തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിന്റെ സമ്പൂർണ്ണ തകർച്ചയിൽ നിന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍  ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസകിന്‍റെ വിമര്‍ശനം. മാന്ദ്യം നേരിടാൻ ഇത്തവണയും ഒന്നുമില്ല. യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ബജറ്റെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ ആദായനികുതി സംവിധാനത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കുകയും ചെയ്തെന്നും തോമസ് ഐസക് വിമര്‍ശിച്ചു. 

തൊഴിലുറപ്പ് പദ്ധതിക്ക് കേരളത്തിന് 10000 കോടി രൂപ കുറച്ചു. പദ്ധതിക്ക് പണം കൂട്ടണമെന്ന് എല്ലാ സംസ്ഥാന ധനമന്ത്രിമാരും ആവശ്യപ്പെട്ടതാണ്. കേരളത്തിന്റെ നികുതി വിഹിതം കഴിഞ്ഞ വർഷത്തെ  17872 ൽ നിന്ന് 15236 കോടിയായി കുറഞ്ഞു. 2000ത്തിലധികം കോടി രൂപയാണ് വിഹിതത്തില്‍ കുറഞ്ഞത്. 

റിസർവ് ബാങ്കിന്റെ വിശ്വാസ്യത കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണ്. മുതലാളിമാർക്ക് നികുതിയിളവ് നൽകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നിട്ട് കാശില്ല എന്നു പറഞ്ഞ് നാടിന്റെ സ്വത്ത് ഇതേ മുതലാളിമാർക്ക് വിൽക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. 

Read Also: യൂണിയന്‍ ബജറ്റ് 2020: വില കൂടുന്നവ, വില കുറയുന്നവ

 ഇത്തവണത്തെ കേന്ദ്ര ബജറ്റ് സ്വകാര്യ മേഖലയെ പുഷ്ടിപ്പെടുത്താൻ ഉള്ളതാണെന്ന് രാജ്യസഭാ എംപിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു.   ദേശീയവാദം പറയുന്ന സർക്കാർ ആണ് പൊതുമേഖലയെ നശിപ്പിക്കുന്നത്. ധനമന്ത്രി എന്ന നിലയിൽ നിർമല സീതാരാമൻ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 

സ്വകാര്യ മേഖലക്ക് വേണ്ടി സര്‍ക്കാര്‍ ചങ്കും കരളും നൽകുന്ന സമീപനമാണ് വിദ്യാഭ്യാസരംഗത്തും സ്വീകരിച്ചിരിക്കുന്നത്. അകം പൊള്ളയായ ഒന്നിനെ പൊതിയാൻ വേണ്ടി രണ്ട് മണിക്കൂർ നേരം എന്തൊക്കെയോ പറയുകയായിരുന്നു ബജറ്റ് അവതരണത്തിലൂടെ ധനമന്ത്രി ചെയ്തതെന്നും ബിനോയ് വിശ്വം ആരോപിച്ചു.

Read Also: ബജറ്റ് സ്വകാര്യ മേഖലയെ പുഷ്ടിപ്പെടുത്താനെന്ന് ബിനോയ് വിശ്വം; വരുമാന നികുതി സ്ലാബ് കുറച്ചത് വലിയ വലിയ നേട്ടമെന്ന് കണ്ണന്താനം