Asianet News MalayalamAsianet News Malayalam

വാവെയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കരുത് !: ഇന്ത്യയോട് നിലപാട് കടുപ്പിച്ച് അമേരിക്ക; പ്രതിസന്ധി കടുക്കുന്നു

കഴിഞ്ഞ മേയ് 27 ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിലാണ് യുഎസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും അമേരിക്കന്‍ ഉപകരണങ്ങളോ ടെക് സംവിധാനങ്ങളോ വാവെയ്ക്ക് ലഭ്യമായാല്‍ അതിന് ഉത്തരവാദി ഇന്ത്യയായിരിക്കുമെന്നും കത്തില്‍ യുഎസ് പറയുന്നത്. ഇതിനോട് ധൃതിപിടിച്ച മറുപടി വേണ്ടെന്ന നിലപാടാണ് ഇന്ത്യയ്ക്കുളളതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. 

us letter to India about huawei issues
Author
New Delhi, First Published Jun 20, 2019, 12:55 PM IST

ദില്ലി: അമേരിക്കയുടെ ഉല്‍പ്പന്നങ്ങള്‍ ചൈനയിലെ ടെലികോം കമ്പനിയായ വാവെയുമായി ഷെയര്‍ ചെയ്യരുതെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ചാരവൃത്തി ആരോപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചൈനീസ് കമ്പനിയായ വാവെയ്ക്കെതിരെ ഇന്ത്യയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദ്ദം ഉറപ്പാക്കാനാണ് അമേരിക്കയുടെ ശ്രമം. 

കഴിഞ്ഞ മേയ് 27 ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിലാണ് യുഎസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും അമേരിക്കന്‍ ഉപകരണങ്ങളോ ടെക് സംവിധാനങ്ങളോ വാവെയ്ക്ക് ലഭ്യമായാല്‍ അതിന് ഉത്തരവാദി ഇന്ത്യയായിരിക്കുമെന്നും കത്തില്‍ യുഎസ് പറയുന്നത്. ഇതിനോട് ധൃതിപിടിച്ച മറുപടി വേണ്ടെന്ന നിലപാടാണ് ഇന്ത്യയ്ക്കുളളതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. വാവെയ്ക്ക് നല്‍കരുതാത്ത ഉല്‍പ്പന്നങ്ങളുടെ വിശദാംശങ്ങളും യുഎസ് ഇന്ത്യയ്ക്ക് കൈമാറി. ചൈനീസ് രജിസ്ട്രേഷനുളള 35 കമ്പനികള്‍ ഉള്‍പ്പടെ വാവെയുടെ ശ്രീലങ്ക, പാകിസ്ഥാന്‍, ഹോങ്കോംഗ് എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഘടകങ്ങള്‍ യാതൊരു കാരണവശാലും കൈമാറരുതെന്നാണ് കത്തിലെ ഉളളടക്കം. 

മേയ് മാസം പ്രേഗില്‍ നടന്ന ടെലികോം ഉച്ചകോടിയില്‍ യുഎസ് അധികാരികളുമായി ഇന്ത്യ വാവെ പ്രതിസന്ധി ചര്‍ച്ച ചെയ്തിരുന്നു. യുഎസ്സിന്‍റെ കത്ത് ലഭിച്ച പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രാലയം ടെലികോം വകുപ്പ്, നിതി ആയോഗ്, ഐടി മന്ത്രാലയം, വാണിജ്യ വകുപ്പ് എന്നിവയുടെ അഭിപ്രായം തേടിയിട്ടുണ്ട്. യുഎസിന്‍റെ ഏതെങ്കിലും ഘടകം വാവെയ്ക്ക് കൈമാറിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു.  

Follow Us:
Download App:
  • android
  • ios