Asianet News MalayalamAsianet News Malayalam

എൽഡിഎഫ് - ബിജെപി വോട്ട് കച്ചവടത്തിന് തെളിവുണ്ട്: പിണറായിയെ വെല്ലുവിളിച്ച് മുല്ലപ്പള്ളി

എൻഡിഎയും എൽഡിഎഫും തമ്മിൽ വോട്ട് കച്ചവടം നടത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നുവരുന്നുവെന്നും ഇതിന് ആധികാരികമായ തെളിവുണ്ടെന്നും മുല്ലപ്പള്ളി. 

bjp will sell votes to ldf in bypolls alleges mullappally ramachandran
Author
Thiruvananthapuram, First Published Oct 1, 2019, 12:54 PM IST

കാസർകോട്: വരാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ വോട്ട് കച്ചവടം നടത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നുവരുന്നെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതിന് ആധികാരികമായ തെളിവുകൾ കെപിസിസിയുടെ പക്കലുണ്ട്. സമയമാകുമ്പോൾ പുറത്തുവിടും. ഇതിൽ ബിജെപി പ്രതികരണം നടത്തട്ടെ. അതല്ലെങ്കിൽ ഈ ആരോപണം മുഖ്യമന്ത്രി നിഷേധിക്കട്ടെയെന്നും മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ ഇറക്കുന്നതിന് പകരം ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ ഇറക്കിയത് വോട്ട് കച്ചവടത്തിന്‍റെ ഭാഗമാണെന്ന് ആരോപണമുയർന്നിരുന്നു. പാലായിലും ബിജെപിയുടെ വോട്ട് കുത്തനെ കുറയാൻ കാരണം എൽഡിഎഫിന് വോട്ട് മറിച്ചതാണെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ആരോപിച്ചത്. സ്വന്തം പാളയത്തിലെ തമ്മിലടി കാരണമല്ല വോട്ട് കുറഞ്ഞതെന്നും, രണ്ടില ചിഹ്നം കിട്ടാത്തതും ചെറിയ തിരിച്ചടിയ്ക്ക് കാരണമായി എന്നായിരുന്നു ജോസ് കെ മാണി പറഞ്ഞത്. പിന്നീട് തോൽവിയ്ക്ക് കാരണമായി ഇരുവരും കുറ്റപ്പെടുത്തിയത് പി ജെ ജോസഫിനെയാണ്. എന്നാൽ വോട്ടെണ്ണുന്നതിന് മുമ്പ്, പാലായിൽ യുഡിഎഫും ബിജെപിയും വോട്ട് കച്ചവടം നടത്തിയെന്ന് എൽഡിഎഫ് സ്ഥാനാ‍ർത്ഥി മാണി സി കാപ്പനും ആരോപിച്ചിരുന്നു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ എണ്ണായിരം വോട്ടുകൾ പാലായിൽ എൽഡിഎഫിന്‍റെ പോക്കറ്റിൽ നിന്ന് പോയി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴായിരത്തോളം വോട്ടുകൾ പോയി. അഞ്ച് മാസം മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ നിന്ന് ബിജെപിക്ക് 20 ശതമാനം വോട്ട് കിട്ടിയെങ്കിൽ, ഇത്തവണ അത് 14 ശതമാനമായി ഇടിഞ്ഞു. ഇതിനെന്ത് മറുപടി പറയുമെന്ന് അറിയാതെ ഇരിക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. അടുത്ത അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൃത്യമായ വോട്ട് വിഹിതം കിട്ടിയില്ലെങ്കിൽ വോട്ട് കച്ചവടമെന്ന് ഇരുമുന്നണികളും പരസ്പരം പഴിചാരുന്നതിന് ബിജെപി മറുപടി കൊടുക്കേണ്ടി വരും. 

Read More: ഇടുക്കിയിലേത് പോലെ പാലായിലും ബിഡിജെഎസ് വോട്ടുമറിച്ചു: മുൻ എൻഡിഎ സ്ഥാനാർത്ഥി

തിരിച്ചടിച്ച് സിപിഎം

എന്നാൽ ഈ ആരോപണം കടുത്ത ഭാഷയിൽ നിഷേധിക്കുകയാണ് സിപിഎം. തോൽക്കുമെന്ന പേടിയാണ് മുല്ലപ്പള്ളിയെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ തിരിച്ചടിച്ചു. തെളിവുണ്ടെങ്കിൽ മുല്ലപ്പള്ളി അത് കൊണ്ടു വരട്ടെ. ബിജെപിയിലേക്ക് കോൺഗ്രസുകാർ ഒഴുകുകയാണ്. മുല്ലപ്പള്ളിയും മുരളീധരനും എന്ന് ബിജെപിയിലേക്ക് പോകുമെന്ന് നോക്കിയാൽ മതി. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടക്കുന്നത് കാക്ക മലർന്ന് പറക്കുന്ന കാലത്തായിരിക്കും. പാലായിലെ ഭയം കണ്ട് പേടിച്ചിരിക്കുകയാണ് കോൺഗ്രസെന്നും ആനത്തലവട്ടം പരിഹസിച്ചു. 

Follow Us:
Download App:
  • android
  • ios