Asianet News MalayalamAsianet News Malayalam

എറണാകുളത്ത് ഇടത് കേന്ദ്രങ്ങളും തകര്‍ത്ത് യുഡിഎഫ്; പിതാവിന്‍റെ റെക്കോര്‍ഡ് മറികടന്ന് ഹൈബി

എറണാകുളത്ത് മികച്ച സ്ഥാനാർത്ഥിയെ കളത്തിലിറക്കിയിട്ടും തങ്ങളുടെ മുഖത്തേറ്റ പ്രഹരം സിപിഎം പ്രതീക്ഷിച്ചിരുന്നതേയല്ല. ബിജെപി പ്രതീക്ഷിച്ചിരുന്ന വോട്ടുകൾ കിട്ടിയില്ലെന്ന് മാത്രമല്ല, ഈ വോട്ടുകൾ ഹൈബിയെ തുണക്കുകയും ചെയ്തു.

udf win ernakulam lok sabha constituency
Author
Kochi, First Published May 23, 2019, 11:45 PM IST

കൊച്ചി: പരമ്പരാഗത യു‍ഡിഎഫ് കോട്ടകളിൽ മാത്രമല്ല ഇടതുശക്തികേന്ദ്രങ്ങളിലും കടന്നുകയറിയതാണ് എറണാകുളത്ത് ഹൈബി ഈഡന് ഒന്നരലക്ഷത്തിന്‍റെ ഭൂരിപക്ഷം സമ്മാനിച്ചത്. മികച്ച സ്ഥാനാർത്ഥിയെ കളത്തിലിറക്കിയിട്ടും തങ്ങളുടെ മുഖത്തേറ്റ പ്രഹരം സിപിഎം എറണാകുളത്ത് പ്രതീക്ഷിച്ചിരുന്നതേയല്ല. ബിജെപി പ്രതീക്ഷിച്ചിരുന്ന വോട്ടുകൾ കിട്ടിയില്ലെന്ന് മാത്രമല്ല, ഈ വോട്ടുകൾ ഹൈബിക്ക് തുണയാവുകയും ചെയ്തു.

തന്‍റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് എറണാകുളത്ത് ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളം ലോക്സഭ സ്ഥാനാര്‍ഥി ഹൈബി ഈഡന്‍. 1,69,510 വോട്ടുകളുടെ റെക്കാര്‍ഡ് ഭൂരിപക്ഷം നേടി ചരിത്രവിജയം നേടിയാണ് എറണാകുളത്തിന്‍റെ എംഎല്‍എയായ ഹൈബി ഈഡന്‍ ലോക്‌സഭയുടെ പടികള്‍ കയറാനൊരുങ്ങുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിന്‍റെ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ ഇത്തവണ സ്വന്തമാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

2009 ൽ  തൃക്കാക്കരയുടെയും കളമശേരിയുടെയും മാത്രം പിൻബലത്തിലാണ് കെവി തോമസ് സിന്ധു ജോയിയെ 13000 വോട്ടിന് തോൽപ്പിച്ചത്. 2014ൽ ദുർബലനായ സ്ഥാനാർഥിയെ നിർത്തിയിട്ടും 87047 വോട്ടിനായിരുന്നു കെ വി തോമസിന്‍റെ വിജയം. യുഡിഎഫ് മണ്ഡലമെങ്കിലും പി രാജീവിനെ കളത്തിലിറക്കിയതോടെ തോൽവി അൻപതിനായിരത്തിൽ ഒതുങ്ങുമെന്നായിരുന്നു എൽഡിഎഫ് അവസാന നിമിഷവും കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഹൈബിക്ക് ഒന്നര ലക്ഷത്തിന്‍റെ ഭൂരിപക്ഷം എന്നത് ജില്ലയിലെ സിപിഎമ്മിന്‍റെ  സകല കണക്കു കൂട്ടലുകളും തെറ്റിച്ചു.

തൃക്കാക്കര, കളമശേരി, പറവൂർ‍, എറണാകുളം എന്നീ മണ്ഡലങ്ങളിലെ ലീഡ് വിജയം തരുമെന്നായിരുന്നു യുഡിഎഫിന്‍റെ കണക്കുകൂട്ടൽ. പ്രത്യേകിച്ചും എറണാകുളത്തെയും പറവൂരിലെയും പ്രളയബാധിത മേഖലകൾ അധികമായി തുണയ്ക്കുമെന്നും കോൺഗ്രസ് കണക്കൂകൂട്ടി. തൃക്കാക്കരയിലും എറണാകുളത്തും മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ലീ‍ഡാണ് ഹൈബിക്ക് കിട്ടിയത്. എന്നാൽ പറവൂരിൽ പ്രതീക്ഷിച്ച ലീഡ് കിട്ടിയില്ല. 

എൽ ഡി എഫ് തങ്ങളുടെ ശക്തി കേന്ദ്രങ്ങളെന്ന് കരുതിയ വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ പ്രതീക്ഷിച്ചതിലും അധികം പിന്തുണ കിട്ടിയതാണ് യുഡിഎഫിന് അനുകൂലമായ അടിയൊഴുക്കായത്. വൈപ്പിനിൽ നിന്ന് മാത്രം 23000 വോട്ടിന്‍റെ ലീഡ് ഹൈബി നേടി. കൊച്ചിയിൽ 29000 വോട്ടിന്‍റെ അപ്രതീക്ഷിത ലീഡും ഹൈബിക്ക് കിട്ടി. അതായത് ലത്തീൻ ഭൂരിപക്ഷമുളള തീരദേശമേഖലകൾ യുഡി എഫ് സ്ഥാനാർഥിയെ  പിന്തുണച്ചു.

എറണാകുളത്ത് ഇത്തവണ ബിജെപിക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ  നേടിയ ഒരു ലക്ഷത്തി മുപ്പതിനായിരം വോട്ടുകളെ അൽഫോൺസ് കണ്ണന്താനത്തിനും ലഭിച്ചുളളു. അതായത് ശബരിമല വിഷയത്തിലടക്കം ബിജെപിക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന ഹിന്ദു വോട്ടുകളും  യുഡിഎഫിലേക്ക് പോയി. ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന എറണാകുളത്ത് മുന്നണികളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

Follow Us:
Download App:
  • android
  • ios