ദില്ലി: 2024 ഓടെ രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം കൂടുമെന്ന് ധനമന്ത്രി. 100 പുതിയ വിമാനത്താവളങ്ങൾ കൂടി രാജ്യത്ത് ഉണ്ടാകുമെന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.  പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ പാസഞ്ചര്‍ ട്രെയിനുകൾ ഓടിക്കാനും പദ്ധതി ഉണ്ട്. 

പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താൻ കൂടുതൽ ട്രെയിനുകൾ ഉണ്ടാകും. 11000 കിലോമീറ്റര്‍ റെയിൽവെ ട്രാക്ക് വൈദ്യുതീകരിക്കും. റയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും.

550 വൈഫൈ റെയിൽവേ സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും. റെയിൽവേയിൽ സ്വകാര്യ വത്കരണം പ്രോത്സാപിപ്പിക്കുന്നതാണ് ബജറ്റ് പ്രഖ്യാപനം.  150 പാസഞ്ചർ ട്രെയിനുകൾ പിപിപി മോഡലിൽ ഓടിക്കാനാണ് പദ്ധതി.റെയിൽവേ സ്വകാര്യ വത്കരണം പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപനം സഭയിൽ ബഹളത്തിനും ഇടയാക്കി. 

 മുംബൈ - അഹമ്മദാബാദ് ഹൈ സ്പീഡ് ട്രെയിൻ ,148 കിലോമീറ്ററിൽ ബംഗളുരു സബർബൻ ട്രെയിൻ എന്നിവക്കും പദ്ധതിയുണ്ട്.  18600 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.  മെട്രോ പോലെ ഘട്ടം ഘട്ടമായാണ് പദ്ധതി നടക്കാക്കുന്നത്. ആകെ പദ്ധതി ചെലവിൽ 20 ശതമാനം ആണ് സർക്കാർ വഹിക്കുന്നത്. 

ദില്ലി മുംബൈ എക്സ്പ്രസ് വേയും മറ്റ് രണ്ട് പദ്ധതികളും 2023 ൽ പൂര്‍ത്തിയാക്കും.2021 ൽ ഗതാഗത മേഖലക്കായി 1.7 ലക്ഷം കോടി രൂപ നീക്കി വയ്ക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.