Asianet News MalayalamAsianet News Malayalam

മൊബൈല്‍ വാലറ്റ് ചതിച്ചാല്‍ പണം പോകും; തിരികെ കിട്ടാന്‍ എന്ത് ചെയ്യണം?

പരാതി പറയാന്‍ സമയപരിധി ഉള്ളപോലെ പണം തിരികെ നല്‍കാന്‍ കമ്പനിക്ക് 10 ദിവസത്തെ സാവകാശം മാത്രം. പല കമ്പനികളും ഇത്തരം അത്യാഹിതകള്‍ക്കെതിരെ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടാകും. ഇന്‍ഷുറന്‍സ് പണം കിട്ടുന്നതുവരെ കാത്ത് നില്‍ക്കാതെ നഷ്ടപ്പെട്ട തീയതി വച്ച് ഇടപാടുകാരന്റെ അക്കൗണ്ടില്‍ പണം വരവ് വച്ച് നല്‍കിയിരിക്കണമെന്നാണ് നിയമം. 

how to manage mobile wallet payment dispute varavum chelavum personal finance column by c s renjith
Author
Thiruvananthapuram, First Published Dec 9, 2019, 5:44 PM IST

how to manage mobile wallet payment dispute varavum chelavum personal finance column by c s renjith

കൂട്ടുകാരുമൊത്ത് അടിപൊളി ഭക്ഷണവും കഴിച്ച് പണം കൊടുക്കാനാണ് മൊബൈല്‍ വാലറ്റില്‍ ശ്രമിച്ചത്. ഹോട്ടലുകാര്‍ക്ക് പണം കിട്ടിയതായി കണ്‍ഫര്‍മേഷന്‍ കിട്ടിയില്ല. ഒരിക്കല്‍ കൂടി ശ്രമിച്ചപ്പോള്‍ അവര്‍ക്ക് പണം കിട്ടി. വാലറ്റ് കമ്പനിയില്‍ നിന്ന് എസ്എംഎസ് വന്നപ്പോള്‍ ഞെട്ടിപ്പോയി, രണ്ട് തവണ തുക കിഴിവ് ചെയ്തിരിക്കുന്നു. ഒന്ന് ആഘോഷിക്കാമെന്ന് കരുതിയാണ് പാര്‍ട്ടി കൂടിയതെങ്കിലും ഡിജിറ്റല്‍ വാലറ്റ് ചതിച്ചതോടെ ആകെ മൂഡ് ഓഫ് ആയി.

മുന്‍കൂര്‍ പണം റീചാര്‍ജ് ചെയ്താല്‍ മാത്രമേ മൊബൈല്‍ വാലറ്റുകള്‍ പ്രവര്‍ത്തിക്കൂ. പ്രീപെയ്ഡ് എന്ന പേരില്‍ അറിയപ്പെടുന്ന മൊബൈല്‍ വാലറ്റുകള്‍ ആവശ്യത്തിന് ഉപയോഗിക്കുമ്പോള്‍ അധികമായിട്ടോ അനധികൃതമായോ പണം നഷ്ടപ്പെട്ടാല്‍ എവിടെ പരാതി പറയും? ആര് പണം തിരിച്ച് നല്‍കും?

നഷ്ടപ്പെട്ട പണം തിരികെ നല്‍കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് നിയമങ്ങള്‍ ഇറക്കിയിട്ടുണ്ട്. സ്വന്തമായി തരികിട പണി ഒന്നും ചെയ്തിട്ടില്ലെങ്കില്‍ ചോര്‍ന്ന് പോയ പണം നഷ്ടപ്പെടില്ല എന്നാണ് റിസര്‍വ് ബാങ്ക് ഉറപ്പിച്ച് പറയുന്നത്. ഇത്തരം സംഭവങ്ങളില്‍ ഇടപാടുകാരന്റെ ബാധ്യത പൂജ്യമാണെങ്കില്‍ ചില്ലറ കാര്യങ്ങളില്‍ ശ്രദ്ധ വേണം.

നിങ്ങളുടെ പണം തിരികെ കിട്ടും, ഉറപ്പ്...

ഇടപാട് കമ്പനിയുടെ ശ്രദ്ധക്കുറവ് മറ്റു തകരാറുകള്‍ എന്നിവ കാരണമാണ് പണം നഷ്ടപ്പെട്ടതെങ്കില്‍ തിരികെ നല്‍കേണ്ട ബാധ്യതയില്‍ നിന്ന് അവര്‍ക്ക് തടിയൂരാനാകില്ല. പണം തിരികെ കിട്ടും, ഉറപ്പ്.

