മുംബൈ: ബിഎസ്ഇ സെന്‍സെക്സില്‍ വന്‍ ഇടിവ്. ചൊവ്വാഴ്ച 750 പൊയിന്‍റാണ് സെന്‍സെക്സ്  ഇടിഞ്ഞത്. 36,563 ലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. വിനായക ചതുര്‍ത്ഥി ആയതിനാല്‍ ബോംബെ സ്റ്റോക്ക് എക്സേഞ്ചിന് കഴിഞ്ഞ ദിവസം അവധിയായിരുന്നു. അതിന് ശേഷം ഈ വാരത്തിലെ ആദ്യ വ്യാപര ദിവസം കഴിഞ്ഞ വെള്ളിയാഴ്ച നേരിട്ട ആതേ അനുഭവമാണ് സ്റ്റോക്ക് എക്സേഞ്ചില്‍ കാണാന്‍ കഴിഞ്ഞത്. അതേ സമയം ദേശീയ സ്റ്റോക്ക് എക്സേഞ്ച് സൂചിക നിഫ്റ്റിയും വന്‍ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 225 പൊയന്‍റ് താഴ്ന്ന് 2.04 ശതമാനം നഷ്ടത്തില്‍ 10,789 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ടാറ്റ് മോട്ടോര്‍സ്, ഇന്‍റുസ്ലാന്‍റ് ബാങ്ക്, റിലയന്‍സ് ഇന്‍റസ്ട്രീസ്, എച്ച്ഡിഎഫ്സി എന്നിവരുടെ ഓഹരികള്‍ എല്ലാം ഇന്ന് നഷ്ടം നേരിട്ടു. 4.58 ശതമാനത്തില്‍ അധികമാണ് ഈ ഓഹരികള്‍ക്ക് നേരിട്ട നഷ്ടം. അതേ സമയം 30 ല്‍ 28 ഓഹരികള്‍ സെന്‍സെക്സ് പാക്കില്‍ ചുവപ്പാണ് രേഖപ്പെടുത്തിയത്. 

ജൂലൈയിലെ കണക്ക് പ്രകാരം ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായ മേഖലകളിലെ വളര്‍ച്ച നിരക്ക് 2.1 ശതമാനം മാത്രമാണെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഓഹരി വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് കല്‍ക്കരി, ഓയില്‍, വാതക ഉത്പാദന രംഗത്തെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. ഈ വ്യവസായങ്ങളുടെ വളര്‍ച്ച നിരക്ക് 2018 ജൂലൈയില്‍ 7.3 ശതമാനം ആയിരുന്നു.

ഇതിന് പുറമേ മൊത്ത ആഭ്യന്തര ഉത്പാദനം അഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന കണക്കും നിക്ഷേകരില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. ആറ് കൊല്ലത്തിനിടെ ഏറ്റവും മോശമായ ജിഡിപിയാണ് കഴിഞ്ഞ പാദത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയത്.