ദില്ലി: ടെലികോം കമ്പനികൾ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശിക (എജിആർ ) അടച്ചത് വൻ നേട്ടം സൃഷ്ട്ടിക്കുമെന്ന് സാമ്പത്തിക വിദ​ഗ്ധർ. 2020 മാർച്ചിന് മുൻപ് ഇന്ത്യയുടെ ധനക്കമ്മി 3.5 ശതമാനത്തിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കും. എസ്‌ബിഐയിലെ സാമ്പത്തിക വിദഗ്ദ്ധരാണ് ഈ നിരീക്ഷണം നടത്തിയത്.

മാർച്ച് 16 വരെ കാത്തിരുന്നാൽ മാത്രമേ ഈ ചിത്രം വ്യക്തമാകൂ എന്നും ഇവർ ചൂട്ടികാട്ടുന്നു. മാർച്ച് 16 ആണ് എജിആർ കുടിശ്ശിക അടയ്ക്കേണ്ട അവസാന തീയതി. കമ്പനികൾ എത്ര തുക അടയ്ക്കുന്നു എന്നതിനെ അടിസ്‌ഥാനപ്പെടുത്തി മാത്രമേ ധനക്കമ്മി എത്രയാകുമെന്ന് ഉറപ്പിച്ച് പറയാനാവൂ. അതേസമയം പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ സാമ്പത്തിക വിദ​ഗ്ധർ അതൃപ്തി അറിയിച്ചു. ജനങ്ങൾ മറ്റ് ഊർജ്ജ സ്രോതസ്സുകൾ തേടുമെന്നും ഇത് വിപണിക്ക് തിരിച്ചടിയാകും എന്നുമാണ് ഇവർ വിശദീകരിച്ചത്.

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശികയുടെ ഭാഗമായി ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 10000 കോടി രൂപ  ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിൽ അടച്ചിട്ടുണ്ട്. ആകെ 35,586 കോടി രൂപയാണ് എയര്‍ടെല്‍ കുടിശികയായി നല്‍കാനുള്ളത്. മാര്‍ച്ച് 16 ന് മുമ്പ് ബാക്കി തുക നല്‍കാമെന്നും എയര്‍ടെല്‍ പറഞ്ഞു. 22 സര്‍ക്കിളില്‍ നിന്നുമുള്ള കുടിശിക കണക്കാക്കാന്‍ സമയം വേണമെന്നും കമ്പനി ചൂണ്ടിക്കാട്ടി.

Read More: സുപ്രീംകോടതിയുടെ അന്ത്യശാസനത്തില്‍ വിറച്ച് ടെലികോം കമ്പനികള്‍; കോടികളുടെ കുടിശ്ശിക വരിവരിയായി എത്തുന്നു

ടെലികോം കമ്പനികളില്‍ ഏറ്റവു കൂടുതല്‍ തുക നല്‍കാനുള്ളത് വോഡഫോണ്‍ ഐഡിയയാണ്. 53,000 കോടി രൂപയാണ് നല്‍കാനുള്ളത്. കുടിശിക കണക്കാക്കിവരികയാണെന്നും ഉടന്‍തന്നെ പണമടയ്ക്കുമെന്നും വോഡഫോണ്‍ ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്.