മുംബൈ: കോവിഡ് 19 ഭീതിയിൽ കൂപ്പുകുത്തി ഓഹരിവിപണി.നിക്ഷേപകർ വൻതോതിൽ ഓഹരി വിറ്റഴിക്കാൻ തുടങ്ങിയതോടെ ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലായി. സെൻസെക്സ് 1941 പോയിന്റ് നഷ്ടത്തിൽ 35634 പോയിന്റിലും നിഫ്റ്റി 546 പോയിന്റ് നഷ്ടത്തിൽ 10443 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

10 വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിവസനഷ്ടത്തിനാണ് ഇന്ന് ഓഹരിവിപണി സാക്ഷ്യം വഹിച്ചത്.10 ലക്ഷം കോടി രൂപയുടെ നഷ്ടം ഇന്ന് മാത്രം നിക്ഷേപകർക്ക് ഉണ്ടായെന്നാണ് ഏകദേശകണക്ക്.2016 ന് ശേഷമുള്ള ഏറ്റവും വലിയനഷ്ടമാണ് യൂറോപ്യൻ വിപണിയിലും അനുഭവപ്പെടുന്നത്.ആഗോളസന്പദ്വ്യവസ്ഥയിൽ 2.4 ട്രില്യൺ ഡോളറിന്റെ നഷ്ടം കോവിഡ് 19 ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

രാജ്യാന്തരവിപണിയിലെ അസംസ്കൃത എണ്ണവിലത്തകർച്ചയും ഓഹരിവിപണിയിലെ നഷ്ടത്തിന് ആക്കം കൂട്ടി.എണ്ണവ്യാപാരരംഗത്ത് റഷ്യയുമായുള്ള ഭിന്നത മൂലം വില കുറയ്ക്കാൻ സൗദി തീരുമാനിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കൂപ്പുകുത്തി.ബ്രെൻഡ് ക്രൂഡ് ബാരലിന് 26 ശതമാനം വിലയിടിഞ്ഞ് 33.31 ഡോളറിലെത്തി.ഗൾഫ് യുദ്ധകാലത്തിന് ശേഷം എണ്ണവില ഇത്രയും കുറയുന്നത് ആദ്യമാണ്.