോഴും കഥാപാത്രങ്ങളില്ലാതെയോ ഒന്നോ രണ്ടോ കഥാപാത്രങ്ങളുടെ പശ്ചാത്തലമായോ, തൊട്ടപ്പന് തനതായ ഒരു കാഴ്ച സമ്മാനിക്കുന്നത്. കായല്‍ പശ്ചാത്തലമാവുന്ന രാത്രി ദൃശ്യങ്ങളും എടുത്തുപറയേണ്ടതാണ്. സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ദൃശ്യങ്ങള്‍ക്കൊപ്പം യഥാതഥമായി അനുഭവപ്പെടുന്ന സൗണ്ട്‌സ്‌കേപ്പും നരേഷനെ സഹായിക്കുക മാത്രം ചെയ്യുന്ന പശ്ചാത്തലസംഗീതവുമാണ് സിനിമയുടേത്. സിങ്ക് സൗണ്ട് ആണ് ചിത്രത്തിന്റേത്.  പ്രമോദ് തോമസ് ആണ് സൗണ്ട് ഡിസൈനിംഗും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. ഒറിജിനല്‍ സ്‌കോര്‍ ജസ്റ്റിന്‍ വര്‍ഗീസും. ലീല എല്‍ ഗിരീഷ് കുട്ടന്‍ ഒരുക്കിയിരിക്കുന്ന പാട്ടുകള്‍ തീയേറ്റര്‍ വിട്ടാലും കൂടെപ്പോകുന്നവയാണ്.

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ സിനിമയാണ് തൊട്ടപ്പന്‍. സൂക്ഷ്മാംശങ്ങള്‍ ഒഴിവാക്കി നിര്‍ത്തിയാല്‍ ബേസിക് പ്ലോട്ട് മലയാളത്തില്‍ തന്നെ മുന്‍പ് ആവര്‍ത്തിച്ചിട്ടുള്ളതുമാണ്. അപ്പോഴും കാഴ്ചാനുഭവമെന്ന തരത്തില്‍ പുതുമയുണ്ട് ഈ സിനിമയ്ക്ക്. ഒപ്പം ഒട്ടേറെ അഭിനേതാക്കളുടെ മികച്ച വ്യക്തിഗത പ്രകടനങ്ങളും. അതിനാലൊക്കെത്തന്നെ തീയേറ്ററില്‍ പോകുന്ന ശീലമുള്ളവര്‍ ഒഴിവാക്കരുതാത്ത സിനിമയാണ് 'തൊട്ടപ്പന്‍'.