ദില്ലി: ജെറ്റ് എയർവേസ് ഏറ്റെടുക്കാൻ ദക്ഷിണ അമേരിക്കൻ കമ്പനിയായ സിനർജി ഗ്രൂപ്പും ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രുഡന്റ് അസറ്റ് റികൺസ്ട്രക്ഷൻ കമ്പനിയും സന്നദ്ധത അറിയിച്ചു. നേരത്തെ തന്നെ ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് സിനർജി ഗ്രൂപ്പ് പറഞ്ഞിരുന്നെങ്കിലും കൂടുതൽ സമയം തേടിയിരുന്നു. ഇതോടെ എയർവേസ് ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കേണ്ട അവസാന തീയതി ഒരു മാസത്തേക്ക് നീട്ടി. എന്നാൽ ഈ തിയതിക്കകം സന്നദ്ധത അറിയിക്കാൻ സിനർജി ഗ്രൂപ്പിന് സാധിച്ചിരുന്നില്ല.

ജനുവരി ആറിന് തങ്ങൾക്ക് എയർവേസ് ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും വളരെ ഗൗരവത്തോടെയാണ് ഇതിനെ സമീപിക്കുന്നതെന്നും സിനർജി ഗ്രൂപ്പ് അറിയിക്കുകയായിരുന്നു. എയർവേസിന്റെ പാപ്പരത്വ നടപടികൾ പുരോഗമിക്കുകയാണിപ്പോൾ. എയർവേസിന്റെ ക്രെഡിറ്റർമാരോടും ബാങ്കുകളോടും ഉപദേശകരോടും ചോദിച്ച ശേഷമാണ് സിനർജി ഗ്രൂപ്പ് താത്പര്യപത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇതിൽ എത്ര രൂപയാണ് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

എയർവേസിൽ 49 ശതമാനം ഓഹരികൾ വാങ്ങാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് വിവരം. പ്രൂഡന്റ് അസറ്റ്സുമായി ചേർന്ന് എയർവേസ് പ്രവർത്തിപ്പിക്കാനാണ് നീക്കം. എന്നാൽ, ഇത് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.