കേരളം ഒരു വര്‍ഷം മുമ്പ് അനുഭവിച്ച ജീവിതം. കേരളം ജാഗ്രതയോടെ നിന്ന കാലം. നിപ്പ പേമാരിയായി പടരാതിരിക്കാൻ കൈകോര്‍ത്ത മനുഷ്യര്‍. അതൊക്കെത്തന്നെയാണ് വൈറസ് എന്ന സിനിമയും. നിപ്പയെ വരുതിയിലാക്കിയ ഒരു സമൂഹത്തിനുള്ള ആദരവു കൂടിയാകുന്നു 'വൈറസ്'. ഒപ്പം കലാപരമായി ഒരു മികച്ച സിനിമാനുഭവവും. വൈറസ് എന്ന സിനിമയുടെ റിവ്യു.

മലയാളി അനുഭവിച്ച ഒരു 'കാലം' സിനിമയാകുമ്പോള്‍ എങ്ങനെയായിരിക്കും എന്നതായിരുന്നു സിനിമ പ്രഖ്യാപിച്ചതുമുതലുള്ള ആകാംക്ഷ. നടന്ന സംഭവങ്ങള്‍ പറയുമ്പോള്‍ ഡ്യോക്യുമെന്റേഷനിലേക്ക് വഴുതുന്ന രീതിയില്‍ നിന്ന് മാറിത്തന്നെയാണ് വൈറസ് ഇരിക്കുന്നത്. മാത്രവമുല്ല ഒട്ടേറെ  താരങ്ങള്‍ ഒരു ഫ്രെയ്‍മിലേക്ക് വരുമ്പോള്‍, കഥാപാത്രങ്ങളായി മാറുന്നതും സിനിമയെ മൊത്തത്തില്‍ നിര്‍ണ്ണയിക്കുന്നതും എങ്ങനെയെന്നതിനും വൈറസിന്റെ കാഴ്‍ച സാക്ഷ്യപ്പെടുത്തും. ശ്രീനാഥ് ഭാസിയും സക്കരിയയും രേവതിയും റിമയുമെല്ലാം അന്ന് നമ്മള്‍ അറിഞ്ഞവര്‍, അല്ലെങ്കില്‍ കണ്ടവര്‍ തന്നെ.

കോഴിക്കോട് മെഡിക്കല്‍ കോളേജ് തന്നെയാണ് സിനിമയുടെ പശ്ചാത്തലം. കാഷ്വാലിറ്റിക്ക് മുന്നിലെ പരിചിത സംഭവങ്ങളിലൂടെയാണ് സിനിമ വിഷയത്തിലേക്ക് തുടക്കത്തില്‍ തന്നെ എത്തുന്നത്. തുടര്‍ന്ന് 'നിപ്പ'യെന്ന ഭീതിയിലേക്കും അതിനെ വരുതിയിലാക്കാനുളള ശ്രമത്തിലേക്കും അതിന്റെ വിജയത്തിലേക്കും തന്നെയാണ് അന്ന് നമ്മള്‍ എത്തിയതുപോലെ സിനിമയുടെയും കാഴ്‍ച. തുടക്കത്തില്‍ പറഞ്ഞതുപോലെ അത് വെറും ഡോക്യുമെന്റേഷൻ ആയില്ല എന്നതാണ് വൈറസ് എന്ന സിനിമയുടെ വിജയവും. നിപ്പ ബാധിച്ചവരും അല്ലാത്തവരുമായ ഒരു കൂട്ടം മനുഷ്യരുടെ വൈകാരികാനുഭവങ്ങളും ചേര്‍ത്തുവെച്ചാണ് സിനിമ പടരുന്നത്. നേര്‍ ആഖ്യാനമല്ലാതെ ഉപകഥകളായാണ് സംവിധായകൻ അക്കഥകള്‍ പറയുന്നത്. 

സൂക്ഷ്‍മതയോടുളള ആഖ്യാനമാണ് വൈറസിന്റെ വിജയം. ഹോസ്‍പിറ്റല്‍ രംഗങ്ങള്‍ മാത്രല്ല, നിപ്പ എങ്ങനെ ആ രോഗം ബാധിച്ചവരെ ഒറ്റപ്പെടുത്തിയെന്നതും അതിനെ ഒരു സമൂഹമെന്ന നിലയില്‍ കൂട്ടായി മറികടന്നുവെന്നതും സിനിമാക്കാഴ്‍ചയായി മാറുന്നുണ്ട്. സിനിമയെ പ്രേക്ഷകന്റെ സ്വകീയമായ അനുഭവമാക്കി മാറ്റുന്നതില്‍ സംവിധായകൻ ആഷിഖ് അബുവിന്റെ ആഖ്യാനത്തിനൊപ്പം രാജീവ് രവിയുടെയും ഷൈജു ഖാലിദിന്റെയും ക്യാമറ കൂട്ടായുണ്ട്. നിപ്പയുണ്ടാക്കിയ ഭീതി പശ്ചാത്തലസംഗീതത്തിലൂടെ സിനിമയിലുടെ നീളം സുഷിൻ ആവിഷ്‍ക്കരിക്കുന്നുണ്ട്. ചികിത്സാരീതികളുടെയും രോഗത്തിന്റെയും മെഡിക്കല്‍ 'ജാര്‍ഗണ്‍സു'കള്‍ സൃഷ്‍ടിച്ചേക്കാവുന്ന തടസ്സങ്ങളെ തിരക്കഥാകൃത്തുക്കള്‍ മനുഷ്യന്റെ കഥകളും ഒരേസമയം പറഞ്ഞ് മറികടക്കുന്നുണ്ട്. നിപ്പയുണ്ടാകിയ ഭീതിയും ആശങ്കകളും അതിജീവനവും തന്നെയാണ് സിനിമയില്‍. ആദ്യപകുതി രോഗവും അതിന്റെ തിരിച്ചറിവുകളും ആണെങ്കില്‍ രണ്ടാം പകുതിയില്‍ അതിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് അണിയറക്കാര്‍ നടത്തുന്നത്. ഒരു സര്‍വൈവര്‍ ത്രില്ലറായി വൈറസിനെ മാറ്റുന്നത് അതിന്റെ സാങ്കേതികവിഭാഗമാണ്.

ആസിഫ് അലി, റഹ്‍മാൻ, ഇന്ദ്രജിത്ത്, ടൊവിനോ, സൌബിൻ, കുഞ്ചാക്കോ ബോബൻ, രേവതി, പാര്‍വതി, റിമ, ജോജു അങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തിയ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായിട്ടും അഭിനേതാക്കള്‍ സിനിമയുടെ ചേര്‍ന്നുനില്‍ക്കുന്ന അനുഭവമാണ്. ഒരൊറ്റ നായകന്റെ ചുമലിലേറിയല്ല ഒട്ടേറെ കഥാപാത്രങ്ങളിലൂടെയുള്ളതാണ് സിനിമ. ചെറു രംഗങ്ങളില്‍ വന്നിട്ടുള്ളവര്‍ പോലും അതാത് പരിസരങ്ങളിലെ ജനങ്ങളെ ഓര്‍മ്മിപ്പിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നു. നിപ്പയെ തുടര്‍ന്ന് മരണപ്പെട്ട ലിനിയുടെ ജീവിതാംശം അഖിലയെന്ന നേഴ്‍സായി റിമയിലൂടെ സിനിമയിലെത്തിയിരിക്കുന്നു. മരണത്തെ മുന്നില്‍ കണ്ടുള്ള കണ്ണുകളിലെ പിടച്ചില്‍ പോലും അഭിനേതാക്കളില്‍ ഭദ്രമാണ്.