ബെംഗളൂരു: ഇന്ത്യന്‍ ഐടി സെക്ടറിന് 2020 ല്‍ വളര്‍ച്ചയുണ്ടാകില്ലെന്ന് ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ. കൊറോണ വൈറസ് ബാധ ലോകരാഷ്ട്രങ്ങളെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയതിനാല്‍ ഐടി സെക്ടറിന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നെഗറ്റീവ് വളര്‍ച്ചാ നിരക്ക് വരെ ഉണ്ടായേക്കാമെന്നാണ് വി ബാലകൃഷ്ണന്‍ പിടിഐയോട് പറഞ്ഞത്.

'നോക്കൂ, സാമ്പത്തിക ഇടപാടുകള്‍ ലോകത്ത് എവിടെയും നടക്കുന്നില്ല. ഇത് 2008 നേക്കാള്‍ മോശപ്പെട്ട സാമ്പത്തിക സ്ഥിതിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഐടി കമ്പനികളുടെ ഇടപാടുകാര്‍ പണം ചിലവഴിക്കില്ല. ചിലപ്പോള്‍ അവര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഇടപാടുകള്‍ നിലനിര്‍ത്താനാണ് സാധ്യത,' അദ്ദേഹം പറഞ്ഞു.

വന്‍കിട കമ്പനികള്‍ ചിലവഴിക്കുന്ന പണം കുറവായിരിക്കും. അത് വില നിശ്ചയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കും. റീട്ടെയ്‌ലും സാമ്പത്തിക സേവനവുമടക്കം എല്ലാ പ്രധാന വ്യവസായ മേഖലയെയും രോഗബാധ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. അമേരിക്കയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലില്ലാതായതും പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ വെളിവാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.