ഗുജറാത്തില്‍ ടയര്‍ റിപ്പയര്‍ കട നടത്തുന്ന ഇടുക്കിക്കാരന്‍ ജോര്‍ജ്ജുകുട്ടി പഠിച്ചത് നഴ്‌സിങ് ആണ്. പ്രത്യേകിച്ച് ജാമ്യമൊന്നും നല്‍കേണ്ടതില്ലാത്തതിനാല്‍ നാല് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ എടുത്ത് ആന്ധ്രയില്‍ ഒരു പാരലല്‍ കോളേജ് പോലെത്തെ സ്ഥാപനത്തില്‍ നിന്നാണ് നഴ്‌സിങ് പാസായത്. രണ്ട് വര്‍ഷത്തോളം നഴ്‌സ് ആകാന്‍ ശ്രമം നടത്തി. ആശുപത്രിക്കാര്‍ പണി നല്‍കിയില്ല. 

പണി നല്‍കാമെന്ന് പറഞ്ഞവര്‍ തരാമെന്നേറ്റ ശമ്പളം വായ്പ തിരിച്ചടവിന് പോലും തികയില്ല. ബാങ്കുകാരുടെ സമ്മര്‍ദ്ദം കൂടിയപ്പോഴാണ് ഗുജറാത്തിലേയ്ക്ക് പോന്നത്. വകയില്‍ ഒരു ചേട്ടനാണ് ടയറ് കട തുടങ്ങാന്‍ സൗകര്യമാക്കി കൊടുത്തത്. വായ്പയില്‍ ഉണ്ടായിരുന്ന കുടിശ്ശിക തിരികെ കിട്ടിയതോടെ ബാങ്കുകാര്‍ക്കും സന്തോഷം. കെട്ടുപ്രായം കഴിഞ്ഞെന്ന് അമ്മച്ചി പറഞ്ഞെങ്കിലും ചില ആലോചനകളൊക്കെ വരുന്നുണ്ട്.
നഴ്‌സിങ് കോളേജുകളുടെ ഏജന്റുമാരാണ് വിദ്യാഭ്യാസ വായ്പ തരപ്പെടുത്തുന്നത്. നാല് ലക്ഷം രൂപാവരെ ജാമ്യമില്ലാതെ വായ്പ അനുവദിക്കുമെന്ന് കരുതി അത്രയും തുകയെടുത്ത് കോളേജുകള്‍ക്ക് നല്‍കിയാല്‍ മാനേജ്‌മെന്റ് മാത്രമേ രക്ഷപ്പെടൂ !. 

അടുത്ത കാലത്തായി ചില എഞ്ചിനീയറിംഗ് കോളേജുകളും വിദ്യാഭ്യാസ വായ്പ തരപ്പെടുത്തി കുട്ടികളെ ക്യാന്‍വാസ് ചെയ്യാന്‍ ഇറങ്ങിയിട്ടുണ്ട്. അപേക്ഷാഫോറം പൂരിപ്പിക്കലും രേഖകളും ഫോട്ടോകോപ്പി എടുക്കലും ഒക്കെ ഏജന്റുമാര്‍ നോക്കിക്കൊള്ളും. അവര്‍ പറയുന്നിടത്തൊക്കെ വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ഒപ്പിട്ട് നല്‍കിയാല്‍ മതി. അനുവദിച്ച വായ്പ അപ്പാടെ കോളേജുകാര്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുത്തുകൊള്ളും. വണ്ടിക്കൂലിയ്ക്കും ഭക്ഷണത്തിനും സ്വന്തം കാശ് കാണണം. ഭക്ഷണം സ്വയം പാകം ചെയ്ത് കഴിയാം. എന്നിങ്ങനെയുള്ള അധിക സൗകര്യവുമുണ്ട്.

വായ്പ ആവശ്യത്തിന് മാത്രം !

ബാങ്കുകാരുമായി ടൈ അപ്പ് ഉള്ളതിനാല്‍ വായ്പ എളുപ്പം അനുവദിക്കും. പുറത്ത് നിന്ന് ജാമ്യം നല്‍കേണ്ടാത്തതിനാല്‍ നടപടികള്‍ എളുപ്പം. നാല് ലക്ഷം രൂപാ വരെ സുഗമമായി ലഭിക്കും.

