സ്ത്രീകളെ മോശമായി പരാമര്‍ശിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്ന് തങ്ങളുടെ ആരാധകരെ തടയേണ്ടതിന്‍റെ ഉത്തരവാദിത്തം സൂപ്പര്‍താരങ്ങള്‍ക്കാണെന്ന് നടി രഞ്ജിനി. ട്രോളുകള്‍ താനും ആസ്വദിക്കാറുണ്ടെന്നും എന്നാല്‍ സ്ത്രീകളെ നിസ്സാരമായി പരിഹസിച്ചുകൊണ്ടുള്ളവ അങ്ങനെ അവഗണിക്കാനാവില്ലെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് റിപ്പോർട്ടർ അമ്പിളി രഞ്ജിനിയുമായി നടത്തിയ അഭിമുഖം

അമ്പിളി: സ്ത്രീകളെ മോശമായി കാണിക്കുന്ന ട്രോളുകൾക്കെതിരെ താങ്കൾ ശക്തമായി പ്രതികരിച്ചിരുന്നു. എന്താണ് പറയാനുള്ളത്

രഞ്ജിനി: ഡീഗ്രേഡിംങ് ആണിവിടെ സംഭവിച്ചിരിക്കുന്നത്. കല്ല്യാണത്തിന് മുൻപ് ഒരു സ്ത്രീ ഇങ്ങനെയാണ് അവർ വിവാഹത്തിന് ശേഷം അങ്ങനെയാകും എന്നൊക്കെയുള്ള ആശയമാണത് നൽകുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങൾക്ക് തന്നെ തരം താഴ്ത്തപ്പെട്ടതായി തോന്നുന്നില്ലേ? ഈ ട്രോളുകളെല്ലാം ടാർഗറ്റ് ചെയ്യുന്നത് സ്ത്രീകളെയാണ്. അതിനെതിരെ ഒന്നും മിണ്ടാതെ അങ്ങനെയങ്ങ് പൊയ്ക്കോട്ടെ എന്ന് കരുതാനാകുമോ?

ഈ ട്രോളിലെ ആദ്യത്തെ പടം ചിത്രം എന്ന സിനിമയിൽ നിന്നെടുത്തതാണ്. രണ്ടാമത്തേത് എന്‍റെ പേർസണൽ അക്കൗണ്ടിൽ നിന്നും. അതെടുത്തവർക്കെതിരെ എനിക്ക് അപകീർത്തിയ്ക്ക് കേസെടുക്കാവുന്നതാണ്. ഞാനീ പറയുന്നത് സ്ത്രീ സമൂഹത്തിന് വേണ്ടിയാണ് അല്ലാതെ എനിക്ക് വേണ്ടിയല്ല. വിവാഹം ശേഷം വയസ്സായി തോന്നിക്കുന്ന പുരുഷന്മാരില്ലേ.. എനിക്ക് തന്നെ ഒത്തിരി പേരെ അറിയാം. എന്തുകൊണ്ട് അവരാരും ടാർഗറ്റ് ചെയ്യപ്പെടുന്നില്ല. 

"

ഇപ്പോൾ കേരളത്തിൽ സ്ത്രീസമത്വത്തിന് വേണ്ടിയുള്ള നിരവധി മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശമായാലും വനിതാമതിലായാലും അതിന്‍റെ ഉദാഹരണമാണ്. അത്തരത്തിലുള്ള ഒരു സ്റ്റേറ്റിലാണ് ട്രോളുകളിലും സ്ത്രീകൾക്ക് സുരക്ഷ കിട്ടാത്തത്. എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം ഈ നടന്മാരെന്താണ് ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത്. അവർക്ക് അത്തരത്തിലുള്ള ഉത്തരവാദിത്തമില്ലേ? ഞാൻ മാത്രമല്ല, മഞ്‍ജു വാര്യർ, പാർവ്വതി ഇവരൊക്കെ ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ട്. എന്നിട്ടും പുരുഷന്മാരായ താരങ്ങൾ എന്തുകൊണ്ട് മിണ്ടുന്നില്ല? ഇത്തരം ട്രോളുകൾ ഫെയ്സ്ബുക്ക് പേജിലെങ്കിലുമിട്ട് ഇങ്ങനെയുള്ള ഡീഗ്രേഡിംങ് തങ്ങൾ പ്രോത്സാഹിപ്പിക്കുകയില്ല എന്നെങ്കിലും അവർക്ക് പറയാം. പക്ഷേ അവർ ചുമ്മാ മിണ്ടാതിരിക്കുന്നു

അമ്പിളി: ട്രോളുകൾ തമാശരീതിയിലാണ് കാര്യങ്ങളെ കാണുന്നത്. അതേ ഒരു സെൻസിൽ എടുത്താൽ പോരെ എന്ന മറുചോദ്യവുമുയരുന്നുണ്ട്

രഞ്ജിനി: ഞാൻ ട്രോളുകൾക്കെതിരെ പറയുന്ന ഒരാളല്ലെന്ന് മാത്രമല്ല, ഞാനവ ആസ്വദിക്കാറുമുണ്ട്. ട്രോളുകൾ ഒരു പ്രത്യേക ജൻഡറിനെ ടാർഗറ്റ് ചെയ്യുന്നതിനെതിരെയാണ് ഞാൻ പറയുന്നത്. ഒരാളുടെ നിറത്തിനെയോ രൂപത്തിനെയോ വെച്ചല്ല ട്രോൾ ഉണ്ടാക്കേണ്ടത്. നോട്ടുനിരോധത്തിനെതിരായുള്ള ഒരു ട്രോൾ എനിക്ക് ആസ്വദിക്കാനാകും എന്നാൽ ഇത് അങ്ങനെയല്ല. അത് കൊണ്ടാണ് പ്രതികരിച്ചതും.