ദില്ലി/വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ആദ്യമായി ഇന്ത്യ സന്ദർശിക്കുമ്പോൾ ഇരുരാജ്യങ്ങളിലെയും വ്യവസായപ്രമുഖരും നയതന്ത്രവിദഗ്ധരും ഒരേ പോലെ പ്രതീക്ഷിച്ചിരുന്നത് ഒരു വ്യാപാരക്കരാറാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്ന കരാർ. 

''മോദിയെന്റെ അടുത്ത.. വളരെയടുത്ത സുഹൃത്താ''ണെന്ന് എപ്പോഴും പറയുന്ന ട്രംപ് അത്തരമൊരു കരാറിന് മടിക്കില്ലെന്നാണ് എല്ലാവരും വിലയിരുത്തിയിരുന്നതെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ ഒരു വ്യാപാരക്കരാർ പോയിട്ട്, അതിന്റെ കരട് പോലും തയ്യാറാക്കാൻ കഴിയാത്ത വിഷമവൃത്തത്തിലാണ് നിൽക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമെന്ന് കണക്കാക്കപ്പെടുന്ന അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് (അതിൽ സ്ഥിരീകരണമായിട്ടില്ല), ആഗ്രയും താജ്മഹലും കണ്ട്, ചില പ്രതിരോധക്കരാറുകളും ഒപ്പുവച്ച് ട്രംപ് മടങ്ങുമെന്നാണ് സൂചന. വെറും 36 മണിക്കൂർ മാത്രമാണ് ട്രംപ് ഇന്ത്യയിൽ തങ്ങുന്നത്. ഒപ്പം അമേരിക്കയുടെ ആദ്യവനിതയും ട്രംപിന്റെ ഭാര്യയുമായ മെലാനിയ ട്രംപ്, മകൾ ഇവാൻക ട്രംപ്, മരുമകനും വൈറ്റ് ഹൌസിന്റെ മുതിർന്ന ഉപദേശകനുമായ ജാരെദ് കുഷ്നെറും ഒരു സംഘം മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. ഇത്ര വലിയൊരു ഉദ്യോഗസ്ഥ സംഘം അമേരിക്കൻ പ്രസിഡന്റിനൊപ്പം ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യമായാണ്.

വിപുലമായ ഒരു വ്യാപാരക്കരാർ സാധ്യമായില്ലെങ്കിലും ഇതിന്റെ ആദ്യപടിയെന്ന നിലയിൽ ഇന്ത്യയും അമേരിക്കയും തമ്മിലൊരു മിനി വ്യാപാരക്കരാർ എങ്കിലും ഇത്തവണ ഒപ്പുവയ്ക്കാൻ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥവൃന്ദം ശ്രമിച്ചിരുന്നു. ഇന്ത്യയുടെ പാൽ, കാർഷികമേഖലകളിലേക്ക് അമേരിക്കയ്ക്ക് കൂടുതൽ പ്രവേശനം നൽകുന്നതാകും മിനി കരാറെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതല്ലാതെ, മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. അമേരിക്കയിൽ നിന്നുള്ള പാലിനും കാർഷികോത്പന്നങ്ങൾക്കും ഇന്ത്യയിലെ ഇറക്കുമതിച്ചുങ്കം കുറച്ചു കൊടുത്താൽ, അത് ഇന്ത്യയിലെ ക്ഷീരമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന വിമർശനങ്ങളും അതിനൊപ്പം വന്നു.

എന്നാൽ സന്ദർശന ദിവസങ്ങൾ അടുത്തപ്പോഴേക്ക് അത്തരമൊരു വ്യാപാരക്കരാറിനുള്ള സാധ്യത തീരെ മങ്ങി. അമേരിക്കൻ വ്യാപാരപ്രതിനിധി റോബർട്ട് ലൈറ്റ്ഹൈസർ ഇന്ത്യാ സന്ദർശനം റദ്ദാക്കിയപ്പോൾ പ്രത്യേകിച്ച്. കരാറുണ്ടാകില്ലെന്ന് അപ്പോഴേ വിദഗ്‍ധർ പ്രവചിച്ചു.

''ഇന്ത്യാ അമേരിക്ക വ്യാപാരക്കരാർ ഉണ്ടാകാം, പക്ഷേ ഇപ്പോഴല്ല, പിന്നീട്. അതൊരു വലിയ വ്യാപാരക്കരാറാകും'', എന്ന് ട്രംപ് തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.

എന്തായാലും ഈ വർഷം തന്നെ അമേരിക്ക തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ, ഒരു വ്യാപാരക്കരാർ പോലും ഒപ്പുവയ്ക്കാനാകാത്തത് അമേരിക്കയിലെ ഇന്ത്യൻ വ്യാപാരിസമൂഹത്തെ നിരാശരാക്കുമെന്ന് തീർച്ച.

എന്താണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രശ്നം?

ചൈന കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാരെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം, അത് അമേരിക്ക തന്നെയാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരക്ക് സേവന വ്യാപാരം മൊത്തം 142.6 ബില്യൺ യുഎസ് ഡോളറാണെന്നാണ് കണക്ക്. അതേസമയം, ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി രണ്ട് ബില്യൺ യുഎസ് ഡോളറിൽ നിന്ന് 25.2 ബില്യൺ യുഎസ് ഡോളറായി കൂടി എന്നതാണ് പ്രധാന പ്രശ്നം. 

