ദില്ലി: മാർച്ച് മാസത്തിനുള്ളിൽ രണ്ട് ലക്ഷം കോടി രൂപ നികുതി പിരിച്ചെടുക്കണമെന്ന് ആദായ നികുതി വകുപ്പിനോട് കേന്ദ്ര സർക്കാർ. നികുതി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള വിവാദ് സെ വിശ്വാസ് എന്ന സ്കീമിലൂടെയാണ് പണം പിരിക്കേണ്ടത്. തർക്ക പരിഹാര പദ്ധതിയുടെ കാലാവധി ജൂൺ വരെയുണ്ടെങ്കിലും മാർച്ച് മാസത്തിനുള്ളിൽ തന്നെ പണം പിരിച്ചെടുക്കണമെന്നാണ് നിർദ്ദേശം.

നികുതി കുടിശിക വരുത്തിയവർക്ക് പലിശയും പിഴയുമില്ലാതെ മാർച്ച് 31 ന് മുൻപ് നികുതിയടക്കാൻ അവസരമൊരുക്കുന്നതാണ് ഈ സ്കീം. ഈ സ്കീമിലെ നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് കേന്ദ്ര സർക്കാർ പരിഷ്കരിച്ചത്. രാജ്യത്ത് 4.83 ലക്ഷം പ്രത്യക്ഷ നികുതി തർക്കങ്ങളുണ്ട്.  ഏതാണ്ട് ഒൻപത് ലക്ഷം കോടിയിലേറെയാണ് ഇതിന്റെ മൂല്യം വരിക.

2016 ൽ കുടിശികയുള്ളവർക്ക് നികുതിയടക്കാൻ സർക്കാർ അവസരമൊരുക്കിയിരുന്നു. 10000ത്തോളം അപേക്ഷ ലഭിച്ചു. 1235 കോടി രൂപയോളം കുടിശികയുടെ കാര്യത്തിൽ തീരുമാനമായി. ഈ മാർച്ച് മാസത്തിനുള്ളിൽ 11.7 ലക്ഷം കോടിയാണ് ആദായ നികുതി വകുപ്പ് പിരിച്ചെടുക്കേണ്ടത്.

2019ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പിരിച്ചെടുത്തതിൽ നിന്ന് മൂന്ന് ശതമാനം അധികമാണ് ഈ തുക. 2021 മാർച്ച് 31 ന് മുൻപ് 13.19 ലക്ഷം കോടിയാണ് ആദായ നികുതി വകുപ്പ് പിരിക്കേണ്ടത്. അതായത്, അടുത്ത സാമ്പത്തിക വർഷത്തിൽ പ്രത്യക്ഷ നികുതി വരുമാനം 13 ശതമാനം വർധിക്കണം.