ദില്ലി: കൊറോണ വൈറസ് പ്രഭാവം സമ്പദ്‌വ്യവസ്ഥയിൽ വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുന്നതായും ഇത് നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 30.9 ശതമാനമായി ഉയർത്തിയെന്നും തൊഴിൽ ഡാറ്റയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. മൊത്ത തൊഴിലില്ലായ്മ 23.4 ശതമാനമായി ഉയർന്നു.

സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി പ്രതിവാര ട്രാക്കർ സർവേ അടിസ്ഥാനമാക്കിയുള്ള കണക്കുകളിലാണ് ഇത്രയും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ രണ്ടാഴ്ചയായി തൊഴിലില്ലായ്മ വളരെ ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്. ഏപ്രിൽ 5 ന് അവസാനിച്ച ആഴ്‌ചയിലെ ഏറ്റവും പുതിയ ഡാറ്റ തിങ്കളാഴ്ച വൈകുന്നേരം പുറത്തിറങ്ങി. തൊഴിലില്ലായ്മയെക്കുറിച്ചുള്ള സി‌എം‌ഐ‌ഇയുടെ എസ്റ്റിമേറ്റ് മാർച്ച് പകുതിയിൽ 8.4 ശതമാനത്തിൽ നിന്ന് നിലവിലെ 23 ശതമാനമായി ഉയർന്നു.

ലോക്ക് ഡൗണിന്റെ രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 50 ദശലക്ഷം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കാമെന്ന് കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യയുടെ മുൻ ചീഫ് സ്റ്റാറ്റിസ്റ്റിസ്റ്റ് പ്രണബ് സെൻ പറഞ്ഞു.

“ചിലരെ ഇപ്പോൾ നാട്ടിലേക്ക് അയച്ചിരിക്കാമെന്നതിനാൽ, യഥാർത്ഥ തൊഴിലില്ലായ്മയുടെ വ്യാപ്തി ഇതിലും കൂടുതലായിരിക്കാം, കുറച്ച് കഴിഞ്ഞ് ഇത് നമ്മുടെ കണക്കുകളിൽ കാണിച്ചേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ചുളള വിശ്വസനീയമായ, ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക് ഡൗണും നിയന്ത്രണങ്ങളും നീണ്ടുപോയാൽ പ്രതിസന്ധി ഇതിനെക്കാൾ ഭയനകമാകുമെന്ന് പ്രമുഖ ദേശീയ മാധ്യമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.