ദില്ലി: നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.7 ശതമാനമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തൽ. അടുത്ത സാമ്പത്തിക വർഷത്തിൽ 6.6 ശതമാനമായി സാമ്പത്തിക വളർച്ചാ നിരക്ക് മെച്ചപ്പെടുമെന്നും യുഎന്നിന്റെ ലോക സാമ്പത്തിക സ്ഥിതി വിവര കണക്കിൽ പറയുന്നു.

ഈ മാസം തന്നെ ലോക ബാങ്ക് പുറത്തുവിട്ട കണക്കുകൾ ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തിയരുന്നത്. എന്നാൽ കൂടുതൽ മെച്ചപ്പെട്ട കണക്ക് യുഎൻ പുറത്തുവിട്ടതോടെ കേന്ദ്രസർക്കാരിന്റെ ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ്.

സാമ്പത്തിക രംഗത്ത് തളർച്ചയുണ്ടെങ്കിലും ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക പ്രവർത്തനം നടക്കുന്ന ഇടങ്ങളിലൊന്ന് ഇന്ത്യയാണെന്ന് യുഎന്നിന്റെ ആഗോള സാമ്പത്തിക നിരീക്ഷണ ബ്രാഞ്ച് തലവൻ ഡാൺ ഹോളണ്ട് അഭിപ്രായപ്പെട്ടു. സാമ്പത്തിക പുനരുദ്ധാരണ നടപടികൾ ഇന്ത്യയെ ഇപ്പോഴത്തെ തളർച്ചയിൽ നിന്നും കരകയറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ റിപ്പോർട്ട് പ്രകാരം ചൈന മാത്രമാണ് ഇന്ത്യയേക്കാൾ വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി. ആറ് ശതമാനത്തിലേറെ വളർച്ചാ നിരക്കാണ് ചൈനയ്ക്കുള്ളത്. അതേസമയം ലോകത്തിന്റെ മൊത്ത ഉൽപ്പാദനത്തിൽ 2.3 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചെന്നും ഇത് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും യുഎന്നിന്റെ ചീഫ് ഇക്കണോമിസ്റ്റ് എലിയട്ട് ഹാരിസ് പറഞ്ഞു.

ചൈനയും അമേരിക്കയും തമ്മിലുണ്ടായ വ്യാപാരതർക്കമാണ് ലോകത്തെ സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയായതെന്ന് യുഎൻ റിപ്പോർട്ടിൽ വിലയിരുത്തുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഏറെ മുന്നേറ്റം ഇന്ത്യ നേടുമെന്ന് കൂടി റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്കരണ നടപടികളിലാണ് യുഎൻ സമിതി വിശ്വാസം അർപ്പിച്ചിരിക്കുന്നത്. തൊഴിൽ, ഹരിത ഊർജ്ജ മേഖലകളിൽ ഇന്ത്യക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനാവുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്.