ദില്ലി: ഭാരത് നെറ്റ് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ട് ഒപ്ടിക്കൽ ഫൈബർ ശൃംഖല കൊണ്ട് ബന്ധിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 2020 സാമ്പത്തിക വർഷത്തിൽ തന്നെ ഇതിന്‍റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ആറായിരം കോടി രൂപയാണ് ഭാരത് നെറ്റിനായി ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്. പഞ്ചായത്ത് തലത്തിലുള്ള എല്ലാ പൊതുസ്ഥാപനങ്ങളെയും ഭാരത് നെറ്റിലൂടെ ബന്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം.

ഡാറ്റ അനലറ്റിക്സും, ഇന്‍റർനെറ്റ് ഓഫ് തിങ്സും, ആ‌‌‌ർട്ടിഫിഷ്യൽ ഇന്‍റലിജൻസുമെല്ലാം ലോകം മാറ്റി മറയ്ക്കുന്ന കാലത്ത് ഇന്ത്യയും ഇക്കാര്യത്തിൽ പിന്നിലാകില്ലെന്നാണ് നിർമ്മല സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനം. രാജ്യമെമ്പാടും ഡാറ്റ സെന്‍റർ പാർക്കുകൾ നിർമ്മിക്കാനായി ഉടൻ നയം രൂപീകരിക്കുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ക്വാണ്ടം കമ്പ്യൂട്ടിങ്ങ് സാങ്കേതിക വിദ്യാ വികസനത്തിനായി നാഷണൽ മിഷൻ ഓൺ ക്വാണ്ടം ടെക് എന്ന പേരിൽ 5 വർഷ കർമ്മ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. എട്ടായിരം കോടി രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. 

സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടടുപ്പിച്ച് ഇന്ത്യയിൽ ഡാറ്റാ സെന്‍റ‍ർ വിപണിയൽ കാര്യമായ നിക്ഷേപം നടത്താൻ തയ്യാറായി സ്വകാര്യമേഖലയിലെ വൻകിടക്കാർ രംഗത്തെത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. ആന്ധ്ര പ്രദേശിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡാറ്റാ സെന്‍റർ നിർമ്മിക്കുവാനായി 70,000 കോടി രൂപ നിക്ഷേപിക്കാൻ അദാനി ഗ്രൂപ് രംഗത്ത് വന്നിരുന്നു. മുംബൈയിൽ ഡാറ്റാ സെന്‍റർ സ്ഥാപിക്കാൻ ഒറാക്കിളും പദ്ധതിയിടുന്നുണ്ട്. രാജ്യമെമ്പാടും ഡാറ്റാ സെന്‍ററുകൾ സ്ഥാപിക്കാനായി 14,000 കോടി മുതൽമുടുക്കുമെന്ന് റിയൽ എസ്റ്റേറ്റ് ഭീമൻമാരായ ഹീരനന്ദിനി ഗ്രൂപ്പും പ്രഖ്യാപിച്ചിരുന്നു. 

2011 ഒക്ടോബർ 25നാണ് ഇന്ത്യൻ സർക്കാർ പിന്നീട് ഭാരത് നെറ്റ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട നാഷണൽ ഒപ്ടിക്കൽ ഫൈബർ നെറ്റ്‍വർക്ക് പദ്ധതിക്ക് അനുമതി നൽകുന്നത്. എന്നാൽ 2011നും 2014നും ഇടയിൽ പദ്ധയിയുടെ ആദ്യഘട്ടത്തിന്‍റെ ഭാഗമായി 3,00,000 കിലോമീറ്റർ ഒഎഫ്സി കേബിൾ ഇടേണ്ടിയിരുന്ന സ്ഥലത്ത് 350 കിലോമീറ്റർ കേബിൾ മാത്രമേ ഇടാൻ സാധിച്ചുള്ളൂ. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം പദ്ധതി ഭാരത് നെറ്റ് എന്ന പേരിൽ പുനർനാമകരണം ചെയ്യുകയും 2017ഓടെ ആദ്യ ഘട്ടമായ 3,00,000 കിലോമീറ്റർ കേബിൾ ഇട്ട് കഴിയുകയും ചെയ്തു. 

നേരത്തെ കേരള സർക്കാർ കേരളത്തിൽ കെ ഫോൺ ( കേരള ഓപ്ടിക്കൽ ഫൈബർ നെറ്റ്‍വർക്ക് ) എന്ന പേരിൽ സംസ്ഥാനത്ത് ഒപ്ടിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ നിർമ്മാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 54,000 കിലോമീറ്റർ ലോകോത്തര നിലവാരത്തിലുള്ള ഒപ്ടിക്കൽ ഫൈബ‌ർ ശൃംഖലയാണ് കെ ഫോൺ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുക. ഇത് വഴി 10 എംബിപിഎസ് മുതൽ ഒരു ജിബിപിഎസ് വേഗത്തിൽ വരെ ‌വേഗതയിൽ വിവരങ്ങൾ അയക്കുവാൻ സാധിക്കും,. എന്നാൽ കെ ഫോൺ ഇൻ്റ‌ർനെറ്റ് സേവന ദാതാവല്ല, മറ്റ് സേവനദാതാക്കൾക്ക് ഉപയോഗപ്പെടുത്താവുന്ന അടിസ്ഥാന സംവിധാനമാണ്. മാർച്ച് മാസത്തോടെ 10,000 കിലോ മീറ്ററും , ജൂൺ മാസത്തോടെ 30000 കിലോമീറ്ററും പൂർത്തീകരിക്കുവാനുമാണ് ഇപ്പോൾ കേരള സർക്കാർ ലക്ഷ്യമിടുന്നത്.