തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധിയില്‍ നിന്ന് പാഠം പഠിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള പിണറായിയുടെ ആദ്യ പ്രതികരണത്തെ വിമര്‍ശിക്കുകയായിരുന്നു ചെന്നിത്തല. 

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദിക്കും പിണറായിക്കും എതിരാണ്. മുഖ്യമന്ത്രിയായി ഭരണത്തിൽ തുടരാൻ പിണറായിക്ക് ധാർമിക അവകാശമില്ലെന്നും രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ശൈലി യുഡിഎഫിന് ഗുണമാണ്. മുഖ്യമന്ത്രി ഇപ്പോഴത്തെ ശൈലി മാറ്റരുതെന്നാണ് യുഡിഎഫിന്‍റെ ആഗ്രഹമെന്നും ചെന്നിത്തല പരിഹസിച്ചു.

ബിജെപിക്ക് പോയത് സി പി എമ്മിന്‍റെ വോട്ടുകളാണെന്നും തിരിച്ചടി തിരിച്ചറിയാത്തത് കേരളത്തിൽ പിണറായി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജെപിയെ ദുർബലപ്പെടുത്തി കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പത്തനംതിട്ടയിൽ ബിജെപി ജയിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഗ്രഹമെന്നും മൂന്ന് കോടി ജനങ്ങൾക്ക് തെറ്റ് പറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Also Read: 'എന്‍റെ ശൈലി മാറില്ല', ശബരിമല ജനവിധിയെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