കേരളത്തില്‍ കോണ്‍ഗ്രസ് മതേതര നാടകം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഹിന്ദുവിശ്വാസത്തെയും ആചാരങ്ങളെയും തകര്‍ക്കാന്‍ കോണ്‍ഗ്രസ് കൂട്ട് നില്‍ക്കുകയാണ്. ഇത് ആഗ്രഹിക്കുന്ന ആളുകളുമായി രാഹുല്‍ സഹകരിക്കുകയാണ്. രാഹുലിന് വയനാട്ടിലെ ജനം ചുട്ട മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെന്നൈയിൽ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് സ്മൃതി സംസാരിച്ചത്.

സ്മൃതിയുമായി നടത്തിയ പൂർണ അഭിമുഖത്തിലേക്ക്:

# അമേഠിയിൽ താങ്കൾക്കെതിരെ മത്സരിക്കുന്ന രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിക്കുന്നുണ്ടല്ലോ? അതിനെ എങ്ങനെ കാണുന്നു?

ഉ : ഇത്ര മാത്രം പറയാം. കഴിഞ്ഞ പതിനഞ്ച് വർഷമായി അമേഠിയിലെ അവസ്ഥ വയനാട്ടിലെ ജനങ്ങൾ കാണണം. അമേഠിയുടെ അവസ്ഥ പരിതാപകരമാണ്. അവിടെ റോഡില്ല, അഴുക്കുചാലാണ്. കുടിക്കാൻ വെള്ളമില്ല. വെറും മൺവീടുകൾ മാത്രമേയുള്ളൂ. അമേഠിയിൽ പതിനഞ്ച് വർഷമായി ഒന്നും ചെയ്യാത്ത രാഹുൽ വയനാട്ടിൽ വന്ന് എന്തു ചെയ്യാനാണ്?

# വയനാട്ടിൽ രാഹുലിന്‍റെ തന്ത്രങ്ങൾ ഫലിക്കുമോ? 

ഉ : നിങ്ങൾ അമേഠിയിലേക്ക് നോക്കൂ. അവിടെ വന്ന് നോക്കി സത്യം മനസ്സിലാക്കൂ. 

# ശബരിമല വിഷയം ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് പുറത്ത് പ്രചാരണം നടത്തുന്നത്. അതേക്കുറിച്ച്?

ഉ : ഹിന്ദു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നശിപ്പിക്കുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും. വിശ്വാസത്തിൽ കളങ്കം സൃഷ്ടിക്കുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. ഇതിന് കൂട്ടു നിൽക്കുന്ന പാർട്ടിയുമായി കേരളത്തിന് പുറത്ത് സഹകരിക്കുകയാണ് രാഹുൽ ഗാന്ധി. കേരളത്തിൽ ക്രിസ്ത്യൻ വ്യക്തിയുടെ കൈ വെട്ടിയ പാർട്ടിയുമായി രാഹുൽ സഹകരിക്കുകയല്ലേ? അങ്ങനെയൊരാൾക്ക് മതേതരത്വത്തെക്കുറിച്ച് പറയാൻ എന്തവകാശം? ഇത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണം.