Asianet News MalayalamAsianet News Malayalam

പതിനാല് മക്കളില്‍ പതിനാലാമൻ; ഓര്‍മ്മക്കുട നിവര്‍ത്തി അര്‍ജുനൻ മാസ്റ്റര്‍

ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടായിരുന്നു, അതാണ് ആശ്രമത്തിലേക്ക് പറഞ്ഞുവിടാനും കാരണമെന്നും പിന്നീട് സംഗീത കുലപതിയായി മാറിയ അര്‍ജുനൻ മാസ്റ്റര്‍ അന്ന് അഭിമുഖത്തില്‍ പറഞ്ഞു.

Music composer M K Arjunan master tribute
Author
Kochi, First Published Apr 6, 2020, 2:39 PM IST

പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ എന്ന് പാടിയ കവി മധുസൂദനൻ നായര്‍ എട്ടാമത്തെ കുട്ടിയായിരുന്നു. താനായിരുന്നു മക്കളില്‍ അനാഥൻ എന്നാണ് മധുസൂദനൻ നായര്‍ പറഞ്ഞത്. ഒറ്റപ്പെടലിന്റെ വേദനയെ കുറിച്ചായിരുന്നു പറഞ്ഞത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞൻ എം കെ അര്‍ജുനൻ മാഷുമായുള്ള അഭിമുഖത്തില്‍ ടി എൻ ഗോപകുമാര്‍ ചോദ്യങ്ങള്‍ക്ക് ആമുഖം നല്‍കിയത് ഇങ്ങനെയായിരുന്നു. അതിന് കാരണവുമുണ്ട്. പതിനാലാമത്തെ കുട്ടിയായിരുന്നു അര്‍ജുനൻ മാസ്റ്റര്‍. മാഷിന്റെ ജീവിതം പുതിയ തലമുറ അറിയേണ്ടതുണ്ടെന്ന് ടി എൻ ഗോപകുമാര്‍ വ്യക്തമാക്കിയപ്പോള്‍ എം കെ അര്‍ജുനൻ ആ ജീവിതം പറഞ്ഞുതുടങ്ങി.Music composer M K Arjunan master tribute

കൊച്ചുകുഞ്ഞിന്റെയും പാര്‍വതിയുടെയും പതിനാല് മക്കളില്‍ ഒടുവിലായി ജനനം. ഫോര്‍ട്ടുകൊച്ചിയില്‍ 1936ലായിരുന്നു ജനനം. പിന്നീട് സംഗീതം ജീവിതം മാറ്റുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. പതിനാല് മക്കളില്‍ പതിനാലാമനാണ് എന്ന് അമ്മ പറഞ്ഞുള്ള അറിവാണ്. നാല് പേരെ മാത്രമാണ് താൻ കണ്ടത്. മറ്റുള്ളവര്‍ മരിച്ചുപോയിരുന്നിരിക്കണം. അവരുടെ ചിത്രങ്ങള്‍ പോലും കണ്ടിട്ടില്ല. അന്നത്തെ സ്ഥിതി അങ്ങനെയായിരുന്നല്ലോ. ആറു മാസം മാത്രം പ്രായമായിരുന്നപ്പോള്‍ അച്ഛനെയും നഷ്‍ടമായി. ആ ഓര്‍മ്മയും മനസ്സില്‍ ഇല്ല. നിര്‍വികാരനായി അര്‍ജുനൻ മാസ്റ്റര്‍ ടി എൻ ഗോപകുമാറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