എന്നാല്‍, കമ്പനിയുടേയോ ഇടപാടുകാരന്റെ കുഴപ്പമോ കൊണ്ടല്ലാതെ പണം നഷ്ടപ്പെട്ടാല്‍ സംഗതി മാറും. ഡിജിറ്റല്‍ തട്ടിപ്പുകാരും സൈബര്‍ കൊള്ളക്കാരും പണി തന്നാണ് പണം നഷ്ടപ്പെട്ടതെങ്കില്‍ പലതും സംഭവിക്കാം. ഇടപാട് സംബന്ധിച്ച് ഉടമയ്ക്ക് വിവരം നല്‍കാന്‍ കമ്പനി വീഴ്ച വരുത്തിയാല്‍ മുഴുവന്‍ പണവും അവര്‍ തന്നെ തിരികെ തരണം. ഇനി അറിയിപ്പ് കിട്ടി എന്നിരിയ്ക്കട്ടെ, മൂന്ന് ദിവസത്തിനുളളില്‍ നമ്മുടെ സമ്മതത്തോടെയല്ല പണം തട്ടിക്കൊണ്ട് പോയിരിക്കുന്നത് എന്ന് കമ്പനിയെ വ്യക്തമാക്കി എഴുതി അറിയിച്ചിരിക്കണം. ഒറ്റപൈസ പോലും നഷ്ടമാകില്ല. മൂന്ന് ദിവസം കഴിഞ്ഞാലും ഏഴ് ദിവസത്തിനുള്ളിലെങ്കിലും നമ്മുടെ തര്‍ക്കം കമ്പനിയെ അറിയിച്ചാല്‍ പതിനായിരം രൂപ വരെ തിരികെ കിട്ടും. നഷ്ടപ്പെട്ട പണം അതില്‍ കൂടുതലാണെങ്കില്‍ സ്വാഹഃ. അറിയിപ്പ് കിട്ടിയ ദിവസം കൂടാതെ ഏഴ് ദിവസം കൈയും കെട്ടിയിരുന്നാല്‍ പണം പോയി എന്ന് ഉറപ്പിക്കാം.

വാലറ്റുടമയ്ക്ക് മാത്രമറിയാവുന്ന പിന്‍നമ്പരുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വല്ലവര്‍ക്കും അലക്ഷ്യമായിട്ട് കൊടുത്തിട്ട് പണം നഷ്ടപ്പെട്ടു എന്ന് അലമുറയിട്ടിട്ട് കാര്യമില്ല. ചിലപ്പോള്‍ കമ്പനിയ്ക്ക് ദയ തോന്നി തിരിച്ച് നല്‍കിയാല്‍ ഭാഗ്യം. പേയ്‌മെന്റ് കമ്പനികള്‍ ധര്‍മ്മ സ്ഥാപനങ്ങളല്ല എന്ന് മുന്‍കൂട്ടി മനസ്സിലാക്കണം. ഇടപാടുകാരനെ പ്രതിസ്ഥാനത്ത് നിര്‍ത്തണമെങ്കില്‍ അതിന്റെ തെളിവ് കൊണ്ടു വരേണ്ടത് കമ്പനിയാണ് എന്നത് ആശ്വാസമാണ്. ഒന്നു ചോദിച്ച് നോക്കിയാല്‍ ചിലപ്പോള്‍ തിരികെ കിട്ടിയാലായി.

റിസര്‍വ് ബാങ്ക് മാര്‍ഗരേഖ

പരാതി പറയാന്‍ സമയപരിധി ഉള്ളപോലെ പണം തിരികെ നല്‍കാന്‍ കമ്പനിക്ക് 10 ദിവസത്തെ സാവകാശം മാത്രം. പല കമ്പനികളും ഇത്തരം അത്യാഹിതകള്‍ക്കെതിരെ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടാകും. ഇന്‍ഷുറന്‍സ് പണം കിട്ടുന്നതുവരെ കാത്ത് നില്‍ക്കാതെ നഷ്ടപ്പെട്ട തീയതി വച്ച് ഇടപാടുകാരന്റെ അക്കൗണ്ടില്‍ പണം വരവ് വച്ച് നല്‍കിയിരിക്കണമെന്നാണ് നിയമം. 

പരാതികളുണ്ടെങ്കില്‍ പറയാനായി ഫോണ്‍ നമ്പരും ഇ-മെയില്‍ ഐഡിയും മൊബൈല്‍ ആപ്പില്‍ ലിങ്കും മാത്രമല്ല കമ്പനിയുടെ വെബ്‌സൈറ്റിന്റെ ഹോം പേജില്‍ സംവിധാനമോ നിര്‍ബന്ധമാക്കിക്കൊണ്ടാണ് റിസര്‍വ് ബാങ്കിന്റെ ഇത് സംബന്ധിച്ച മാര്‍ഗരേഖ. 

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ സ്വന്തം സാമ്പത്തികാരോഗ്യം പരിശോധിക്കാറുണ്ടോ?, സാമ്പത്തികാരോഗ്യം വര്‍ധിപ്പിക്കാനുളള അഞ്ച് വഴികള്‍ 

#2 നിങ്ങളുടെ മെഡിക്കല്‍ ക്ലെയ്മുകള്‍ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല !, ചതിയില്‍ വീഴാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ടത്

#3 രോഗമോ അപകടമോ വരുമ്പോള്‍ ആരാണ് മികച്ച കൂട്ടുകാരന്‍: പോളിസി ഗ്രൂപ്പ് വേണോ സ്വന്തം വേണോ?

#4 രൊക്കം പണം നല്‍കി ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങാം !, പുതിയകാല കൊളളയുടെ രീതികള്‍

#5 ബൈക്കുളളവര്‍ മറന്നുപോകാം, പക്ഷേ മറക്കരുത്: ചെറിയ തുകയ്ക്ക് നിങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാം

Follow Us:
Download App:
  • android
  • ios