കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ എ പി സുന്നി വിഭാഗം ഇക്കുറി യുഡിഎഫിനെ പിന്തുണച്ചേക്കും. മണ്ഡലത്തിൽ 16,000ത്തോളം വോട്ടുകൾ ഉണ്ടെന്നാണ് എ പി വിഭാഗത്തിന്റെ അവകാശവാദം. ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീൻ പറഞ്ഞു.

സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെന്ന പോലെ മഞ്ചേശ്വരത്തും കാന്തപുരം വിഭാഗം എൽഡിഎഫിനായിരുന്നു ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലും പിന്തുണ നൽകി വന്നത്. ഇ കെ വിഭാഗത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്ന മുൻ എംഎൽഎ പി ബി അബ്ദുൾ റസാഖിനോട് എ പി വിഭാഗം കൂടുതൽ അകലം പാലിക്കുകയും ചെയ്തു. മാത്രമല്ല ഒരു വിഭാഗം എ പി വോട്ടുകൾ ബിജെപിക്ക് മറിച്ചെന്നും ആരോപണമുണ്ടായി.

എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിനു തൊട്ടടുത്തെത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. വിവിധ മുസ്ലിം സമുദായ ഗ്രൂപ്പുകൾക്കൊപ്പം എ പി സുന്നി വിഭാഗവും യുഡിഎഫ് പക്ഷത്തേയ്ക്ക് ചാഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എ പി വിഭാഗം രാജ്മോഹൻ ഉണ്ണിത്താനാണ് പിന്തുണ നൽകിയത്. 

മഞ്ചേശ്വരം മണ്ഡലത്തിൽ ഉണ്ണിത്താൻ നേടിയ 11000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ പി വിഭാഗത്തിന്റെ നിലപാടും നിർണായകമായെന്നതിന് ഇടത് വോട്ടുകളിൽ വന്ന കുറവ് പരിശോധിച്ചാൽ മതി. 2016ൽ സി എച്ച് കുഞ്ഞമ്പു മഞ്ചേശ്വരം മണ്ഡലത്തിൽ 42000 വോട്ടുകൾ നേടിയിരുന്നെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ പി സതീഷ് ചന്ദ്രന് ഇവിടെ നിന്ന് കിട്ടിയത് 32000 ത്തോളം വോട്ടുകൾ മാത്രം. ഓരോ വോട്ടും നിർണായകമായതിനാൽ എ പി വിഭാഗത്തിന്റെ പിന്തുണ നിലനിർത്താൻ യുഡിഎഫ് നേരത്തെ ശ്രമങ്ങൾ തുടങ്ങിയിരുന്നു.

വോർക്കാടി, പുത്തിഗെ, പൈവളിഗെ പഞ്ചായത്തുകളിലാണ് എ പി വിഭാഗത്തിന് കാര്യമായ സ്വാധീനമുള്ളത്. തെരഞ്ഞെടുപ്പിന് മുമ്പ് നിലപാട് പരസ്യമാക്കുമെന്നും എ പി വിഭാഗം നേതാക്കൾ പറഞ്ഞു. നേരത്തെ ബിജെപിക്കുൾപ്പെടെ പിന്തുണ നൽകിവന്ന അനഫി വിഭാഗവും ഇക്കുറി യുഡിഎഫിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. ബിജെപി സ്ഥാനാർത്ഥിയായി രവിശ തന്ത്രി കണ്ഠാർ എത്തിയതും വിവിധ മുസ്ലിം സംഘടനകളുടെ ഏകീകരണത്തിന് ശക്തി പകർന്നിട്ടുണ്ട്.