Asianet News MalayalamAsianet News Malayalam

പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും; സാമ്പത്തിക സർവേ ഫലം ജനുവരി 31 ന്

2030 ഓടെ രാജ്യത്തെ 10 ട്രില്യൺ ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കുമെന്ന പ്രഖ്യാപനത്തിലൂന്നിയാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനം. ഈ ലക്ഷ്യത്തിലെത്തണമെങ്കിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏഴ്-എട്ട് ശതമാനവും അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചെലവഴിക്കേണ്ടി വരും

Budget Likely On February 1  Economic Survey On January 31
Author
Delhi, First Published Dec 13, 2019, 10:17 PM IST

ദില്ലി: രാജ്യത്തെ 2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും. ജനുവരി 31 ന് സാമ്പത്തിക സർവേ ഫലം പാർലമെന്റിൽ വയ്ക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2015-16 ന് ശേഷം രാജ്യത്ത് വീണ്ടും ശനിയാഴ്ച ബജറ്റ് അവതരിപ്പിച്ചേക്കുമെന്നതും ഇതിൽ പ്രധാനമാണ്. പരമ്പരാഗത സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് ബജറ്റ് അവതരണത്തെ കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി നൽകിയ മറുപടി. സാധാരണ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റ്, ഇക്കുറി ഫെബ്രുവരി ഒന്ന് ശനിയാഴ്ചയായതിനാൽ മാറ്റുമോ എന്നായിരുന്നു ചോദ്യം.

രണ്ടാം മോദി സർക്കാർ രാജ്യത്തെ ധനസ്ഥിതി വ്യക്തമാക്കി 2019 ലെ ഇക്കണോമിക് സർവേ ഫലം പാർലമെന്റിൽ അവതരിപ്പിച്ചത് ജൂലൈ നാലിനാണ്. ജൂലൈ അഞ്ചിന് പൊതുബജറ്റും അവതരിപ്പിക്കപ്പെട്ടു. 2030 ഓടെ രാജ്യത്തെ 10 ട്രില്യൺ ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കുമെന്ന പ്രഖ്യാപനത്തിലൂന്നിയാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനം.

ഈ ലക്ഷ്യത്തിലെത്തണമെങ്കിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏഴ്-എട്ട് ശതമാനവും അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചെലവഴിക്കേണ്ടി വരും. ഒന്നാം മോദി സർക്കാരും ബജറ്റ് അവതരണത്തിന് ഫെബ്രുവരി ഒന്നാണ് തെരഞ്ഞെടുത്തിരുന്നത്. മാർച്ച് 31 ന് മുൻപ് ബജറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും പൂർത്തിയാക്കാനാണ് ഇത്. ഇതിലൂടെ 12 മാസത്തേക്കുള്ള പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് തന്നെ ആരംഭിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കും.

Follow Us:
Download App:
  • android
  • ios