Asianet News MalayalamAsianet News Malayalam

സാമ്പത്തിക മാന്ദ്യത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി; 21ന് ഉന്നത തല യോഗം

മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ പല ഘട്ടങ്ങളായി ധനമന്ത്രാലയം പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ പ്രധാനമന്ത്രി വിലയിരുത്തും. 

financial crisis pm modi call review meeting
Author
Delhi, First Published Dec 15, 2019, 4:07 PM IST

ദില്ലി: സാമ്പത്തിക മാന്ദ്യം ചര്‍ച്ച ചെയ്യാന്‍ ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി. ജിഎസ്ടി നിരക്കുകള്‍ കൂടിയേക്കുമെന്ന സൂചനകള്‍ക്കിടെ നിര്‍ണ്ണായക കൗണ്‍സില്‍ യോഗം ബുധനാഴ്ച ചേരും. 

സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് മാന്ദ്യത്തിന്‍റെ കാരണങ്ങള്‍ തേടി പ്രധാനമന്ത്രി തന്നെ രംഗത്തെത്തുന്നത്. ധനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിയിരുത്താറായിരുന്നു പതിവെങ്കില്‍ ഇതാദ്യമായാണ് സാമ്പത്തിക മേഖലയിലെ പ്രധാനമന്ത്രിയുടെ ഇടപെടല്‍.   

മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ പല ഘട്ടങ്ങളായി ധനമന്ത്രാലയം പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ പ്രധാനമന്ത്രി  വിലയിരുത്തും. തൊഴിലില്ലായ്മ, ഉയരുന്ന നാണയ പെരുപ്പം, വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളും യോഗത്തിന്‍റെ പരിഗണനയ്ക്ക് വരും. 21ന് നടക്കുന്ന ഉന്നതല യോഗത്തില്‍ ധനമന്ത്രിയെ കൂടാതെ മറ്റ് വകുപ്പ് മന്ത്രിമാരും പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഇതിന് മുന്നോടിയായി വരുന്ന ബുധനാഴ്ച ജിഎസ്ടി കൗണ്‍സില്‍ യോഗവും ചേരും. ജിഎസ്ടി നിരക്കുകള്‍ കൂടിയേക്കുമെന്നും ചില സാധനസാമഗ്രികള്‍ക്ക് കൂടുതല്‍ സെസ് ഏര്‍പ്പെടുത്തിയേക്കുമെന്നുമുള്ള സൂചനകള്‍ക്കിടെയാണ് യോഗം ചേരുന്നത്. 

അതേസമയം, സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന  പൊതു ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ നാളെ തുടങ്ങും. ധനമന്ത്രിയുടെ അധ്യക്ഷതയില്‍  നടക്കുന്ന ഉദ്യോഗസ്ഥ തല യോഗത്തിലേക്ക്  വ്യവസായ മേഖലയില്‍ നിന്നുള്ള വിവിധ സംഘടനകള്‍ക്കും ക്ഷണമുണ്ട്.  ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ്.

Follow Us:
Download App:
  • android
  • ios