Asianet News MalayalamAsianet News Malayalam

പേഴ്സുകള്‍ ഇനി ഭാരം ചുമക്കുന്ന കഴുതയാവില്ല; ഈ രണ്ട് ബാങ്കിങ് സേവനങ്ങള്‍ ഇനി ഒറ്റക്കാര്‍ഡില്‍!

യൂണിയന്‍ ബാങ്ക് റുപെയുമായി സഹകരിച്ചും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വിസയുമായി സഹകരിച്ചുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ബാങ്കുകളും ഇത്തരം കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ, റുപെ പ്രതിനിധികള്‍ പറയുന്നു. ഇത്തരം കാര്‍ഡുകളുടെ രണ്ട് അറ്റങ്ങളിലും ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും, ഏത് അറ്റം സ്വൈപ്പ് ചെയ്യുന്നുവോ ആ അക്കൗണ്ടില്‍ നിന്ന് ഉപഭോക്താവിന് പണം ലഭിക്കും. 

debit cum credit card, union bank and indusind bank begin new service
Author
Thiruvananthapuram, First Published Apr 24, 2019, 1:01 PM IST

നിങ്ങളുടെ പേഴ്സിന്‍റെ കനം കുറയ്ക്കാനുളള സൗകര്യപ്രദമായ നടപടിയുമായി എത്തിയിരിക്കുകയാണ് ഇന്‍സ് ഇന്‍ഡ് ബാങ്കും, യൂണിയന്‍ ബാങ്കും. രണ്ട് തരം ബാങ്കിങ് സേവനങ്ങള്‍ ഒരു കാര്‍ഡില്‍ തന്നെ സജീകരിച്ച് നല്‍കുന്ന സംവിധാനമാണ് ഇരു ബാങ്കുകളും നടപ്പാക്കിയിരിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഒരു കാര്‍ഡില്‍ തന്നെ ലഭ്യമാകും. ഡെബിറ്റ് കാര്‍ഡ്- ക്രെഡിറ്റ് കാര്‍ഡ് എന്ന് രീതിയിലാണ് കാര്‍ഡുകള്‍ ഏകീകരിച്ച് നല്‍കുന്നത്. ഇത്രയും കാലം അനേകം കാര്‍ഡുകളുടെ ഭാരം ചുമന്ന് മടുത്ത പേഴ്സിന് ആശ്വാസകരമാണ് ഈ നൂതന സംവിധാനം. 

'ഡ്യൂവോ കാര്‍ഡുകള്‍' എന്നാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഇത്തരം കാര്‍ഡുകള്‍ക്കിട്ടിരിക്കുന്ന പേര്. 2018 ഒക്ടോബറിലാണ് ഈ സംവിധാനം നിലവില്‍ കൊണ്ടുവന്നത്. യൂണിയന്‍ ബാങ്ക് സംവിധാനത്തിന് നല്‍കിയിരിക്കുന്ന പേര് 'കോംപോ കാര്‍ഡുകള്‍' എന്നാണ് കഴിഞ്ഞ നവംബറിലാണ് ഈ സംവിധാനം നിലവില്‍ വന്നത്. 

യൂണിയന്‍ ബാങ്ക് റുപെയുമായി സഹകരിച്ചും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വിസയുമായി സഹകരിച്ചുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ബാങ്കുകളും ഇത്തരം കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ, റുപെ പ്രതിനിധികള്‍ പറയുന്നു. ഇത്തരം കാര്‍ഡുകളുടെ രണ്ട് അറ്റങ്ങളിലും ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും, ഏത് അറ്റം സ്വൈപ്പ് ചെയ്യുന്നുവോ ആ അക്കൗണ്ടില്‍ നിന്ന് ഉപഭോക്താവിന് പണം ലഭിക്കും. കാഴ്ചയില്‍ ഇവ സാധാരണ കാര്‍ഡുകളെപ്പോലെ തന്നെയാകും. സാങ്കേതിക വിദ്യയിലാകും മാറ്റം. കാര്‍ഡിന്‍റെ ഉപഭോഗം പ്രോത്സാഹിപ്പിക്കാന്‍ റിവാര്‍ഡ് പോയിന്‍റുകളും അപകട ഇന്‍ഷുറന്‍സും ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്‍റെ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഓരോ 150 രൂപയുടെ പര്‍ച്ചേസിനും ഒരു റിവാര്‍ഡ് പോയിന്‍റ് വീതം ലഭിക്കും. രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നാല് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് യൂണിയന്‍ ബാങ്കിന്‍റെ വാഗ്ദാനം. ഇത്തരം കാര്‍ഡുകള്‍ക്ക് യൂണിയന്‍ ബാങ്ക് 200 രൂപ ഒറ്റത്തവണ സേവന നിരക്ക് ഈടാക്കും.

എന്നാല്‍ വാര്‍ഷിക ഫീസ് ഇല്ല. ഈ നിരയില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് രണ്ട് തരം കാര്‍ഡുകളാണ് പുറത്തിറക്കുന്നത്. പ്ലസ് കാര്‍ഡും, പ്രീമിയര്‍ കാര്‍ഡും. പ്ലസ് കാര്‍ഡിന് 1,500 രൂപയും പ്രീമിയര്‍ കാര്‍ഡിന് 3,000 രൂപയുമാണ് ഒറ്റത്തവണ ഫീസ്. ഇതിന് പുറമേ വാര്‍ഷിക സര്‍വീസ് ചാര്‍ജായി 799 രൂപയും ഈടാക്കും. 

Follow Us:
Download App:
  • android
  • ios