ഒരു രാജ്യം മറ്റൊരു രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ആകെത്തുക, കയറ്റുമതിയേക്കാൾ കൂടുതലാകുന്നതിനാണ് വ്യാപാരക്കമ്മി എന്ന് പറയുന്നത്. വ്യാപാരക്കമ്മി കൂടുന്നത് ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന് ഗുണകരമല്ല. ഇന്ത്യയുടെയും അമേരിക്കയുടെയും സമ്പദ് വ്യവസ്ഥയും, ഇരുരാജ്യങ്ങളും തമ്മിലുള്ള കറൻസി വിനിമയ നിരക്കും പരിഗണിച്ചാൽ, ഇത് ഇന്ത്യക്ക് ലാഭകരമാണ് താനും.

പക്ഷേ, അമേരിക്കയ്ക്ക് ഇതിൽ കടുത്ത എതിർപ്പുണ്ട്. ഇന്ത്യ ലാഭമുണ്ടാക്കുമ്പോഴും അമേരിക്കയ്ക്ക് ഇറക്കുമതിച്ചുങ്കം കുറച്ചു കൊടുക്കാത്തതെന്ത് എന്നാണ് അവർ ചോദിക്കുന്നത്. ഇത് കാലങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഒരു തർക്കമാണെങ്കിലും ഇപ്പോഴീ തർക്കം ഇത്തിരി രൂക്ഷമാണ്.

ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് ഇന്ത്യ ഇറക്കുമതിച്ചുങ്കം കൂട്ടിയത് കണ്ടില്ലേ എന്ന് ട്രംപ് ഒരിക്കൽ തുറന്നടിച്ചത് തന്നെ ഒരു ഉദാഹരണം. 2007-ൽ ഇന്ത്യയുമായി ഒപ്പുവച്ച വ്യാപാരധാരണ അനുസരിച്ച്, ഇന്ത്യ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചു. പകരം, അമേരിക്ക ഇന്ത്യയിലെ മാങ്ങകൾ ഇറക്കുമതി ചെയ്യാനും തീരുമാനമായി. പക്ഷേ, ഇന്ത്യ ഹാർലി ഡേവിഡ്സണിന്റെ ഇറക്കുമതിച്ചുങ്കം തീരുമാനിച്ചത് 75 ശതമാനമാണ്. ട്രംപ് ഇതിനെ വിമർശിച്ചതോടെ, ചുങ്കം 50 ശതമാനമാക്കി ഇന്ത്യ. പക്ഷേ, ഇത്ര കുറച്ചാൽ പോരെന്ന് അമേരിക്ക പരാതിപ്പെട്ടു.

തിരിച്ചടിയെന്നോണം, അമേരിക്ക അലൂമിനിയം, സ്റ്റീൽ ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കൂട്ടി. അതിൽ ഇന്ത്യയും ഉൾപ്പെട്ടു. ഇന്ത്യ വീണ്ടും അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ആൽമണ്ട്, ചിക് പീ, ആപ്പിളുകൾ എന്നിവയുടെ ചുങ്കം കൂട്ടുമെന്ന് പ്രഖ്യാപിച്ചു. അത് നടപ്പാക്കുന്നതിന് മുമ്പേ, ഇന്ത്യൻ കയറ്റുമതികൾക്കുള്ള കുറഞ്ഞ ചുങ്കം എടുത്ത് കളയുകയാണെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. എങ്കിൽ പ്രഖ്യാപിച്ച ചുങ്കത്തിലെ വർദ്ധന നടപ്പാക്കുകയാണെന്ന് ഇന്ത്യയും അറിയിച്ചു.

ഇതോടൊപ്പം ഇന്ത്യ,അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങളുടെ കസ്റ്റം തീരുവയായിരുന്നു മറ്റൊരു പ്രശ്നം. കൊറോണറി സ്റ്റെന്റുകളുടെയും കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുള്ള കൃത്രിമ കാൽമുട്ടുകളുടെയും വിലയ്ക്ക് ഇന്ത്യ പരിധി ഏർപ്പെടുത്തിയതിനെ അമേരിക്ക എതിർത്തു.

എന്നാൽ, പാവപ്പെട്ട ജനങ്ങൾക്ക് മെഡിക്കൽ സഹായം കിട്ടാതാകരുതെന്നും, അതിനാലാണ് ഇതിന്റെ വിലയ്ക്ക് പരിധി നിശ്ചയിക്കുന്നതെന്നും, അങ്ങനെ നിശ്ചയിക്കാൻ അവകാശമുണ്ടെന്നും ഇന്ത്യ വാദിച്ചു.

പ്രതിരോധക്കരാറുകൾ ഉണ്ടാകും

എന്നാൽ ആകെ ഇപ്പോൾ ഒപ്പു വയ്ക്കുമെന്നുറപ്പായിരിക്കുന്നത് പ്രതിരോധക്കരാറുകളാണ്. അമേരിക്കൻ നിർമിത മിലിട്ടറി ഹെലിക്കോപ്റ്ററുകൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവയ്ക്കും. 2.6 ബില്യൺ അമേരിക്കൻ ഡോളർ ഇടപാടാകും ഇത്. 

''അമേരിക്കയെ ഇന്ത്യ നന്നായി പരിഗണിക്കുന്നൊന്നുമില്ല. പക്ഷേ, എനിക്ക് പ്രധാനമന്ത്രി മോദിയെ വലിയ ഇഷ്ടമാണ്'', എന്നാണ് ട്രംപ് പറഞ്ഞത്. ''ഒരു കോടി ആളുകൾ ഞങ്ങളെ സ്വീകരിക്കാൻ ഉണ്ടാകും വിമാനത്താവളത്തിൽ എന്നാണ് പറയുന്നത്. അത് ആവേശകരമാകുമല്ലോ'' എന്ന് ട്രംപ്. 

അങ്ങനെ, ട്രംപിന്റെ ആദ്യസന്ദർശനം അങ്ങനെ വെറുമൊരു ആവേശസ്വീകരണമായി മാത്രം അവസാനിക്കുമെന്ന് തന്നെയാണ് സൂചനകളും.