Asianet News MalayalamAsianet News Malayalam

ശബരിമല പോലൊരു പ്രശ്‌നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാനാകില്ല-ടി പി സെന്‍കുമാര്‍

വട്ടിയൂര്‍ക്കാവില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയായി വരുമെന്ന പ്രതീക്ഷ നല്‍കുന്നു, അദ്ദേഹം മത്സരിക്കാന്‍ പോകുന്നതായി ആളുകള്‍ കരുതുന്നു  അവസാന നിമിഷം വേറൊരാള്‍ മത്സരിക്കുന്നു. ഇത്തരത്തില്‍ ജനങ്ങളെ ആശയക്കുഴപ്പിലാക്കിയത് ബിജെപിക്ക് തിരിച്ചടിയായി.

konni by election result analysis by t p senkumar former dgp of Kerala
Author
Thiruvananthapuram, First Published Oct 24, 2019, 6:33 PM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ താമസമുണ്ടായതാണ് ബിജെപിക്ക് വലിയ പരാജയമുണ്ടാകാന്‍ കാരണമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ക്കുമാകില്ല. എന്നാല്‍, കോന്നിയില്‍ ശബരിമല ഘടകമായതുകൊണ്ടാണ് സുരേന്ദ്രന്‍റെ വോട്ടില്‍ വലിയ കുറവ് വരാതിരുന്നത്. പോളിംഗ് ശതമാനം കുറഞ്ഞതിനനുസരിച്ച് ബിജെപിക്ക് വോട്ടു കുറഞ്ഞു എന്നതിനപ്പുറം വലിയ വോട്ട് ചോര്‍ച്ച ബിജെപിക്ക് കോന്നിയില്‍ ഉണ്ടായില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്‍റെ ഭാഗമായ കോന്നി നിയോജക മണ്ഡലത്തില്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  കെ. സുരേന്ദ്രന്‍ 45,506 വോട്ട് പിടിച്ചപ്പോള്‍ ഇപ്രാവശ്യം അത് 39,786 വോട്ടായി കുറഞ്ഞു. 9,953 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിന്‍റെ ജനീഷ് കുമാര്‍ കോന്നിയില്‍ വിജയിച്ചത്. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.

"വട്ടിയൂര്‍ക്കാവില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയായി വരുമെന്ന പ്രതീക്ഷ നല്‍കുന്നു, അദ്ദേഹം മത്സരിക്കാന്‍ പോകുന്നതായി ആളുകള്‍ കരുതുന്നു  അവസാന നിമിഷം വേറൊരാള്‍ മത്സരിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ ഇത്തരം പ്രശ്നങ്ങളാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 20,000 ത്തിലധികം വോട്ട് ബിജെപിക്ക് കുറയാന്‍ ഇടയാക്കിയത്" സെന്‍കുമാര്‍ പറഞ്ഞു. 

80 ശതമാനത്തിന് മുകളില്‍ ഹിന്ദു വോട്ടുകളുളള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 40 ശതമാനം നായര്‍ വിഭാഗത്തിന്‍റേതല്ലാത്ത വോട്ടുണ്ട്. എന്‍എസ്എസിന്‍റെ ആളുകള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പിടിക്കാന്‍ ശ്രമിച്ചാല്‍ മറുഭാഗത്ത് അതിന് എതിരായ ഒരു ട്രെന്‍ഡ് ഉണ്ടാകും. ഈ ട്രെന്‍ഡിനൊപ്പം നായര്‍ വിഭാഗത്തിലെ തന്നെ ഇടതുപക്ഷ കേഡര്‍ വോട്ടുകളും കൂടി ചേര്‍ന്നതാകാം പ്രശാന്തിന് വലിയ വിജയം സമ്മാനിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

കോന്നിയില്‍ എല്‍ഡിഎഫ് വിജയിക്കാന്‍ കാരണം യുഡിഎഫിലെ തര്‍ക്കങ്ങളാണ്. കോന്നിയില്‍ അവിടെ എംഎല്‍എ ആയിരുന്നു അടൂര്‍ പ്രകാശിന്‍റെ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ യുഡിഎഫ് വിജയിക്കുമായിരുന്നുവെന്ന് തോന്നുന്നു. കോന്നിയുടെ ചില പ്രദേശങ്ങളില്‍ സമുദായിക ദ്രുവീകരണം സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. അത് കൂടുതല്‍ പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും ടി പി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. 

"തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ഏത് പാര്‍ട്ടിയാണെങ്കിലും മാസങ്ങള്‍ക്ക് മുന്നേ തയ്യാറെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞിട്ട് താഴേത്തട്ടില്‍ പോയി പ്രവര്‍ത്തിച്ചതുകൊണ്ട് വിജയിക്കില്ല. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ ഇതേ അനുഭവം എല്ലാവര്‍ക്കും ഉണ്ടാകും". അദ്ദേഹം പറഞ്ഞു.  
 

Follow Us:
Download App:
  • android
  • ios