പോ‍ര്‍ബന്തര്‍: അഞ്ഞൂറ് കോടി രൂപയോളം വിലവരുന്ന മയക്കുമരുന്ന് ഉൽപ്പന്നങ്ങളുമായി ഒൻപത് ഇറാൻ സ്വദേശികൾ ഗുജറാത്തിൽ പിടിയിലായി. പോ‍ര്‍ബന്ത‍ര്‍ തീരത്തോട് ചേ‍ര്‍ന്ന് കടലിൽ വച്ചാണ് ഇവരെ പിടികൂടിയത്.  ഇന്ത്യൻ കോസ്റ്റ് ഗാ‍ഡ്, മറൈൻ ടാസ്ക് ഫോഴ്സ്, ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവരുടെ സംയുക്ത സംഘമാണ് ഇവരെ പിടികൂടിയത്.

പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ പ്രതികൾ ബോട്ടിന് തീയിട്ടു. എന്നാൽ ഇവര്‍ക്ക് രക്ഷപ്പെടാനായില്ല. ഇവരിൽ നിന്നും നാല് ബാഗുകളിലായി 100 കിലോയോളം തൂക്കം വരുന്ന ഹെറോയിൻ പിടികൂടി. പാക്കിസ്ഥാൻ തീരത്ത് നിന്നാവും ഇവ ബോട്ടിൽ കയറ്റിയതെന്നാണ് സംശയം. മുഹമ്മദ് അസ്ലം ദേവാലിയ എന്ന 39 കാരനാണ് സംഘത്തലവൻ. 

ബോട്ടിന് തീയിട്ടപ്പോൾ ഇവരുടെ തിരിച്ചറിയൽ രേഖകൾ കത്തിച്ചാമ്പലായി. അതോടെ ഇവരേത് നാട്ടുകാരാണെന്ന് വ്യക്തമായിട്ടില്ല. തങ്ങൾ ഇറാൻ സ്വദേശികളാണെന്ന് പൊലീസിനോട് പ്രതികൾ പറഞ്ഞെങ്കിലും ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് കടത്തിന് തടയിടാൻ സാധിച്ചത്. പ്രാഥമിക പരിശോധനയിൽ ബോട്ടിൽ കടത്താൻ ശ്രമിച്ച മുഴുവൻ ഹെറോയിനും പിടികൂടിയതായി വ്യക്തമായി.