Asianet News MalayalamAsianet News Malayalam

രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പരാമർശം; മോദിയ്ക്ക് ക്ലീൻ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രി തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്നും കോൺഗ്രസ് ഹർജിയിൽ ആരോപിച്ചിരുന്നു

statement of modi on rajiv gandhi is not violation of election code of conduct
Author
Delhi, First Published May 7, 2019, 10:38 PM IST

ദില്ലി: രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മോദിക്കെതിരായി കോൺഗ്രസ് നൽകിയ പരാതി കമ്മീഷൻ തള്ളി. കോൺഗ്രസ് എംപി സുഷ്മിത ദേവാണ് ഹർജി നൽകിയത്. 

ഒന്നാം നമ്പർ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി ജീവിതം അവസാനിപ്പിച്ചതെന്ന മോദിയുടെ പരാമ‌ർശത്തിനെതിരെയായിരുന്നു, കോൺഗ്രസിന്‍റെ നിയമ നടപടി. പ്രധാനമന്ത്രി തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്നും കോൺഗ്രസ് ഹർജിയിൽ ആരോപിച്ചിരുന്നു.

ഈ തെരഞ്ഞെടുപ്പ് കാലത്ത് മോദിയ്ക്ക് ഒമ്പതാം തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ പരാതികളിലായി ക്ലീൻ ചിറ്റ് നൽകുന്നത്. കഴിഞ്ഞ ദിവസം ബലാകോട്ട് മിന്നലാക്രമണത്തെ പരാമര്‍ശിച്ച് പ്രസംഗിച്ച സംഭവത്തിലും വോട്ടെടുപ്പ് ദിവസം അഹമ്മദാബാദിൽ റോഡ് ഷോ നടത്തിയെന്ന പരാതിയിലും മോദിയ്ക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 

അതേസമയം എട്ടാമത്തെ പരാതിയില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ കമ്മീഷണർ അശോക് ലവാസ എതിർക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷാപാതപരമായ നിലപാടെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നതിനിടെയാണ് വീണ്ടും കമ്മീഷന്‍ മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ വോട്ടു ചോദിച്ചെന്ന കോണ്‍ഗ്രസിന്‍റെ പരാതിയിലും മോദിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീൻ ചിറ്റ് നല്‍കിയിരുന്നു.  

നരേന്ദ്രമോദി ചട്ടം ലംഘിച്ചില്ലെന്ന നിഗമനത്തിൽ എത്താനുള്ള കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ ഇല്ലെന്ന് കോൺഗ്രസ് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചിരുന്നു. ക്ലീൻ ചിറ്റ് നല്കാനുള്ള തീരുമാനത്തെ എതിര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ ഒരാളായ അശോക് ലവാസയെ തള്ളിയാണ് ഭൂരിപക്ഷ തീരുമാനപ്രകാരം ഉത്തരവ് തയ്യാറാക്കിയതെന്ന വിവരവും പുറത്തു വന്നു.

Follow Us:
Download App:
  • android
  • ios