ഇതൊന്നും വിദ്യാഭ്യാസ വായ്പ എടുക്കാന്‍ മതിയായ കാരണങ്ങളല്ല. പഠിക്കുന്ന കോഴ്‌സിന് തെരഞ്ഞെടുക്കുന്ന കോളേജില്‍ യഥാര്‍ത്ഥത്തില്‍ എന്ത് ചെലവ് വരും എന്ന് വ്യക്തമായി മനസ്സിലാക്കി ആവശ്യത്തിന് മാത്രം വായ്പ എടുക്കണം. യാതൊരു സൗകര്യങ്ങളും ഇല്ലാത്ത പെട്ടി കട കോളേജുകള്‍ക്ക് വായ്പ എടുത്ത് നല്‍കിയാല്‍ ബാങ്കുകാര്‍ വെറുതെ വിടില്ല.

വായ്പ എടുത്തിട്ടായാലും അല്ലാതെയും തെരഞ്ഞെടുക്കുന്ന കോഴ്‌സ് പഠിച്ചിറങ്ങിയാല്‍ ആര് തൊഴില്‍ തരും എന്ന് മുന്‍കൂട്ടി ഒന്ന് അന്വേഷിക്കുന്നതും നല്ലതാണ്. മൂന്നോ നാലോ കൊല്ലം കൊണ്ട് പഠിച്ചിറങ്ങി ഒന്നും രണ്ടും കൊല്ലം ജോലി തേടി നടക്കുമ്പോഴേയ്ക്ക് എടുത്ത വായ്പ ഏതാണ്ട് ഇരട്ടിയായി തിരിച്ചടയ്ക്കാന്‍ ബാക്കി നില്‍ക്കുന്നുണ്ടാവും.

പണി കിട്ടിയിട്ട് തിരിച്ചടയ്ക്കാം എന്ന് എല്ലാ കാലവും ബാങ്കുകാരോട് പറയാനാകില്ല. കിട്ടുന്ന ജോലി ഏറ്റെടുത്ത് ഉള്ള ശമ്പളം വാങ്ങിയാല്‍ വായ്പ തിരിച്ചടയ്ക്കാനുള്ള മാസതവണ പോലും ഉണ്ടാകില്ല. അപ്പോള്‍ പിന്നെ അത്തരം കോഴ്‌സുകള്‍ക്കായി വിദ്യാഭ്യാസ വായ്പ എടുത്ത് സ്വയം കടക്കെണിയിലാകണോ?

എഞ്ചിനീയറിംഗ് തുടങ്ങി ചില കോഴ്‌സുകള്‍ പഠിച്ചിറങ്ങിയാലും പണി കിട്ടാന്‍ വിഷമം. എന്നാ പിന്നെ  പിജി കോഴ്‌സിന് പൊയ്ക്കളയാം എന്നാണ് മിക്കവരുടേയും ചിന്ത. എടുത്ത വിദ്യഭ്യാസ വായ്പ നില്‍ക്കുമ്പോള്‍ തന്നെ പിജി യ്ക്ക് പഠിക്കാന്‍ ഒരു ടോപ്പ് അപ്പും സംഘടിപ്പിക്കും. ഏഴര ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയ്ക്ക് വസ്തു ജാമ്യം നല്‍കേണ്ട എന്നതാണ് പലപ്പോഴും ടോപ്പ് അപ്പ് വായ്പയ്ക്ക് പ്രേരിപ്പിക്കുന്നത്. പിജി കോഴ്‌സ് ചെയ്താല്‍ തൊഴില്‍ ലഭിക്കാന്‍ സാധ്യത കൂടുമെന്നോ കൂടുതല്‍ ശമ്പളം ലഭിക്കുമെന്നോ ഉറപ്പില്ലാത്ത സന്ദര്‍ഭങ്ങളില്‍ ടോപ്പ് അപ്പ് വിദ്യാഭ്യാസ വായ്പ ആളെ വെട്ടിലാക്കും.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക