വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധയുടെ ഏറ്റവും മോശം സാഹചര്യം കാണാനാവുക ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്കയിലാണ്. മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ ഏഴ് ലക്ഷം പേരെ അമേരിക്കയിലെ തൊഴിലുടമകള്‍ പിരിച്ചുവിട്ടുവെന്നാണ് ട്രംപ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. 2009 മെയ് മാസത്തില്‍, അന്നത്തെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പിരിച്ചുവിട്ടത് എട്ട് ലക്ഷം പേരെയാണ്.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായത് ഹോട്ടലുകളിലും ബാറുകളിലുമാണ്. റീട്ടെയ്ല്‍ സ്ഥാപനങ്ങളിലും തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. 2010 സെപ്തംബറിന് ശേഷം ആദ്യമായാണ് ഇങ്ങനെ ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യം ഉണ്ടാവുന്നത്.

പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ 3.5 ശതമാനത്തില്‍ നിന്ന് 4.4 ശതമാനത്തിലേക്ക് ഇത് താഴ്ന്നു. എന്നാല്‍ തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മാര്‍ച്ചിലെ അവസാന രണ്ടാഴ്ചയിലെ കണക്കുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഈ രണ്ടാഴ്ചകളില്‍ മാത്രം 10 ലക്ഷത്തിലേറെ പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.