പുതിയ തലമുറ അര്‍ജുനൻ മാസ്റ്ററുടെ ജീവിതം മനസ്സിലാക്കണമെന്ന് വ്യക്തമാക്കിയായിരുന്നു ടി എൻ ഗോപകുമാര്‍ ഓരോ ചോദ്യവും നിവര്‍ത്തിയത്.  താമരപ്പറമ്പ് സ്‍കൂളില്‍ രണ്ടാം ക്ലാസ്സിലേക്ക് ജയിച്ചപ്പോഴാണ് കാര്യങ്ങള്‍ രൂക്ഷമായത്.  പഠിക്കാൻ കഴിയുന്ന പശ്ചാത്തലം ഇല്ല. കൂലിപ്പിണിയടക്കം എടുത്തു. അങ്ങനെയാണ് ജീവിതം കഷ്‍ടിച്ചുമുന്നോട്ട് കൊണ്ടുപോയത്. അന്നത്തെ നാല് മക്കളില്‍ ഇന്ന് രണ്ട് പേര്‍ മാത്രമേയുള്ളൂ. മൂത്ത സഹോദരൻ പ്രഭാകരനും താനുമെന്നും 2011ല്‍ നല്‍കിയ അഭിമുഖത്തില്‍ എം കെ അര്‍ജുനൻ മാസ്റ്റര്‍ പറഞ്ഞു.

സംഗീതത്തിലേക്ക് എത്തിയ വഴി തെളിഞ്ഞ പഴനിയിലെ കാലവും അര്‍ജുനൻ ഓര്‍ത്തെടുത്തു. അമ്മ ഞങ്ങളെ പോറ്റാൻ അവസ്ഥയില്ലെന്ന് പറഞ്ഞു. രാമൻ വൈദ്യൻ എന്ന ഒരാളെടുത്തേയ്‍ക്ക് കൊണ്ടുപോയി. കാര്യം പറഞ്ഞു. അദ്ദേഹമാണ് പഴനിയിലെ ഒരു ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നത്. അദ്ദേഹം ആശ്രമവുമായി ബന്ധമുള്ള ആളായിരുന്നു. പഴനിയിലേക്ക് പോകുമ്പോള്‍ ഏഴ് വയസ്സായിരുന്നു. ഞാനും ജ്യേഷ്‍ഠൻ പ്രഭാകരനുമായിരുന്നു പോയത്. ബാക്കിയുണ്ടായിരുന്ന ഒരാണും പെണ്ണും മുതിര്‍ന്നവരായിരുന്നു. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടായിരുന്നു. അതാണ് ആശ്രമത്തിലേക്ക് പറഞ്ഞുവിടാനും കാരണമെന്നും അര്‍ജുനൻ മാസ്റ്റര്‍ പറഞ്ഞു.

സംഗീതം എങ്ങനെ ഒപ്പം ചേര്‍ന്നുവെന്നും എം കെ അര്‍ജുനൻ മാസ്റ്റര്‍ ഓര്‍ത്തെടുത്തു. ആശ്രമത്തിലുള്ളവരുടെ ഭജനയില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ പാടുന്നത് ഞങ്ങള്‍ ഏറ്റ് പാടുമായിരുന്നു. അങ്ങനെ ഏറ്റുപാടിയപ്പോള്‍ ഞങ്ങളുടെ രണ്ടുപേരുടെയും ശബ്‍ദം നല്ല ശബ്‍ദമായി സ്വാമിക്ക് തോന്നി. കുട്ടികള്‍ സംഗീതത്തില്‍ താല്‍പര്യമുള്ള കൂട്ടത്തിലാണ് എന്ന് തോന്നുന്നുവെന്ന് പറഞ്ഞു. അടുത്തുപഠിപ്പിക്കുന്ന കുമരയ്യ പിള്ള എന്ന ഒരു ഭാഗവതരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്തേയ്‍ക്ക് പറഞ്ഞയച്ചു. സംഗീതത്തിന്റെ ആദ്യ പാഠം തുടങ്ങി. ആശ്രമത്തിലെ കൈത്തൊഴിലുകള്‍ ചെയ്യുകയും ചെയ്‍തുവെന്നും എം കെ അര്‍ജുനൻ പറഞ്ഞു.Music composer M K Arjunan master tribute

