മുംബൈ: കൊവിഡ് വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരിച്ചടി നേരിട്ട ഇന്ത്യൻ ഓഹരി വിപണി ഇന്ന് വൻ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഴ് ശതമാനത്തോളം നേട്ടമാണ് ആഭ്യന്തര ഇന്ത്യൻ ഓഹരി വിപണിയിൽ കണ്ടത്. സെൻസെക്സ് 1830 പോയിന്റ് കൂടി 28507 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയും 499 പോയിന്റ് കൂടി 8299 ലെത്തി.

അമേരിക്കയിൽ സാമ്പത്തിക ആഘാതം നേരിടാൻ രണ്ട് ട്രില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചു. ഇതോടെ ഓഹരികൾക്ക് ആവശ്യക്കാർ വർധിക്കുകയായിരുന്നു.

റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരികളാണ് വലിയ നേട്ടമുണ്ടാക്കിയത്. 14.65 ശതമാനം വർധനവാണ് ഓഹരിയിൽ ഉണ്ടായത്. ഇന്നത്തെ ഇടപാടിന്റെ ഒരു ഘട്ടത്തിൽ 20 ശതമാനത്തോളം വർധനവ് റിലയൻസ് ഓഹരിയിൽ ഉണ്ടായിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, മാരുതി തുടങ്ങിയ കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി. ഇന്റസ്ഇന്റ് ബാങ്ക്, ഒഎൻജിസി, ഐടിസി, ബജാജ് ഓട്ടോ എന്നിവയുടെ ഓഹരി വില താഴേക്ക് പോയി.