Asianet News MalayalamAsianet News Malayalam

ഉപഭോഗം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാന്‍ ശ്രമിച്ച് പരാജയപ്പെട്ടു; വെളിപ്പെടുത്തലുമായി എന്‍എസ്ഒ ചെയര്‍മാന്‍

രാജ്യത്തെ ദാരിദ്ര്യ നിരക്ക് പതിറ്റാണ്ടുകൾക്കിടെ ആദ്യമായി ഉയർന്നുവെന്ന സൂചനയാണ് ഈ ഉപഭോക്തൃ നിരക്കിന്റെ ഇടിവ് ചൂണ്ടിക്കാട്ടുന്നത്.

nso will not release report showing first decline in consumer
Author
Delhi, First Published Feb 18, 2020, 3:48 PM IST

ദില്ലി: ഉപഭോക്താക്കളുടെ ചെലവ് നാല് പതിറ്റാണ്ടിനിടെ ആദ്യമായി ഇടിഞ്ഞതുമായി ബന്ധപ്പെട്ട് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ കണക്ക് പുറത്തുവിടുന്നില്ല. ഒരു മാസം മുമ്പ് കണക്ക് പുറത്ത് വിടുമെന്ന് ചെയർമാൻ ബിമൽ കുമാർ റോയ് പറഞ്ഞിരുന്നുവെങ്കിലും കണക്ക് പുറത്ത് വിടാതിരിക്കാൻ സ്വയം ഭരണാധികാരമുള്ള സ്ഥാപനത്തിന് മേൽ സമ്മർദ്ദമുണ്ട്. ഇത് വ്യക്തമാക്കുന്ന തരത്തിൽ ബിമൽ കുമാർ റോയി സംഭവത്തിൽ പ്രതികരിച്ചു.

ജനുവരി 15 നാണ് റിപ്പോർട്ട് പുറത്തുവിടുമെന്ന് റോയ് പ്രതികരിച്ചത്. എന്നാൽ, പിന്നീട് എൻഎസ്ഒ ഇത് പുറത്തുവിടേണ്ടെന്ന് തീരുമാനിച്ചു. "ഞാൻ ശ്രമിച്ചു, പക്ഷെ എനിക്ക് പിന്തുണ ലഭിച്ചില്ല," എന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് റോയിയുടെ മറുപടി. ഈ വിഷയത്തില്‍ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സ്ഥാപനത്തിലെ മുതിർന്ന അംഗം പ്രവീൺ ശ്രീവാസ്തവയാണ് കണക്ക് പുറത്തുവിടുന്നതിനെ എതിർത്തതെന്നാണ് വിവരം. കൂടുതൽ കാര്യക്ഷമമായി അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ കൂടി കണക്കുകൾ വിശദമായി പഠിക്കാനാണ് സമിതി നിർദ്ദേശം നൽകിയിരിക്കുന്നത്.

രാജ്യത്തെ ദാരിദ്ര്യ നിരക്ക് പതിറ്റാണ്ടുകൾക്കിടെ ആദ്യമായി ഉയർന്നുവെന്ന സൂചനയാണ് ഈ ഉപഭോക്തൃ നിരക്കിന്റെ ഇടിവ് ചൂണ്ടിക്കാട്ടുന്നത്. പൗരത്വ നിയമ ഭേ​ദ​ഗതി പ്രക്ഷോഭം നടക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് ഫീൽഡ് വർക്ക് നടത്താനും എൻഎസ്ഒയ്ക്ക് സാധിക്കുന്നില്ല.
 

Follow Us:
Download App:
  • android
  • ios