ദില്ലി: സാമ്പത്തിക ഉത്തേജനത്തിന് കൂടുതല്‍ നടപടികളുമായി കേന്ദ്ര സർക്കാർ. കൂടുതൽ ചെറുകിട വായ്പകൾ അനുവദിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശം നൽകി. പുതിയ ഉപഭോക്‌താക്കളെ കണ്ടെത്തണം. വായ്‌പ എടുക്കുന്നതിന് ആളുകളെ ആകർഷിക്കാൻ നിർദേശം നൽകിയതായും ബാങ്ക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അതിനിടെ വിവിധ മേഖലകളില്‍ നികുതി ഇളവ് തീരുമാനിക്കുന്ന നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെ ഗോവയില്‍ നടക്കും.

സാമ്പത്തിക ഉത്തേജനത്തിന് കൂടുതല്‍ നടപടികള്‍ അനിവാര്യമെന്നാണ് ദില്ലിയില്‍ വിളിച്ച ബാങ്ക് മേധാവികളുടെ യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. രാജ്യത്തെ നാനൂറു ജില്ലകളില്‍ വായ്പാ മേളകള്‍ സംഘടിപ്പിച്ച് പുതിയ ഉപഭോക്താക്കളെ കണ്ടെത്തണം. ആദ്യ ഘട്ടം ഈ മാസം 29ന് പൂര്‍ത്തിയാക്കണം. അടുത്ത മാസം 10 നും പതിനഞ്ചിനുമിടയിലായിരിക്കും രണ്ടാം ഘട്ടം.

ബാങ്കുകള്‍ക്ക് വായ്പ വിതരണത്തിനായി 70,000 കോടി രൂപ ലഭ്യമാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഗോവയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കൂടുതല്‍ നികുതി ഇളവുകളില്‍ തീരുമാനമുണ്ടായേക്കും. ടൂറിസം മേഖലയ്ക്കുള്ള ഇളവുകളാണ് പരിഗണനയില്‍. 7500 മുതല്‍ പതിനായിരം വരെയുള്ള ഹോട്ടല്‍ മുറി വാടകയ്ക്കുള്ള 28 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് ധന മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന സൂചന.  കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല. ലോട്ടറി നികുതി 28 ശതമാനമായി ഉയര്‍ത്താനുള്ള ശുപാര്‍ശയും യോഗത്തിന്‍റെ പരിഗണനയിലുണ്ട്.