Asianet News MalayalamAsianet News Malayalam

കെവിന്‍ വധക്കേസില്‍ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എസ്ഐക്ക് പിരിച്ചുവിടൽ നോട്ടീസ്

ഗാന്ധിനഗർ മുൻ എസ് ഐ എം എസ് ഷിബുവിന് പിരിച്ചുവിടൽ നോട്ടീസ് നൽകി. കൊച്ചി റെയ്ഞ്ച് ഐജി വിജയ് സാഖറെയാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യം.

action against police officers in kevin murder case
Author
Kottayam, First Published Feb 16, 2019, 3:52 PM IST

കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ എസ് ഐക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ മുന്‍ എസ് ഐ എം.എസ് ഷിബുവിനാണ് കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറെ നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

നട്ടാശ്ശേരി സ്വദേശി കെവിന്‍ ജോസഫിനെ കാണാനില്ലെന്ന് കാട്ടി അച്ഛന്‍ ജോസഫും ഭാര്യ നീനുവും നല്‍കിയ പരാതികളില്‍ ആദ്യ ദിവസം എസ് ഐ അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയ നീനുവിനോട്  വി ഐ പി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ് ഐ കയര്‍ത്തെന്നും പരാതി ഉയര്‍ന്നു. കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണത്തില്‍ വീഴ്ച്ച സ്ഥിരീകരിച്ചതോടെയാണ് എസ് ഐയെ പിരിച്ചു വിടാന്‍ തീരുമാനിച്ചത്.

ഇതിന്‍റെ ഭാഗമായാണ് നോട്ടീസ് നല്‍കിയത്. കെവിനെ തട്ടിക്കൊണ്ടു പോയെന്ന വിവരം അറിഞ്ഞിട്ടും, പ്രതികളെ കുറിച്ച് വിവരം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് ഗുരുതര അനാസ്ഥയാണെന്നാണ് കണ്ടെത്തല്‍. ഉച്ചക്ക് നാല് മണിയോട് എസ്പി നേരിട്ട് നിർദ്ദേശിച്ചിട്ടും തെന്മലയിലേക്ക് സംഘത്തെ വിട്ടില്ല.

കേസിലെ മുഖ്യ പ്രതി സാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ എസ് ഐ ബിജുവിനെ നേരത്തെ പിരിച്ചു വിട്ടിരുന്നു. പൊലീസ് ഡ്രൈവര്‍ അജയകുമാറിന്‍റെ മൂന്ന് വര്‍ഷത്തെ ഇന്‍ക്രിമെന്റും റദ്ദാക്കി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മുഖ്യമന്ത്രിയെ വ്യക്തമായി വിവരം ധരിപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് പി മുഹമ്മദ് റഫീഖിനെയും അന്ന് സ്ഥലം മാറ്റിയിരുന്നു. എസ് ഐ ഷിബുവിന് വിശദീകരണം നല്‍കാന്‍ പതിനഞ്ച് ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു ശേഷം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കും. 

Follow Us:
Download App:
  • android
  • ios