Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; 58,138 പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷാചുമതല

സുരക്ഷാചുമതലയ്ക്കായി 58,138 പൊലീസ് ഉദ്യോഗസ്ഥരെയും 11,781 സ്പെഷ്യൽ പൊലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.  പ്രശ്‌ന സാധ്യതയുള്ള 272 സ്ഥലങ്ങളിൽ അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

lok sabha elections 2019 high security in kerala
Author
Thiruvananthapuram, First Published Apr 21, 2019, 4:20 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായതായി ഡിജിപി ലോക്നാഥ് ബെഹ്റ. സുരക്ഷാചുമതലയ്ക്കായി 58,138 പൊലീസ് ഉദ്യോഗസ്ഥരെയും 11,781 സ്പെഷ്യൽ പൊലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.  പ്രശ്‌ന സാധ്യതയുള്ള 272 സ്ഥലങ്ങളിൽ അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിപൂർവ്വവും ഭയരഹിതവുമായി  വോട്ടെടുപ്പ് പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ലോകനാഥ് ബെഹ്‌റ അറിയിച്ചു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇലക്ഷൻ സെല്ലിന്‍റെ  നേതൃത്വത്തിൽ സംസ്ഥാനത്ത് എമ്പാടും തെരഞ്ഞെടുപ്പിനായി പൊലീസ് സേനയെ വിന്യസിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.

തെരഞ്ഞെടുപ്പു ജോലികൾക്കായി കേരളാ പൊലീസിൽ നിന്ന് മാത്രം 58,138 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. ഇവരിൽ 3,500 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. 240 ഡിവൈഎസ്പിമാർ, 677 ഇൻസ്‌പെക്റ്റർമാർ, 3,273 എസ് ഐ /എ എസ് ഐമാർ എന്നിവരും അടങ്ങിയതാണ് കേരളാ പൊലീസിന്‍റെ സംഘം. കൂടാതെ സി ഐ എസ് എഫ്, സി ആർ പി എഫ്, ബി എസ് എഫ് എന്നിവയിൽ നിന്ന് 55 കമ്പനി ജവാൻമാരും തമിഴ്‌നാട്ടിൽ നിന്ന് 2,000 പൊലീസ് ഉദ്യോഗസ്ഥരും കർണ്ണാടകത്തിൽ നിന്ന്   1,000 പൊലീസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ജോലികൾക്കായി കേരളത്തിലെത്തിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് ജോലികൾക്ക് പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കേരളാ പൊലീസ് ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് 11,781 പേരെ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയോഗിച്ചു. വിരമിച്ച സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയും എൻ സി സി, നാഷണൽ സർവ്വീസ് സ്‌ക്കീം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയിൽ പ്രവർത്തിച്ച് പരിചയം ഉള്ളവരെയുമാണ് സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയോഗിച്ചത്. ഇവർക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 

അനിഷ്ടസംഭവങ്ങള്‍ നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുവീതം 957 പട്രോൾ സംഘങ്ങൾ വേറെയുമുണ്ടാകും. ഈ സംഘങ്ങൾ ഞായറാഴ്ച വൈകിട്ടുതന്നെ പ്രവർത്തനക്ഷമമായി. പൊലീസ് സ്റ്റേഷൻ, ഇലക്ഷൻ സബ് ഡിവിഷൻ, ജില്ലാതലങ്ങളിൽ സ്‌ട്രൈക്കിങ് സംഘങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.  അനധികൃതമായി പണം കൊണ്ടുപോകുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിനായി 402 ഫ്‌ളൈയിങ് സ്‌ക്വാഡുകളും 412 സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളും രംഗത്തുണ്ട്.
    
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ സഹായത്തോടെ കണ്ടെത്തിയ പ്രശ്‌നസാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പൊലീസ് സംഘത്തെ വിന്യസിച്ചു. പട്ടികവർഗ്ഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ അവർക്ക് തടസ്സമില്ലാതെ ബൂത്തുകളിൽ എത്താനും സമ്മതിദാനാവകാശം വിനിയോഗിക്കാനും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തി. ഈ മേഖലകളിൽ മുഴുവൻ സമയവും അതീവജാഗ്രത  പുലർത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള 3,567 ബൂത്തുകളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള 68 ബൂത്തുകളിലും തിരഞ്ഞെടുപ്പുപ്രക്രിയ സുഗമമാക്കുന്നതിനായി അധികസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios