കോട്ടയം: കെഎം മാണിക്ക് ശേഷം നേതൃസ്ഥാനത്തിലേക്ക് ആരാണെന്നതിനെ ചൊല്ലി കേരളാ കോൺഗ്രസിൽ അധികാര വടംവലി അതിരൂക്ഷമാകുന്നു. കേരളാ കോൺഗ്രസ് എം ഉണ്ടായ കാലം തൊട്ടിങ്ങോട്ട് കെഎം മാണിയാണ് പാർട്ടി ചെയർമാൻ. കെഎം മാണിയുടെ മരണം നടന്ന് ഒരു മാസത്തിന് ശേഷവും പകരം നേതാവിനെ പ്രഖ്യാപിക്കാൻ കേരളാ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. 

കെഎം മാണിക്ക് പകരം പിജെ ജോസഫ് പാർട്ടി ചെയർമാനാകണമെന്ന നിലപാട് ഒരു വിഭാഗം പ്രവർത്തകർക്ക് ഉണ്ട്. എന്നാൽ പിജെ ജോസഫിന്‍റെ കയ്യിലേക്ക് പാർട്ടിയുടെ താക്കോൽ സ്ഥാനം വച്ചുകൊടുക്കുന്നതിൽ ജോസ് കെ മാണിക്ക് ശക്തമായ വിയോജിപ്പ് ഉണ്ട്. പിജെ ജോസഫിനെ പരമാവധി ഒഴിവാക്കി നിർത്താൻ തന്നെയാണ് ജോസ് കെ മാണി വിഭാഗം ലക്ഷ്യമിടുന്നതും.

 നേതൃസ്ഥാനത്തിൽ ധാരണയാകാത്തതിനാലാണ് കെഎം മാണിയുട വിയോഗ ശേഷം ഒരു മാസം പിന്നിട്ടിട്ടും കേരളാ കോൺഗ്രസ് അനുസ്മരണ സമ്മേളനം പോലും നടത്താത്തതെന്നും ആക്ഷേപമുണ്ട്. പാലായിൽ യൂത്ത് ഫ്രണ്ട് പ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ നിന്നും ജോസ് കെ മാണി അവസാന നിമിഷം വിട്ടു നിന്നു. 

അതിനിടെ പിജെ ജോസഫിനെ വിമർശിച്ച് പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ വന്ന ലേഖനത്തെ ചൊല്ലിയും അമർഷം പുകയുകയാണ്. ബാർകോഴ കേസിൽ പ്രതിഷേധിച്ച് എല്ലാവരും രാജി വക്കാൻ കെഎം മാണി തീരുമാനിച്ചെങ്കിലും പിജെ ജോസഫ് പാർട്ടി തീരുമാനത്തിന് ഒപ്പം നിന്നില്ലെന്ന വിമർശനത്തോട് ജോസഫ് പ്രതികരിച്ചില്ല. എന്നാൽ ലേഖനം പാർട്ടിയുടെ അറിവോടെയല്ലെന്ന നിലപാടാണ് സിഎഫ് തോമസ് അടക്കമുള്ളവർ സ്വീകരിച്ചത്. 

കെഎം മാണിയുടെ വിയോഗത്തോടെ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് പിജെ ജോസഫിനെ പരിഗണിക്കണമെന്ന് മോൻസ് ജോസഫ് അടക്കം ജോസഫ് വിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞു. 27 ന് നിയമസഭാ സമ്മേളനം തുടങ്ങും മുമ്പ് ഇക്കാര്യത്തിൽ ധാരണയുണ്ടാക്കാൻ പാർട്ടി നിർബന്ധിതരാകും. പിജെ ജോസഫുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് ജോസ് കെ മാണി തീരുമാനിക്കുന്നതെങ്കിൽ  പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനം ജോസഫിന് നൽകി ഒത്തു തീർപ്പിനാകും ശ്രമം നടക്കുക. 

പാർട്ടിയുടെ നേതൃ സ്ഥാനം കൈവിടാതെ ജോസ് കെ മാണി തന്നെ ചെയർമാൻ പദവിയിലെത്താൻ തന്നെയാണ് നിലവിലെ സാധ്യത. എന്നാൽ സ്ഥാനാർത്ഥിത്വമടക്കം കാര്യങ്ങളിൽ ഇടഞ്ഞു നിൽക്കുന്ന പിജെ ജോസഫ് ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തുടർ തീരുമാനങ്ങളാകാമെന്ന നിലപാടിലുമാണ്.