കൊച്ചി: മീൻകച്ചവടത്തിനു പുറമെ മീൻ കറി കച്ചവടവുമായി നടൻ ധർമ്മജൻ ബോൾഗാട്ടി. ആവശ്യക്കാർക്ക് മീൻ കറി വച്ച് വീട്ടിലെത്തിച്ചു കൊടുക്കുന്ന സംരംഭത്തിന് ധർമ്മജൻ കൊച്ചി പനന്പിള്ളി നഗറിൽ തുടക്കം കുറിച്ചു.

അഭിനയത്തിന് പുറമേ മത്സ്യവിൽപ്പനയിലും ഹിറ്റായ ധർമ്മജൻ ബോൾഗാട്ടി പാചക രംഗത്തും ഒരു കൈ നോക്കുകയാണ്. വിഷമില്ലാത്ത മത്സ്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കൊച്ചി അയ്യപ്പൻകാവിൽ മീൻ വ്യാപാരം തുടങ്ങി. സുഹൃത്തുക്കളും ഒപ്പം കൂടി.  നഗര ജീവിതത്തിലെ തിരക്കിനിടയിൽ പാചകം ചെയ്യാൻ സമയം കിട്ടാതെ വിഷമിക്കുന്ന വീട്ടമ്മമാർ തന്നെയാണ് മീൻ കറി വച്ചു കിട്ടിയാൽ സൗകര്യമായിരുന്നെന്ന ആവശ്യം ധർമ്മജനോട് പറഞ്ഞത്.

ഇതോടെ  ഒന്നാന്തരം മീൻ വിഭവങ്ങൾ ആവശ്യപ്പെടുന്നതിനുസരിച്ച് രുചിയോടെ തയ്യാറാക്കി നൽകാൻ തീരുമാനിച്ചു. പരമ്പരാഗത രീതിയിൽ മൺ ചട്ടിയിലാണ് കറി വയ്ക്കുന്നത്. പനമ്പിളളി നഗറിനു പുറമെ മറ്റ് ഫ്രൈഞ്ചൈസികളിലും മീൻ കറി ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. തന്റെ പുതിയ സംരംഭവും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ധർമ്മജൻ. സിനിമാ താരങ്ങളായ വിജയരാഘവൻ, ടിനി ടോം, രമേഷ് പിഷാരടി തുടങ്ങിയവരാണ് ധർമ്മോസ് ഫിഷ് ഹബ്ബിന്റെ ഫ്രഞ്ചൈസികൾക്ക് ചുക്കാൻ പിടിക്കുന്നത്.