ആശ്രമത്തിലെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാത്ത ദുരവസ്ഥയില്‍ തിരിച്ചുകൊണ്ടുവന്നു. ആറേഴ് വര്‍ഷം കൊണ്ട് എന്ത് സംഗീതം പഠിക്കാനാണ്?. പക്ഷേ നാട്ടില്‍ വന്നപ്പോള്‍ സംഗീതജ്ഞരായി വന്നിരിക്കുന്നുവെന്ന് പറഞ്ഞ് വലിയ സ്വീകരണം. നാട്ടുകാരും ബന്ധപ്പെട്ടവരും അഭിനന്ദിച്ചു. അവിടെ പോയി പാടാം, കച്ചേരി പാടാം എന്നൊക്കെ പറഞ്ഞു.  കച്ചേരിയും സിനിമ ഗാനങ്ങള്‍ പാടുകയും ചെയ്‍തപ്പോള്‍ വീണ്ടും പഠിക്കണമെന്ന് തോന്നി. അങ്ങനെയാണ് പഠിക്കാൻ കെ എൻ വിജയരാജൻ മാസ്റ്ററുടെ അടുത്ത് പോകുന്നത്. അതുകഴിഞ്ഞ് തൃപ്പൂണിത്തുറ രാഘവമേനോന്റെ അടുത്ത് പോയി. അങ്ങനെ ജോലിയും പഠനവുമൊക്കെ ആയി പോയി. അപ്പോഴാണ് കുറച്ചൊക്കെ ഹാര്‍മോണിയം വായിക്കാൻ പറ്റുമെന്ന് തോന്നുന്നത്. അങ്ങനെ ഹാര്‍മോണിയം വായിക്കുകയും പ്രോഗ്രാമുകള്‍ക്ക് പോകുകയും ഒക്കെ ചെയ്‍തു. നല്ല രീതിയില്‍ അര്‍ജുനൻ ഹാര്‍മോണിയം വായിക്കും എന്ന് വന്നു. ആ ഒച്ചപ്പാടാണ് ദേവരാജൻ മാസ്റ്ററിലേക്ക് എത്തിച്ചത്. കാളിദാസ കലാകേന്ദ്രത്തിലായിരുന്നു ദേവരാജൻ മാസ്റ്റര്‍. അവിടെ ചെന്നപ്പോള്‍ അര്‍ജുനൻ എന്ന പയ്യൻ വന്നിട്ടുണ്ട് എന്ന് വന്നു. ഞാൻ ദേവരാജൻ മാഷിനെ കണ്ടിട്ടില്ല. കാണുന്നതിനു മുമ്പ് കല്‍പന തന്നു. ജോലി അറിയില്ലെങ്കില്‍ പറഞ്ഞയക്കുമെന്ന്. അങ്ങനെ അവിടെ ഹാര്‍മോണിയം വായിക്കാൻ തുടങ്ങിയെന്നും അര്‍ജുനൻ മാസ്റ്റര്‍ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. സംഗീതത്തിലേക്ക് എത്തിയ വഴികളെ കുറിച്ച് പറയുമ്പോള്‍ തന്നെ നാടകത്തിന്റെ അവസ്ഥയെയും കുറിച്ച് അര്‍ജുനൻ മാസ്റ്റര്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു.Music composer M K Arjunan master tribute

എന്തായാലും ദേവരാജൻ മാസ്റ്ററിലേക്ക് എം കെ അര്‍ജുനൻ എത്തിയ കാലംതൊട്ട് ഇന്നുവരെയുള്ള കാര്യങ്ങള്‍ സംഗീതപ്രേമികള്‍ക്ക് പ്രത്യേകമായി പറഞ്ഞറിയിക്കേണ്ടതുണ്ടാകില്ല. നാടക ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് എം കെ അര്‍ജുനൻ വരവറിയിച്ചു. എണ്ണൂറോളം നാടകങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. കറുത്ത പൗർണമി എന്ന സിനിമയിലൂടെ 1968-ൽ സംഗീത സംവിധായകനായി ചലച്ചിത്രലോകത്തേയ്ക്കും എത്തി. ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം എന്ന പി ഭാസ്‍ക്കരന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നു. തന്റെ ആദ്യകാല ജീവിതത്തിലെ കഥ പറയും പോലെ.Music composer M K Arjunan master tribute

പിന്നീടുള്ളത് ചരിത്രം. പലരും എന്നും മൂളിനടക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ എം കെ അര്‍ജുനൻ മാസ്റ്ററെ സംഗീത കുലപതിയാക്കി. 

Follow Us:
Download App:
  • android
  • ios