തിരുവനന്തപുരം: ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും പൊതുവിലുള്ള സമീപനത്തിലും അതൃപ്തി അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചയിൽ ജില്ലാ കളക്ടറോട് ടിക്കാറാം മീണ വിശദീകരണം തേടി. ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം.

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. സൂക്ഷ്മ പരിശോധന ഫലം വൈകുന്നതടക്കമുള്ള ഏകോപന കുറവും പ്രകടമായിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ  ടിക്കാറാം മീണ അതൃപ്തി രേഖപ്പെടുത്തിയത്. ജില്ലാ കളക്ടർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാറ്റണോ വേണ്ടയോ എന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങണോ എന്ന് തീരുമാനിക്കുക. തെരഞ്ഞെടുപ്പ് പ്രവ‍ർത്തനങ്ങളുടെ ചുമതല നിർവഹിക്കാൻ പല വിഭാഗങ്ങളിലായ പത്തിലേറെ ഉദ്യോഗസ്ഥരെ ആണ് വട്ടിയൂർക്കാവിൽ നിയമിച്ചിരുന്നത്.